അയാൾ പിന്നീട് യം​ഗിനെ വെട്ടുകയും ശേഷം ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തു. അതിന് ശേഷം അതിന് മുകളിൽ ഒരു വലിയ മരവുമെടുത്ത് വച്ച് അയാൾ പോയി. 

വാഷിം​ഗ്‍ടണിൽ ഭർത്താവ് സ്ത്രീയെ കുത്തിയ ശേഷം ജീവനോടെ കുഴിച്ചുമൂടി. പക്ഷേ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെട്ടു. യം​ഗ് ആൻ എന്ന 42 -കാരിക്കാണ് ഭർത്താവിന്റെ ക്രൂരമായ അതിക്രമങ്ങളേറ്റ് വാങ്ങേണ്ടി വന്നത്. ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സിയാറ്റിലിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ നിന്നും സഹായം തേടിയുള്ള വിളി വന്നത്. പിന്നാലെ, വീട്ടിലേക്ക് തർസ്റ്റൺ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നും ഉദ്യോ​ഗസ്ഥരെത്തി. 

ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. "എന്റെ ഭർത്താവ് എന്നെ കൊല്ലാൻ ശ്രമിക്കുകയാണ്!" എന്ന് അവൾ നിലവിളിക്കുകയായിരുന്നു എന്ന് എൻബിസി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. അവളുടെ കഴുത്തിലും മുഖത്തും കാലിലും അപ്പോഴും ടേപ്പ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. കാലിലും കൈകളിലും തലയിലും വലിയ മുറിവുകളേറ്റിരുന്നു. അവളുടെ വസ്ത്രങ്ങളും തലമുടിയുമെല്ലാം ചളിയിൽ പൊതിഞ്ഞിരിക്കുകയായിരുന്നു എന്നും അതിൽ പറയുന്നു. 

എല്ലാം തുടങ്ങുന്നത് ഞായറാഴ്ച വൈകുന്നേരമാണ്. അവളുടെ ഭർത്താവ് ചായ് ക്യോം​ഗ് ആൻ എന്ന 53 -കാരൻ അവളെ അക്രമിക്കുകയായിരുന്നു. വീട്ടിൽ കയറി വന്ന ചായ് വിവാഹമോചനവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് അവളെ ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. തന്നെ ബന്ധിക്കുന്ന സമയത്ത് താൻ സ്മാർട്ട് വാച്ച് ഉപയോ​ഗിച്ച് 911 -ലേക്ക് വിളിക്കാൻ ശ്രമിച്ചു, എമർജൻസി കോണ്ടാക്ട് നമ്പറിലേക്ക് വിവരം അയക്കാൻ ശ്രമിച്ചു എന്നും യം​ഗ് പറയുന്നു. പിന്നാലെ, ചായ് അവരെ ​ഗാരേജിലേക്ക് വലിച്ചിഴച്ചു. ഒരു ചുറ്റികയെടുത്ത് അവളുടെ വാച്ച് അടിച്ച് പൊട്ടിച്ചു.

നേരത്തെ തന്നെ അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ പരാതി കൊടുത്തതിനാൽ ​ഗാർഹിക പീഡനത്തിനെതിരായ നിയമം മൂലം സുരക്ഷ കിട്ടുന്ന ആളായിരുന്നു യം​ഗ്. അയാൾ പിന്നീട് യം​ഗിനെ വെട്ടുകയും ശേഷം ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തു. അതിന് ശേഷം അതിന് മുകളിൽ ഒരു വലിയ മരവുമെടുത്ത് വച്ച് അയാൾ പോയി. 

ഒടുവിൽ ഒരു വിധത്തിൽ അവർ അതിനകത്ത് നിന്നും ശ്വാസമെടുക്കുകയും കഷ്ടപ്പെട്ട് തന്റെ ദേഹത്ത് ഒട്ടിച്ചിരിക്കുന്ന ടേപ്പ് അഴിച്ച് മാറ്റുകയും ചെയ്തു. അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് കഷ്ടപ്പെട്ട് അരമണിക്കൂറോളം ഓടി. ശേഷമാണ് അവർക്ക് ഒരു വീട് കണ്ടെത്താനായത്. അവിടെ വീട്ടുകാരോട് അവർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 

തന്റെ ഭർത്താവ് നേരത്തെ തന്നെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിരമിച്ച സമയത്ത് തനിക്ക് കിട്ടിയിരുന്ന പണം തിരികെ കൊടുക്കാത്തതിനാലാണ് അത് എന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. പൊലീസ് പിന്നീട് യുവതിയെ കുഴിച്ചുമൂടിയ കുഴി കണ്ടെത്തി. അവിടെ വച്ച് അവരെ ബന്ധിക്കാനുപയോ​ഗിച്ചിരുന്നു വസ്തുക്കളും കണ്ടെടുത്തു. ഒരുപാട് തെരച്ചിലുകൾക്കൊടുവിൽ ഒടുവിൽ പൊലീസ് ചായ് -യെയും കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കയാണ്.