Asianet News MalayalamAsianet News Malayalam

'ചോക്കുകൊണ്ട് ടീച്ചര്‍ എന്‍റെ മുഖത്ത് മൊത്തം വരച്ചു, ആ മുഖവും വെച്ച് ക്ലാസിലൂടെ നടത്തിച്ചു, വെളുത്ത കുട്ടിയോട് നിങ്ങളിത് ചെയ്യുമോ?'

ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി ആനന്ദ് ഞാനെന്ന വ്യക്തിയെ ഇഷ്ടപ്പെടുന്ന ആളാണ്. അല്ലാതെ എന്‍റെ രൂപമോ ഒന്നും കാര്യമാക്കുന്ന ആളല്ല എന്ന്. 

humans of bombay post experience
Author
Bombay, First Published Jul 3, 2019, 3:08 PM IST

മുംബൈ: നിറമൊക്കെ ഒരു പ്രശ്നമാണോ? വ്യക്തിയാണ് പ്രധാനം ഇതൊക്കെ സ്ഥിരം കേള്‍ക്കുന്നവയാണ്. പക്ഷെ, യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊക്കെ നടപ്പിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. നിറത്തിന്‍റേയും തടിയുടേയും പേരില്‍ അപമാനിക്കപ്പെടുന്നത് എത്രപേരാണ്? പല്ലുമാത്രമേ കാണൂ, കാക്ക കുളിച്ചാല്‍ കൊക്കാകുമോ? തുടങ്ങി നിര്‍ദ്ദോഷമെന്ന് കരുതി പറയുന്ന പല തമാശകളും തമാശകളല്ല. കൃത്യമായ ബോഡി ഷേമിങ്ങാണ്.

ഇവിടെ ഹ്യുമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവെച്ചിരിക്കുന്ന അനുഭവവും അത്തരത്തിലൊന്നാണ്. കറുത്ത നിറമായതിന്‍റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ കേട്ടാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. പക്ഷെ, അത് സത്യമാണ്. ഇങ്ങനെയൊക്കെയാണ് നമ്മുടെ സമൂഹം. പക്ഷെ, അതിനെയൊക്കെ ചിരിയോടെ നേരിടാന്‍ തുടങ്ങിയാല്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല. അത്തരം ഒരു അനുഭവമാണിത്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 
എനിക്കോര്‍മ്മയുണ്ട്. ഞാനന്ന് സെക്കന്‍റ് ഗ്രേഡിലാണ്. ഒരു തമാശയ്ക്ക് ഞാന്‍ ബ്ലാക്ക്ബോര്‍ഡില്‍ ഡൂഡില്‍ വരച്ചതാണ്. പക്ഷെ, ഞാനത് മായ്ച്ച് കളയും മുമ്പ് ടീച്ചര്‍ വന്നു. ബോര്‍ഡില്‍ വരച്ചതിനുള്ള ശിക്ഷയായി അവരെന്‍റെ മുഖത്ത് ചോക്ക് കൊണ്ട് നിറയെ വരഞ്ഞു, പിന്നെ ക്ലാസിലൂടെ മൊത്തം നടക്കാന്‍ പറഞ്ഞു. എന്നെ അങ്ങേയറ്റം വേദനിപ്പിച്ച അനുഭവമായിരുന്നു അത്. എനിക്കുറപ്പുണ്ടായിരുന്നു ഞാന്‍ വെളുത്ത നിറമുള്ള കുട്ടിയായിരുന്നുവെങ്കില്‍ ടീച്ചറത് ചെയ്യില്ലായിരുന്നു. വളരുന്തോറും എനിക്ക് കൂട്ടുകാരില്ലാതായി. കാരണം, എന്‍റെ നിറം തന്നെയായിരുന്നു. പലപ്പോഴും മറ്റുള്ളവരോട് സംസാരിക്കാന്‍ പോകുമ്പോള്‍ അവരുടെ മുഖത്തെ താല്‍പര്യമില്ലായ്മ എനിക്ക് തിരിച്ചറിയാമായിരുന്നു. എന്‍റെ കുടുംബവും എന്നെ വേറെയാണ് കണ്ടിരുന്നത്. കാണാന്‍ കൊള്ളുന്നതാവാന്‍ പരീക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളും അവര്‍ എനിക്ക് പറഞ്ഞു തന്ന് തുടങ്ങി. അത് കേട്ട് കേട്ട് എനിക്ക് മടുത്തിരുന്നു. 

