കഴിഞ്ഞ രണ്ട് മാസമായി അവൾ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള രണ്ട് യുവാക്കളാണ് അവളുടെ അവസ്ഥയെ കുറിച്ച് വീട്ടുകാരെ അറിയിച്ചത്.
യുഎസ്സിൽ ബിരുദാനന്തര ബിരുദം നേടാൻ വേണ്ടി പോയ ഒരു യുവതിയുടെ കരളലിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിക്കാഗോയിലെ തെരുവുകളിൽ വിഷാദത്തിലും പട്ടിണിയിലും കഴിയുന്ന സൈദ ലുലു മിൻഹാജ് സെയ്ദിയുടെ ചിത്രങ്ങളാണ് പ്രചരിച്ചത്.
ഡിട്രോയിറ്റിലെ TRINE യൂണിവേഴ്സിറ്റിയിൽ ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് ഹൈദ്രാബാദ് സ്വദേശിനിയായ സെയ്ദി യുഎസ്സിലെത്തിയത്. എന്നാൽ, അവളുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു എന്നും പിന്നാലെ വീടില്ലാതെ തെരുവിലേക്കിറങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. സെയ്ദി തെരുവിൽ കഴിയുന്നതിന്റെ ചിത്രങ്ങൾ ഒരാൾ ട്വിറ്ററിൽ പങ്കിട്ടതോടെയാണ് അത് ജനശ്രദ്ധ നേടിയത്. സെയ്ദിയുടെ മാനസികാവസ്ഥയും നല്ലതല്ല എന്നാണ് പ്രചരിച്ച വീഡിയോകളിൽ നിന്നും മനസിലാവുന്നത്.
യുഎസ്സിലെ ചിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റും സെയ്ദിയുടെ അവസ്ഥയിൽ പ്രതികരിച്ചു. സെയ്ദിയുടെ അവസ്ഥയെ കുറിച്ച് തങ്ങൾ അറിഞ്ഞിട്ടുണ്ട് എന്ന് കോൺസുലേറ്റ് പറഞ്ഞു. പിന്നാലെ, അവളുടെ വിശദാംശങ്ങൾ നൽകാൻ സാമൂഹിക പ്രവർത്തകനും എംബിടി നേതാവുമായ അംജെദ് ഉല്ലാ ഖാനോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് സഹായം അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോയും അംജെദ് ഉല്ലാ ഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021 ഓഗസ്റ്റിൽ യുഎസിലെ ഡിട്രോയിറ്റിലെ TRINE യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തരബിരുദം നേടാൻ വേണ്ടി പോയതാണ് തന്റെ മകൾ. പഠനം തുടരുന്നതിനിടയിലെല്ലാം തന്നെ അവൾ തങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന് അവളുടെ മാതാവ് സൈദ വഹാജ് ഫാത്തിമ എംഇഎയ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ രണ്ട് മാസമായി അവൾ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള രണ്ട് യുവാക്കളാണ് അവളുടെ അവസ്ഥയെ കുറിച്ച് വീട്ടുകാരെ അറിയിച്ചത്. അവൾ കഠിനമായ വിഷാദത്തിലാണ് എന്നും അവളുടെ സാധനങ്ങളെല്ലാം ആരോ മോഷ്ടിച്ചതിനെ തുടർന്ന് അവൾക്ക് ചിക്കാഗോയിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു എന്നും തങ്ങൾക്ക് അറിയാനായി എന്നും സെയ്ദിയുടെ മാതാവ് പറയുന്നു.
ഏതായാലും, MADAD പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞു, അത് ആവശ്യമായ നടപടികൾക്ക് വേണ്ടി മിഷനിലേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിട്ടുണ്ട്. ഇതോടെ സെയ്ദിയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് എന്തെങ്കിലും നടപടിയുണ്ടാകും എന്നാണ് കരുതുന്നത്.
