Asianet News MalayalamAsianet News Malayalam

ആയോധനകല പഠിച്ചു തുടങ്ങിയതോടെയാണ് പുരുഷന്മാരെ പേടിയില്ലാതായത് ; ശ്രദ്ധേയമായി കുറിപ്പ്

പക്ഷെ, അത്തരം സംഭവം വീണ്ടും ആവര്‍ത്തിച്ചു. അതെന്‍റെ ഒമ്പതാം ക്ലാസില്‍ വെച്ചായിരുന്നു. ടേബിള്‍ ടെന്നീസ് ക്ലാസിന് ചേര്‍ന്നതായിരുന്നു. പക്ഷെ, കോച്ച് വളരെ മോശം ഒരാളായിരുന്നു. 

humans of bombay facebook post experience of a women
Author
Bombay, First Published May 18, 2019, 6:25 PM IST

തുറന്ന് സംസാരിക്കുമ്പോഴാണ് അറിയാന്‍ കഴിയുക. ഓരോ സ്ത്രീയും അവരുടെ ജീവിതത്തില്‍ അതിജീവിക്കേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച്. വളരെ ചെറുപ്രായത്തില്‍ തന്നെ ചൂഷണമനുഭവിക്കേണ്ടി വന്നവരാകും മിക്ക പെണ്‍കുട്ടികളും. അത് പരിചിതരില്‍ നിന്നോ, അപരിചിതരില്‍ നിന്നോ, അടുത്ത ബന്ധുക്കളില്‍ നിന്നോ ഒക്കെയാകാം. പക്ഷെ, ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലാതെ ആ പ്രയാസങ്ങളെ വര്‍ഷങ്ങളോളും സഹിക്കുകയാണ് പല സ്ത്രീകളും ചെയ്യാറ്.

ആ ചൂഷണങ്ങളെ എതിരിടാന്‍ മാനസികവും ശാരീരികവുമായ കരുത്തുണ്ടായേ തീരൂ. അത്തരം ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലൂടെ ഈ യുവതി. കുട്ടിയായിരിക്കുമ്പോള്‍ പ്രദേശത്തെ പാല്‍ക്കാരനില്‍ നിന്നും പിന്നീട് ടെന്നീസ് പരിശീലകനില്‍ നിന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ച് ഇവര്‍ പറയുന്നുണ്ട്. അന്ന്, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു.

പക്ഷെ, ഞങ്ങളാരും ആരോടും ഒന്നും പറയാന്‍ ധൈര്യപ്പെട്ടില്ല 

എന്നാല്‍, ടി വിയില്‍ 'ക്രൈം പട്രോള്‍' എന്ന പരിപാടി തുടങ്ങിപ്പോഴാണ് അച്ഛന്‍ തന്നോട് ആയോധന കല അഭ്യസിക്കാന്‍ പറയുന്നത്. അത് തനിക്ക് മാനസികവും ശാരീരികവുമായ കരുത്ത് തന്നു. ഇന്ന് താന്‍ അറുന്നൂറിലേറെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ ഈ കുട്ടികളെല്ലാം തന്നെ തിരികെ വേണ്ട പോലെ പ്രതികരിക്കും എന്ന ധൈര്യത്തില്‍ താന്‍ ഉറങ്ങുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. 

വ്യത്യസ്തമായ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന പേജാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ.'

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 
അത് സംഭവിക്കുമ്പോള്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പക്ഷെ, ഇന്നലെ എന്നതുപോലെ അതെന്‍റെ മനസ്സിലുണ്ട്. ഒരു ദിവസം രാവിലെ വീട്ടിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയതായിരുന്നു ഞാന്‍. ആ പ്രദേശത്ത് പാല്‍ വില്‍ക്കുന്നയാളും അതേ ലിഫ്റ്റില്‍ കയറി. എനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. കാരണം, അയാളെ ഞാന്‍ ദിവസവും കാണാറുണ്ടായിരുന്നു. അയാള്‍ നമുക്കെല്ലാം പരിചിതനായിരുന്നു. പക്ഷെ, ലിഫ്റ്റില്‍ വെച്ച് അയാളെന്‍റെ ഫ്രോക്കിനടിയിലൂടെ കയ്യിട്ടു. 