ഒരിക്കല്‍ സഹോദരനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. അവനെന്നെക്കാള്‍ വെളുത്തിട്ടായിരുന്നു. കണ്ടക്ടര്‍ എന്തുകൊണ്ടോ അവനെന്‍റെ സഹോദരനാണ് എന്ന് വിശ്വസിച്ചില്ല. മാത്രവുമല്ല എല്ലാവരും കാണ്‍കെ എന്നെ ആ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയും അപ്പുറത്തെ സീറ്റിലിരുന്ന ഇരുണ്ട നിറത്തിലുള്ള ആളുടെ അടുത്ത് ഇരുത്തുകയും ചെയ്തു. തൊലിയുടെ നിറം വെച്ച് അതായിരിക്കും എന്‍റെ സഹോദരനെന്നും പറഞ്ഞു. തൊലിയുടെ നിറം കാരണം ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. 

പക്ഷെ, ആ വിഷമങ്ങള്‍ക്കെല്ലാം അറുതി വന്നു. പള്ളിയിലേക്കുള്ള യാത്രയിലാണ് ഞാന്‍ ആനന്ദിനെ കണ്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്നെ സംബന്ധിച്ച് അത്. പക്ഷെ, നമ്മള്‍ പരസ്പരം സംസാരിച്ചേയില്ല. ഒരിക്കല്‍ ചോദിച്ചപ്പോഴാണ് മനസിലായത് ആനന്ദ് എന്‍റെ അയല്‍വക്കത്ത് തന്നെയാണ് താമസിക്കുന്നത് എന്ന്. പിറ്റേദിവസം ഓര്‍ക്കൂട്ടില്‍ ഒരു റിക്വസ്റ്റ് വന്നു എനിക്ക്. 

ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി ആനന്ദ് ഞാനെന്ന വ്യക്തിയെ ഇഷ്ടപ്പെടുന്ന ആളാണ്. അല്ലാതെ എന്‍റെ രൂപമോ ഒന്നും കാര്യമാക്കുന്ന ആളല്ല എന്ന്. ആനന്ദാണ് ഒന്നിനേയും പേടിക്കേണ്ടതില്ല എന്ന ധൈര്യം എനിക്ക് തരുന്നത്. പയ്യപ്പയ്യെ ഞങ്ങളുടെ മെസ്സേജുകള്‍ ഫോണിലൂടെയുള്ള വലിയ സംഭാഷണങ്ങളിലേക്ക് നീണ്ടുതുടങ്ങി. നേരില്‍ കാണാനും മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിക്കാനും തുടങ്ങി ഞങ്ങള്‍. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. 

എനിക്കോര്‍മ്മയുണ്ട്. ആനന്ദിന്‍റെ അമ്മയൊഴികെ എല്ലാവരും എന്നേക്കാള്‍ നല്ലൊരു പെണ്ണിനെ ആനന്ദിന് കിട്ടും എന്ന് പറഞ്ഞവരാണ്. പക്ഷെ, ആനന്ദ് അതൊന്നും ശ്രദ്ധിച്ചില്ല. എന്നെപ്പോലൊരാളെ കിട്ടിയത് ഭാഗ്യമാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ വിവാഹിതരായി. 

humans of bombay post experience

ചിലരെങ്കിലും ഞങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിനോട് ചില ചോദ്യങ്ങളൊക്കെ ചോദിക്കാറുണ്ട്. പക്ഷെ, അതൊന്നും നമുക്ക് വിഷയമായിരുന്നില്ല. ഞങ്ങളുടെ കുഞ്ഞുലോകത്ത് ഞങ്ങള്‍ സന്തോഷമുള്ളവരായിരുന്നു. പെട്ടെന്ന് തന്നെ മകന്‍ റയാന്‍ ജനിച്ചു. അപ്പോഴും പലരും പറഞ്ഞു എന്‍റെ നിറം അവന് കിട്ടാത്തത് നന്നായി എന്ന്. 

അപ്പോഴാണ് എനിക്ക് മനസിലാവുന്നത് ഞാനെല്ലായ്പ്പോഴും വിലയിരുത്തപ്പെടുന്നു, മനുഷ്യരെപ്പോഴും വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയുകയും എനിക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ഈ ലോകം എല്ലായ്പ്പോഴും എനിക്കെതിര് തന്നെ. അതിനെ മാറ്റാന്‍ എനിക്ക് കഴിയില്ല. പക്ഷെ, ഞാനെങ്ങനെ പ്രതികരിക്കണം എന്നത് എനിക്ക് തീരുമാനിക്കാം. ദേഷ്യമോ വെറുപ്പോ ഒന്നിനും മാറ്റമുണ്ടാക്കില്ല. പക്ഷെ, ഞാനത് അംഗീകരിക്കുന്നതും സ്വയം സ്നേഹിക്കുന്നതും എന്തെങ്കിലും മാറ്റമുണ്ടാക്കും. അത് നല്ല തുടക്കമെങ്കിലും ആകും. 
 

Follow Us:
Download App:
  • android
  • ios