മുംബൈ: പലതരം ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് പേജാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. ഇത്തവണ പൂജ ഖന്ന എന്ന അമ്മയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ഹ്യുമന്‍സ് ഓഫ് ബോംബെ പങ്കുവെക്കുന്നത്. അവരുടെ മകള്‍ നോറ, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞാണ്. 

നോറ മറ്റ് മനുഷ്യരോട് ഇടപഴകാനും എപ്പോഴും ചിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവള്‍ സോഷ്യലായി വളരണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ഓരോ തവണ മറ്റ് കുട്ടികള്‍ക്കൊപ്പം വിടുമ്പോഴും അവരുടെ അമ്മമാര്‍ എന്‍റെ കുഞ്ഞിനെ അവരുടെ മക്കളില്‍ നിന്നും അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ അസുഖം പകരുമോ? ഇവളെപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്നു. പക്ഷെ, എന്‍റെ കുഞ്ഞിന്‍റെ ചിരി ഈ ലോകത്തോട് പൊരുതാനെനിക്ക് ശക്തി തരുന്നു എന്നാണ് നോറയുടെ അമ്മ എഴുതുന്നത്. 

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്: 
ഞാനും എന്‍റെ ഭര്‍ത്താവും എപ്പോഴും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നു. ആദ്യമായി ഞാന്‍ ഗര്‍ഭിണിയായപ്പോള്‍ ഞങ്ങളെല്ലാവരും വളരെ സന്തോഷിച്ചു. പുതിയൊരാളെ വീട്ടിലേക്ക് വരവേല്‍ക്കാന്‍ സന്തോഷത്തോടെ കാത്തിരുന്നു. പക്ഷെ, ആ ഗര്‍ഭം അലസിപ്പോയി. ഞങ്ങള്‍ നിരാശരായി. പ്രതീക്ഷ നഷ്ടപ്പെട്ടു. അപ്പോഴും ഞാനൊരമ്മയാവാന്‍ ആഗ്രഹിച്ചിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയായി 34 ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, പെട്ടെന്ന് എനിക്കെന്തോ ബുദ്ധിമുട്ട് തോന്നി. നേരെ ഹോസ്പിറ്റലില്‍ എത്തിച്ചു. അത് പ്രസവ വേദനയായിരുന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും ഞാന്‍ കുഞ്ഞിനായുള്ള ആകാംക്ഷയിലായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. കുഞ്ഞിന്‍റെ ആദ്യ കരച്ചില്‍ മാത്രമേ എന്‍റെ ഓര്‍മ്മയിലുള്ളൂ. പക്ഷെ, കുഞ്ഞിനെ എന്‍ ഐ സി യു -വിലേക്ക് മാറ്റുകയാണ് എന്ന് അവരെന്നോട് പറഞ്ഞു. മാസം തികയാതെ പ്രസവിച്ച കുഞ്ഞായിരുന്നു അവള്‍. അവളെ കാണാമല്ലോ രാവിലെ എന്ന ഒറ്റ ചിന്തയോടെയാണ് ഞാനുറങ്ങിയത്. 

രാവിലെ ഞാനും ഭര്‍ത്താവും എന്‍ ഐ സി യുവിലെത്തി. ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു, കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം ഉണ്ടായെന്ന് അവര്‍ ഭയക്കുന്നതായി. ഞാനാകെ മരവിച്ചു പോയി. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥ. അവസാനം ഞങ്ങളുടെ മകളെ നോറയെ എന്‍റെ കയ്യില്‍ കിട്ടി. പിന്നീട് വന്ന ദിവസങ്ങളില്‍ ഞാനാകെ വേദനയിലായിരുന്നു. എനിക്ക് അവളെ കുറിച്ച് വേവലാതിയുണ്ടായിരുന്നു. ഓരോ ദിവസവും അവളെ എങ്ങനെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ നമുക്ക് ഉപദേശം തന്നുകൊണ്ടിരുന്നു. 

വീട്ടിലെത്തിയ ശേഷം ഞാനും ഭര്‍ത്താവും മാറി മാറി അവളെ പരിചരിച്ചു. ഓരോ തവണയും അവളെ നോക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. ഒരിക്കല്‍ ഞാനും ഭര്‍ത്താവും ആകെ തകര്‍ന്നിരിക്കുകയായിരുന്നു. ഞാന്‍ കരഞ്ഞുപോയി. ഞാന്‍ കരയുന്നത് കണ്ടതോടെ അവളെന്‍റെ മുഖത്ത് തന്നെ നോക്കി. അവള്‍ക്ക് മനസിലായി എന്നെ എന്തോ അലട്ടുന്നുവെന്ന്. ഞാന്‍ വേദനയില്ലാതെ ഇരിക്കാന്‍ എന്ത് ചെയ്യണെമന്നും അവള്‍ക്കറിയാമായിരുന്നു. ആ സമയത്ത് എനിക്ക് മനസിലായി അവള്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള ഒരു കുട്ടി മാത്രമല്ല, അതിനുമപ്പുറം എന്തോ ആണെന്ന്. നമ്മളെ മനസിലാകാന്‍ പറ്റുന്നത്രയും ഉയരെ. 

നോറയെ കുറച്ചു കൂടി സോഷ്യലാക്കി വളര്‍ത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഓരോ തവണ മറ്റ് കുട്ടികള്‍ക്കൊപ്പം വിടുമ്പോഴും അവരുടെ അമ്മമാര്‍ ആ കുട്ടികളെ അവളില്‍ നിന്നും അകറ്റി നിര്‍ത്തി. ഈ അസുഖം പകരുമോ? ഇവളെപ്പോഴും ഇങ്ങനെ തന്നെയായിരിക്കുമോ? എന്നൊക്കെ അവരെന്നോട് ചോദിക്കും. എന്‍റെ കുഞ്ഞ് അവളുടേതല്ലാത്ത കുറ്റം കൊണ്ട് ഒറ്റപ്പെടുന്നത് കാണുമ്പോള്‍ എനിക്ക് വേദനിക്കും. 

പക്ഷെ, അവളുടെ മുഖത്തെ ചിരി കാണുമ്പോള്‍ ഞാനതെല്ലാം മറക്കും. അവള്‍ ഓക്കേ ആണെന്ന് തിരിച്ചറിയും. അവള്‍ അപ്സെറ്റായിരിക്കാറേയില്ല. അവളെപ്പോഴും ചിരിക്കുകയും മറ്റുള്ളവരെ കാണാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതാണ് എനിക്കീ ലോകത്തോടു പൊരുതാനുള്ള ശക്തി തരുന്നത്. ഈ ഭൂമി അവള്‍ക്ക് ജീവിക്കാവുന്ന നല്ലൊരിടമാക്കണം. അവളും മറ്റെല്ലാവരേയും പോലെ തന്നെയാണ്, ഒരല്‍പം പ്രകാശം കൂടുതലേയുള്ളൂവെന്ന് എല്ലാവരും അറിയണം.

കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