ഞാന്‍ പെട്ടെന്ന് തന്നെ പിറകോട്ട് മാറി. പക്ഷെ, ആ ലിഫ്റ്റിനുള്ളില്‍ ഒത്തിരി പിറകോട്ട് പോവാനിടമില്ലായിരുന്നു. പക്ഷെ, ഭാഗ്യമെന്നോണം അപ്പോഴേക്കും ലിഫ്റ്റ് എന്‍റെ വീടുള്ള നിലയിലെത്തിയിരുന്നു. ഞാന്‍ ഓടിയിറങ്ങി. ഞാന്‍ പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. ഞാന്‍ ചീത്തയായതുപോലെ എനിക്ക് തോന്നി. പക്ഷെ, ഞാനിതാരോടും പറഞ്ഞില്ല. കാരണം, എനിക്ക് ഭയമായിരുന്നു. ആരെയെങ്കിലും അറിയിച്ചു കഴിഞ്ഞാല്‍ അയാളെന്നെ എന്തെങ്കിലും ചെയ്യുമോയെന്ന്. അങ്ങനെ ഞാനത് ഭയത്തോടെ വിടാന്‍ തീരുമാനിച്ചു.

പക്ഷെ, അത്തരം സംഭവം വീണ്ടും ആവര്‍ത്തിച്ചു. അതെന്‍റെ ഒമ്പതാം ക്ലാസില്‍ വെച്ചായിരുന്നു. ടേബിള്‍ ടെന്നീസ് ക്ലാസിന് ചേര്‍ന്നതായിരുന്നു. പക്ഷെ, കോച്ച് വളരെ മോശം ഒരാളായിരുന്നു. അയാള്‍ എന്നോട് വളരെ മോശമായി പെരുമാറി. എന്നോട് എന്നല്ല അവിടെയെത്തുന്ന പെണ്‍കുട്ടികളോട്.. പക്ഷെ, ഞങ്ങളാരും ആരോടും ഒന്നും പറയാന്‍ ധൈര്യപ്പെട്ടില്ല. കാരണം, ഞങ്ങളില്‍ പലര്‍ക്കും അന്നറിയില്ലായിരുന്നു അത് മോശമാണെന്ന്. കുറേയേറെ വര്‍ഷം ഞാന്‍ കരുതിയിരുന്നത് പോലും ഇതെല്ലാം എന്‍റെ തെറ്റാണ് എന്നായിരുന്നു. അന്ന് ആരും ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നില്ല. സ്കൂളില്‍ പോലും നമുക്ക് ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പതിനഞ്ചാമത്തെ വയസ്സെങ്കിലും ആകേണ്ടി വന്നു എനിക്ക് ഞാന്‍ അന്ന് അനുഭവിച്ചത് ലൈംഗിക ചൂഷണമാണ് എന്ന് തിരിച്ചറിയുന്നതിന്. 

ഇന്ന് ഞാന്‍ അറുന്നൂറിലേറെ കുട്ടികളെ ആയോധന കല പരിശീലിപ്പിക്കുന്നു

ആ സമയത്താണ് ടി വിയില്‍ 'ക്രൈം പട്രോള്‍' എന്ന പരിപാടി തുടങ്ങുന്നത്. അത് എന്‍റെ അച്ഛനെ ആകെ ടെന്‍ഷനിലാക്കി. അങ്ങനെയാണ് അച്ഛനെന്നോട് ഏതെങ്കിലും ആയോധനകല പഠിക്കണം എന്ന് പറയുന്നത്. ആദ്യമൊക്കെ വെറുതെ ചെല്ലുന്നത് പോലെയായിരുന്ന ക്ലാസില്‍ പക്ഷെ, അതെന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് മനസിലായപ്പോള്‍ എനിക്ക് കൂടുതല്‍ താല്‍പര്യമായി. ഒരു അനുഭവം അത് തെളിയിക്കുകയും ചെയ്തു. ഒരിക്കല്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ഒരാളെന്നോട് മോശമായി പെരുമാറി. ഞാന്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്നെ അയാളോട് പ്രതികരിക്കുകയും ചെയ്തു. അയാള്‍ അപമാനിതനായി. 

എനിക്ക് തോന്നിയത് അവസാനം ഞാന്‍ സമാധാനം കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഞാന്‍ നിസ്സഹായ അല്ല, എനിക്ക് കരുത്തുണ്ട് എന്ന് തോന്നി. തിരികെ പ്രതികരിക്കാനുള്ള കരുത്ത്. സ്ത്രീകളെ വെറും വസ്തുക്കള്‍ മാത്രമായി കാണുന്ന പുരുഷന്മാരെ എതിര്‍ക്കാനുള്ള കരുത്ത്. അങ്ങനെ ഞാന്‍ എന്‍റെ മനസ്സും ശരീരവും മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കാനായി നല്‍കി, പിന്നീട് പഠിപ്പിക്കാനും. ഇന്ന് ഞാന്‍ അറുന്നൂറിലേറെ കുട്ടികളെ ആയോധന കല പരിശീലിപ്പിക്കുന്നു. അവരോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ തിരികെ പ്രതികരിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട് എന്ന ധൈര്യത്തില്‍ എനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നു. 

(കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ)

Follow Us:
Download App:
  • android
  • ios