അയാൾ ഭാര്യയെ ദേഷ്യത്തോടെ നോക്കാനും തുടങ്ങി. ഇതോടെ, ഡിന്നർ പരിപാടി ആകെ വല്ലാത്തൊരു അവസ്ഥയിലായി എന്ന് പറയേണ്ടല്ലോ. 

സാധാരണയായി സഹപ്രവർത്തകരു(colleagues)മായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ആളുകൾ അവരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അതിനിടയിൽ വീട്ടുകാരെ പരിചയപ്പെടുത്തുകയും ഒക്കെ ചെയ്യും. എന്നാൽ, ഇവിടെ ഒരാൾ തന്റെ ഭാര്യ(wife)യെ സഹപ്രവർത്തകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത് തികച്ചും അരോചകമായ രീതിയിലാണ്. ഭാര്യ അതിനെതിരെ പ്രതികരിക്കുകയും ചെയ്‍തു. റെഡ്ഡിറ്റിലാണ് സ്ത്രീ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. 

സഹപ്രവർത്തകരുടെ മുന്നിൽ വച്ച് ഇയാൾ തന്റെ ഭാര്യയെ പരിചയപ്പെടുത്തിയത് ഹൗസ്‍വൈഫ് (വീട്ടമ്മ) എന്നും പറഞ്ഞാണ്. അതും മുഴുവൻ സമയ ജോലിക്കാരിയായ ഭാര്യയെ. എന്നാൽ, ഭാര്യ അതിന് തക്കതായ മറുപടിയും നൽകി. അവർ റെഡ്ഡിറ്റിൽ കുറിച്ചത് ഇങ്ങനെ: "എന്റെ ഭർത്താവ് തന്റെ പുതിയ സഹപ്രവർത്തകരെ അത്താഴത്തിന് ക്ഷണിച്ചു. അവർ വന്നപ്പോൾ അദ്ദേഹം എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു, 'ഇത് മിസിസ് സ്മിത്ത് (എന്റെ പേര് പോലും പറഞ്ഞില്ല), വീട്ടമ്മയാണ്' ."

"ഞാൻ അവനെ ഒരു നിമിഷം നോക്കി, എന്നിട്ട് ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു, 'ഇല്ല പ്രിയനേ, ഞാൻ മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ട്. പക്ഷേ, വീട്ടിലായിരിക്കുമ്പോൾ ഞാനെപ്പോഴും ഒരു വീട്ടമ്മയെ പോലെ പെരുമാറുന്നു. കാരണം, നിങ്ങളെന്നെ സഹായിക്കാൻ മെനക്കെടാറില്ല.' ഇത് കേട്ട സഹപ്രവർത്തകർ ഭർത്താവിനെ തുറിച്ച് നോക്കാൻ തുടങ്ങി. എന്നാൽ, ആ സമയം അയാൾ ചിരിക്കുകയും എന്താണ് കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ച് വിഷയം മാറ്റാനും ശ്രമിച്ചു."

മാത്രമല്ല, അയാൾ ഭാര്യയെ ദേഷ്യത്തോടെ നോക്കാനും തുടങ്ങി. ഇതോടെ, ഡിന്നർ പരിപാടി ആകെ വല്ലാത്തൊരു അവസ്ഥയിലായി എന്ന് പറയേണ്ടല്ലോ. "അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ, ഞാൻ ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചുകൊണ്ട് അവനെ നാണം കെടുത്തി എന്നും പറഞ്ഞ് അവൻ പൊട്ടിത്തെറിച്ചു. തുടർന്ന് അവന്റെ പുതിയ സഹപ്രവർത്തകരുടെ മുന്നിൽ ഞാൻ പറ‍ഞ്ഞ കാര്യങ്ങൾ അവന്റെ ഇമേജ് നശിപ്പിച്ചു എന്നും പറഞ്ഞു. എന്റെ സ്റ്റാറ്റസിനെ കുറിച്ച് കള്ളം പറഞ്ഞതും ബിരുദം നേടിയത് നിഷേധിക്കുന്നതും തെറ്റാണെന്ന് ഞാൻ അവനോട് പറഞ്ഞു" അവൾ തുടർന്നു. അവളുടെ ഭർത്താവ് പൊട്ടിത്തെറിക്കുകയും രാത്രി മുഴുവൻ അവളോട് മിണ്ടാതിരിക്കുകയും ചെയ്തു.

ഏതായാലും നിരവധിപ്പേരാണ് റെഡ്ഡിറ്റിൽ യുവതിയെ പിന്തുണച്ച് കൊണ്ട് മുന്നോട്ട് വന്നത്. ഇങ്ങനെയുള്ള പുരുഷന്മാരുണ്ട് എന്നും തക്ക സമയത്ത് പ്രതികരിച്ചത് നന്നായി എന്നുമാണ് മിക്കവരും പറയുന്നത്. 

(ചിത്രം പ്രതീകാത്മകം)