ഇന്ത്യയിലെ സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് കൂടിവരികയാണ്. എന്നാല്‍, ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യം വരുമ്പോള്‍ പലര്‍ക്കും അവരേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെയാണ് തെരഞ്ഞെടുക്കേണ്ടി വരുന്നതെന്നാണ് ഈ പഠനം പറയുന്നത്. 1970 മുതല്‍ 2000 വരെയുള്ള കാലത്തെ പഠനമനുസരിച്ച് വലിയ വിദ്യാഭ്യാസ യോഗ്യതകളുള്ള സ്ത്രീകള്‍പോലും തങ്ങളേക്കാള്‍ വിദ്യാഭ്യാസം വളരെ കുറവുള്ള പുരുഷന്മാരെയാണ് വിവാഹം ചെയ്യുന്നത്. വിവാഹവും സ്ത്രീകളുടെ വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധവും അന്തരവും വ്യക്തമാക്കുന്നതാണ് ഈ പഠനം. സ്ത്രീപുരുഷ അസമത്വം, ജാതി, സ്ത്രീകളുടെ ജോലിയിലെ പങ്കാളിത്തം, കുറഞ്ഞ ശമ്പളം ഇവയെല്ലാം ഇതിന് കാരണമാണെന്നാണ് പഠനം പറയുന്നത്. 

 

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ സ്ത്രീകള്‍, കുറഞ്ഞ വിദ്യാഭ്യാസമുള്ള എന്നാല്‍ കുടുംബപാരമ്പര്യമുള്ള പുരുഷന്മാരെയാണ് വിവാഹം ചെയ്യുന്നതെന്നും പഠനം പറയുന്നു. ഇന്ത്യന്‍ ഹ്യുമന്‍ ഡെവലപ്മെന്‍റ് സര്‍വേയുടെ ദ എമര്‍ജന്‍സ് ഓഫ് എജ്യുക്കേഷണല്‍ ഹൈപോഗമി ഇന്‍ ഇന്ത്യ (The Emergence of Educational Hypogamy in India) എന്ന പഠനറിപ്പോര്‍ട്ട് 2019 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. 

ഇത്തരം വിവാഹങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയില്‍ ലിംഗഅസമത്വം എത്ര ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നുവെന്നതാണ് എന്നും പഠനത്തില്‍ പറയുന്നു. ജാതീയമായ പരിമിതികള്‍, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, സ്ത്രീകള്‍ക്ക് ശമ്പളം കുറയുന്നത് (പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങള്‍ പഠിച്ചവര്‍ക്ക്), സ്ത്രീകള്‍ക്ക് സ്വന്തം പങ്കാളികളെ തെരഞ്ഞെടുക്കുന്നതിലെ സ്വാതന്ത്ര്യമില്ലായ്‍മ എന്നിവയെല്ലാം ഇതിന് കാരണമായിത്തീരുന്നു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള ഒരു പുരുഷനെ സ്ത്രീക്ക് വിവാഹം കഴിക്കേണ്ടി വരുന്നതിന്‍റെ അനുപാതം 10 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയർന്നിരിക്കുകയാണ്. ''സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം ഉയരുന്നതുകൊണ്ടുമാത്രം അസമത്വം ഇല്ലാതാക്കാനാവില്ല എന്നതിന് ഉദാഹരണമാണിത്'' -പഠനസംഘത്തിലെ അംഗമായ ഷിയോങ് ലിന്‍ പറയുന്നു. മേരിലാന്‍ഡ് സര്‍വകലാശാലയിലെ ലിന്‍, സോണാള്‍ഡെ ദേശായ്, ഫെയ്‍നിയന്‍ ഷെന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

ലോകത്തിലെല്ലായിടത്തും എങ്ങനെയാണ്? 

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പുരുഷനും അതിനേക്കാള്‍ താഴെ വിദ്യാഭ്യാസമുള്ള സ്ത്രീയും വിവാഹം കഴിക്കുന്നത് ലോകത്ത് ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഇതാണ് ഹൈപ്പര്‍ഗമി. ഒരേ വിദ്യാഭ്യാസ നിലവാരമുള്ള പങ്കാളികളെന്നതാണ് ലോകത്ത് മിക്കയിടങ്ങളിലും കാണുന്നത്. ഇതിനെ ഹോമോഗമി എന്ന് പറയാം. ഉദാഹരണത്തിന്, ചൈനയിലും അമേരിക്കയിലും സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം കൂടുന്നതനുസരിച്ച് തന്‍റെ അതേ വിദ്യാഭ്യാസയോഗ്യതയുള്ള പുരുഷന്മാരെ  വിവാഹം കഴിക്കുന്നതിനായി തെരഞ്ഞെടുക്കുന്നുണ്ട്. അതുപോലെ പുരുഷന്മാര്‍ തങ്ങളേക്കാള്‍ വളരെ വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നതും കുറഞ്ഞു. എന്നാല്‍, ''ഇന്ത്യ ഇതില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ഒരേ വിദ്യാഭ്യാസനിലവാരമുള്ളവരെ വിവാഹം കഴിക്കുന്നത് ഇവിടെ വളരെകുറവാണ്, ഹൈപോഗമിയാണ് ഇന്ത്യയില്‍ ഇപ്പോഴും കൂടുതല്‍'' - ലിന്‍ പറയുന്നു. 

