ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളുടെ കൊടിയേറ്റത്തിന് കാരണം ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞതാണ് എന്ന് സുപ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ. രാഹുൽഗാന്ധി എന്ന നെഹ്രുകുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ തെരഞ്ഞെടുത്തതിലൂടെ വയനാട് രാജ്യത്തിന് വലിയ ദ്രോഹമാണ് ചെയ്തിരിക്കുന്നത് എന്നും സ്വന്തം അധ്വാനം കൊണ്ട് വളർന്നുവന്ന നരേന്ദ്ര മോദിക്കുമുന്നിൽ, നെഹ്റുകുടുംബത്തിന്റെ മേൽവിലാസം മാത്രം കൈമുതലായിട്ടുള്ള രാഹുൽഗാന്ധി ഒരു എതിരാളിയേ അല്ലായിരുന്നു എന്നും ഗുഹ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന ഡിസിയുടെ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായിരുന്നു രാമചന്ദ്ര ഗുഹയുടെ ഈ അഭിപ്രായ പ്രകടനം.

രാഹുൽ ഗാന്ധി ഒരു വ്യകതി എന്ന നിലയ്ക്ക് തന്റെ നല്ലൊരു സുഹൃത്താണെന്നും മലയാളികൾ 2024 -ൽ രാഹുൽ ഗാന്ധിയെ ഇനിയൊരിക്കൽ കൂടി തെരഞ്ഞെടുത്തു വിട്ടാൽ അത് നരേന്ദ്രമോദിക്ക് ഗുണകരമാവുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിക്ക് രാഹുൽഗാന്ധിക്കുമേലുള്ള മുൻ‌തൂക്കം എന്നത് അദ്ദേഹം രാഹുൽഗാന്ധിയല്ല എന്നതുതന്നെയാണ്. മോദി അധ്വാനിച്ചു മുന്നിലെത്തിയ ആളാണ്. പതിനഞ്ചു വർഷത്തെ സംസ്ഥാനം ഭരിച്ചുള്ള പരിചയമുണ്ട്. അദ്ദേഹം കഠിനാദ്ധ്വാനിയാണ്, ഒരിക്കലും യൂറോപ്പിലേക്ക് അവധിക്കാലം ചെലവിടാൻ പോകുന്ന സ്വഭാവക്കാരനല്ല.

കോൺഗ്രസ് പാർട്ടിക്ക്, വിശിഷ്യാ നെഹ്‌റുവിന് പാർട്ടിക്കുള്ളിൽ കുടുംബഭരണം നടത്താൻ യാതൊരു താത്പര്യവും ഇല്ലായിരുന്നു എന്ന് ഗുഹ പറഞ്ഞു.  നെഹ്‌റുവിന്റെ കാര്യം വിശദീകരിക്കാൻ വേണ്ടി ഗുഹ തന്റെ അധ്യാപകനായ ആന്ദ്രേ ബെഥേയെ ഉദ്ധരിച്ചുകൊണ്ട് ബൈബിളിനെപ്പറ്റിയും പരാമർശിച്ചു. ബൈബിളിൽ പറയാറുള്ളത്, പിതാവിന്റെ പാപത്തിന്റെ ഫലങ്ങൾ എഴുതലമുറകളിലേക്ക് പകർന്നു കിട്ടും എന്നാണ്. എന്നാൽ നെഹ്‌റുവിന്റെ കാര്യം നേരെ തിരിച്ചാണ്. ഇപ്പോൾ എന്തിനും ഏതിനും നെഹ്‌റുവിന് പഴികേൾക്കേണ്ടി വരുന്നത് നെഹ്‌റു ഒന്നും ചെയ്തിട്ടല്ല. അദ്ദേഹത്തിന് ശേഷം വന്ന തലമുറകൾ ചെയ്തതിന്റെ പഴിയാണ് തിരികെ നെഹ്‌റുവിലേക്ക് പകർന്നുചെന്നിരിക്കുന്നത് എന്നും ഗുഹ പറഞ്ഞു.

ഇന്ത്യയിൽ വലതുപക്ഷത്തിന്റെ അഭിവൃദ്ധിക്ക് കാരണം ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് എന്നൊരു ആരോപണവും രാമചന്ദ്ര ഗുഹ ഉന്നയിച്ചു. ഇടതിന് എന്നും താത്വികമായ ഒരു ഇരട്ടത്താപ്പുണ്ടായിരുന്നു. ഇന്ത്യൻ ഇടതുപക്ഷം എന്നും ഏതെങ്കിലും വിദേശരാജ്യത്തെയാണ് മാതൃകയായി കണക്കാക്കിയിരുന്നത്. ഏറ്റവുമാദ്യം അത് സ്റ്റാലിന്റെ റഷ്യയായിരുന്നു. പിന്നീട് അത് മാവോയുടെ ചൈനയായി, പിന്നെ കാസ്ട്രോയുടെ ക്യൂബയായി, ശേഷം ഹോചിമിന്റെ വിയറ്റ്നാമായി, അതിനും ശേഷം ഒർട്ടേഗയുടെ നിക്കരാഗ്വയായി, ഏറ്റവുമൊടുവിൽ ഷാവേസിന്റെ വെനിസ്വേലയും.

അദ്ദേഹം തുടർന്നു, "എനിക്ക് ഇടതുപക്ഷത്തും വലതുപക്ഷത്തും സുഹൃത്തുക്കളുണ്ട്. ഞാൻ സംഭാഷണങ്ങളിൽ വിശ്വസിക്കുന്ന ഒരു ചരിത്രകാരനാണ്. ഒരിക്കൽ എന്റെ സുഹൃത്തായ ഒരു ഇടതു ചരിത്രകാരനോട് ഞാൻ ചോദിച്ചു, പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്റെ വേദിയിൽ നാലു ചിത്രങ്ങളാണുള്ളത് മാർക്സ്, ഏംഗൽസ്, സ്റ്റാലിൻ, ലെനിൻ - പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടു ചിന്തകന്മാർ, ഇരുപതാം നൂറ്റാണ്ടിലെ രണ്ടു സ്വേച്ഛാധിപതികൾ. ഞാൻ അയാളോട് ചോദിച്ചു, എന്തുകൊണ്ട് നിങ്ങൾ ചുരുങ്ങിയത് ഭഗത് സിങ്ങിന്റെയോ ഇഎംഎസിന്റെയോ ഒക്കെ ചിത്രം വരച്ചു വെക്കുന്നില്ല..? ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥിസംഘടനകൾക്ക് ഹ്യൂഗോ ഷാവേസിനോട് വലിയ ഭ്രമമാണ്. മഹാത്മാഗാന്ധിക്കും ഷാവേസിനും ഇടയിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അവർ ചിലപ്പോൾ ഷാവേസിനെയായിരിക്കും തെരഞ്ഞെടുക്കുക. ഈ ഇരട്ടത്താപ്പാണ് വലതുപക്ഷത്തിന്റെ അഭ്യുദയത്തിന് ഒരു പ്രധാന കാരണം.." അദ്ദേഹം പറഞ്ഞു.