സാധാരണ ശാന്തമായ ഷെംഗാങ്ങിലെ ടിങ്‌ടിബി പട്ടണം ഇന്ന് വളരെ ആവേശത്തിലാണ്. കാരണം, ഇവിടെയിന്ന് പക്ഷികളുടെ ഉത്സവം നടക്കുകയാണ്. ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് ഈ ചെറുപട്ടണം. അത് ആ ആഘോഷങ്ങളിലും വ്യക്തമാണ്. എല്ലാവരും ആഘോഷത്തിമിര്‍പ്പിലാണ്. പക്ഷേ, ആ ആഘോഷങ്ങൾക്കിടയിൽ നീണ്ടുമെലിഞ്ഞ ഒരാൾ, സ്റ്റഫ് ചെയ്ത ഒരു ആനയുടെയും അതിന്‍റെ കുട്ടിയുടെയും മുന്നിൽ ദുഖിച്ചു നില്‍ക്കുന്നതു കാണാം. 58 -കാരനായ കർമ്മ എന്ന വേട്ടക്കാരനാണത്. അയാളുടെ വേദനിക്കുന്ന മുഖത്തിനുപിന്നില്‍ ഒരു കഥയുണ്ട്. ഒരു വേട്ടക്കാരന്‍റെ തിരിച്ചറിവിന്‍റെ കഥയാണത്.    

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ്, അന്ന് കർമ്മ തന്‍റെ  ഗ്രാമത്തിന് സമീപത്തുവെച്ച് ഒരു കുട്ടിയാനയെ വെടിവച്ചു കൊന്നു. "ഒരപകടമായിരുന്നു അത്. സത്യത്തില്‍ ഞാന്‍ ലക്ഷ്യം വച്ചത് ആ കുട്ടിയാനയെ ആയിരുന്നില്ല. അതിന്‍റെ അച്ഛനെയായിരുന്നു. പക്ഷേ, അച്ഛന്‍റെ തുമ്പിക്കയ്യില്‍വെച്ച ലക്ഷ്യമാണ് മാറിപ്പോയത്.” എന്നാണ് തന്നെ തിരിച്ചറിവിന്‍റെ പാതയിലേക്ക് നയിച്ച ആ വേട്ടയെ കുറിച്ച് കര്‍മ്മ പറയുന്നത്. ഏറ്റവും സമർത്ഥനായ വേട്ടക്കാരനെന്ന് തന്നെ അറിയപ്പെട്ട കര്‍മ്മ ഒട്ടേറെ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ട് തന്‍റെ പൂര്‍വകാലത്ത്. അതില്‍, മാൻ, കാട്ടുപന്നി, കരടി, കാട്ടുപോത്ത്, കുരങ്ങുകൾ, ആന എന്നിവയെല്ലാം പെടുന്നു. “ഞാൻ മൃഗങ്ങളെ കൊന്നത് വിനോദത്തിനായിട്ടായിരുന്നില്ല. മറിച്ച്, എന്‍റെ  കുടുംബത്തെ പോറ്റാനായിരുന്നു.” എന്നാണ് കര്‍മ്മ പറയുന്നത്. കൃഷിയിൽനിന്നും വേണ്ടത്ര വരുമാനമില്ലാത്തതിനാൽ അദ്ദേഹത്തിനും ഗ്രാമത്തിലെ മറ്റു പലരെയും പോലെ പണത്തിനായി ആയുധങ്ങൾ എടുത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടേണ്ടിവന്നു. ഒരിക്കൽ കാട്ടുപന്നിയെ വേട്ടയാടുന്നതിനിടയിൽ കർമ്മക്കു തന്‍റെ ചെറുവിരൽ നഷ്ടമായി. പിന്നീട് പലപ്പോഴും അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. അതിന്‍റെ വേദന ആ ശരീരത്തിൽ ഇപ്പോഴുമുണ്ട്.

എന്നാൽ, ഈ വേട്ടക്കാരുടെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. അനേകം ദുരിതങ്ങൾ അവർ അനുദിനം നേരിടേണ്ടി വന്നു. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങൾക്ക് പുറമെ വേട്ടക്കാരെ തടങ്കലിൽ വെക്കുന്നതുൾപ്പെടെ കടുത്ത ശിക്ഷാനടപടികളും പലപ്പോഴും കര്‍മ്മയ്ക്കും കര്‍മ്മയെപ്പോലെ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പലർക്കും കനത്ത പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരത്തിലുള്ള ഒരു സംഘം ആയുധങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ അതൊരു വലിയ മാറ്റത്തിന്‍റെ തുടക്കമാവുകയായിരുന്നു. കഴിഞ്ഞ വർഷം, നോർബുഗാങ്ങിൽ ആദ്യത്തെ അന്താരാഷ്ട്ര കടുവ ദിനം ആഘോഷിച്ചപ്പോൾ, വേട്ടയാടൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ആദ്യത്തെ പുരുഷന്മാരിൽ കർമ്മയും ഉൾപ്പെട്ടിരുന്നു. പശ്ചാത്താപവും ഖേദവും പ്രകടിപ്പിച്ച നോർബുഗാംഗിൽ നിന്നുള്ള 20 പേർ അന്ന് പുതിയ ഒരു ജീവിതത്തിലേക്കാണ് യാത്ര തുടങ്ങിയത്.

വേട്ടക്കാരെ തിരിച്ചറിവിന്‍റെ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റോയൽ മാനസ് നാഷണൽ പാർക്കും  (ആർ‌എം‌എൻ‌പി)  ധോങ്‌ഗാഗ് ടെൻ‌പെയ്‌ലിംഗ് മൊണാസ്ട്രിയിലെ ഖെൻപോ സാങ്കെ ഗ്യാറ്റ്‌സോയും ചേർന്നാണ് ‘ഹണ്ടേഴ്‍സ് ടു ഹെർമിറ്റ്’ എന്ന ഈ പരിപാടി ആരംഭിച്ചത്. ഈ വർഷം 15 പേർ കൂടി ഈ പരിപാടിയിൽ ചേർന്നു. ആളുകൾക്കിടയിൽ വൻപ്രചാരമാണ് ഇതിനു ലഭിച്ചത്. വേട്ടക്കാർക്കിടയിൽ കൂടുതൽ സഹാനുഭൂതിയും തിരിച്ചറിവും വളർത്തുന്നതിന് ഇത്തരം ചിന്തകൾ സഹായമാകുമെന്നാണ് പരിപാടിയിലൂടെ പ്രതീക്ഷിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഈ പഴയ വേട്ടക്കാരെ പുണ്യസ്ഥലങ്ങളിലേക്ക് യാത്രകൊണ്ടുപോവുകയും മറ്റും ചെയ്യുന്നു. ഒപ്പംതന്നെ നാല് ജേഴ്‍സി പശുക്കളേയും അവര്‍ക്ക് സൗജന്യമായി നല്‍കി. ർജീവിതമാര്‍ഗം കണ്ടെത്തുന്നതിനായിട്ടാണ് ഇത്. അപ്പോഴും സാമ്പത്തികമായും അല്ലാതെയുമുള്ള സഹായമവുസാനിച്ചാല്‍ ഇവര്‍ തിരികെ വേട്ടക്കാരായിത്തന്നെ ജീവിക്കുമോ എന്ന ഭയവും കൂടി അധികൃതര്‍ക്കുണ്ട്.