 

തങ്ങളേക്കാള്‍ വളരെ വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകളുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി വിദ്യാഭ്യാസം നേടുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താനാവാത്തത്. പക്ഷേ, ഇന്ത്യ അതിനോടും യോജിക്കുന്നില്ല. ഇന്ത്യയില്‍ സ്ത്രീകളുടെ സാക്ഷരത 1981 -ല്‍ വെറും 29.8 ശതമാനമായിരുന്നുവെങ്കില്‍ 2011 -ല്‍ അത് 65.5 ശതമാനമായിരുന്നുവെന്നാണ് സെന്‍സസ് രേഖകള്‍ പറയുന്നത്. പക്ഷേ, ഇപ്പോഴും അത് പുരുഷ സാക്ഷരതയേക്കാള്‍ താഴെത്തന്നെയാണ്. പുരുഷന്മാരുടെ സാക്ഷരത 56.4 ശതമാനത്തില്‍നിന്ന് 82.1 ശതമാനമാണ് കൂടിയത്. പക്ഷേ, അപ്പോഴും ഇവിടുത്തെ സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തില്‍നിന്നും താഴെ വിദ്യാഭ്യാസമുള്ള ആളുകളെ വിവാഹം കഴിക്കുന്നത് കൂടുകയാണ്.

എന്താണ് കാരണങ്ങള്‍? 

ഇന്ത്യയില്‍ എല്ലായിടത്തും വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണ്. ഉദാഹരണത്തിന് ചൈനയിലാണെങ്കില്‍ സ്ത്രീകള്‍ വളരെ എളുപ്പത്തില്‍ തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കണ്ട എന്ന് തീരുമാനിക്കും. എന്നാല്‍, ഇന്ത്യയില്‍ ഒരു സ്ത്രീ എത്രതന്നെ വിദ്യാഭ്യാസം നേടിയെന്നുപറഞ്ഞാലും നല്ല ജോലിയുണ്ടെന്ന് പറഞ്ഞാലും അത്തരമൊരു തീരുമാനമെടുക്കുക ഒട്ടും എളുപ്പമല്ല. - പഠനത്തില്‍ പറയുന്നു. 

 

മാത്രവുമല്ല, അറേഞ്ച്ഡ് വിവാഹമാണ് ഇന്ത്യയില്‍ കൂടുതലായും നടക്കുന്നത്. അതിനാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകളാണ് പങ്കാളിയെ സ്വയം തെര‍ഞ്ഞെടുക്കുന്നത്. ഭൂരിഭാഗം അറേഞ്ച്ഡ് വിവാഹങ്ങളിലും പുരുഷനും സ്ത്രീയും ഒരേ മതത്തിലും ജാതിയിലും പെട്ടവരായിരിക്കും. അതും സ്ത്രീക്ക് തനിക്ക് കൂടുതല്‍ യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് തടസ്സമാകുന്നു. കൂടാതെ, ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്നത് തുടരുന്നുണ്ട്. ദക്ഷിണേന്ത്യയിൽ കൂടുതലായി നടക്കുന്ന ഇത്തരം വിവാഹങ്ങളിൽ, ഒരു സ്ത്രീക്ക് അവളുടെ വിദ്യാഭ്യാസ നിലവാരത്തിന് താഴെയുള്ള ഒരാളെ വിവാഹം കഴിക്കാൻ 20 ശതമാനത്തില്‍ കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി.

അതുപോലെതന്നെ ഹ്യുമാനീറ്റീസ് അടക്കം പഠിച്ച സ്ത്രീകള്‍ക്ക് തങ്ങളേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ആളുകളെ വിവാഹം കഴിക്കേണ്ടി വരുന്നത് വളരെ കൂടുതലാണെന്നും പഠനം പറയുന്നു. അതായത്, വിദ്യാഭ്യാസനിലവാരം കൂടിയിട്ടും സ്ത്രീകള്‍ക്ക് ലഭിക്കുന്ന പങ്കാളികള്‍ തങ്ങളേക്കാള്‍ വിദ്യാഭ്യാസം കുറവുള്ളവരാണ് എന്നര്‍ത്ഥം. 

ജോലിക്ക് പോകുന്ന സ്ത്രീകള്‍

ഇന്ത്യയില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണവും കുറയുകയാണോ? 1993-94 -ല്‍ 33 ശതമാനമുണ്ടായിരുന്നത് 2017 -ല്‍ 18.2 ശതമാനമായിരിക്കുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്‍സ് സര്‍വേയുടെ ലഭ്യമായ വിവരമനുസരിച്ചാണിത്. 25 ദശലക്ഷം സ്ത്രീകൾ 2015 മുതൽ 10 വർഷത്തിനുള്ളിൽ ഇന്ത്യൻ തൊഴിലിടങ്ങളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്.

പുരുഷാധിപത്യം നിലനില്‍ക്കുന്ന സൗത്ത് കൊറിയ, ജപ്പാന്‍, ചൈന പോലെയുള്ള രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ സാമ്പത്തിക വികസനത്തില്‍ പങ്കാളികളാകുമ്പോള്‍ ഇന്ത്യയില്‍ അത് കുറയുകയാണ് എന്നാണ് പഠനം കാണിക്കുന്നത്. നേരത്തെയും ഇന്ത്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലും വിവാഹത്തോടെ സ്ത്രീകള്‍ ജോലി നിര്‍ത്തുന്നതായും ഭര്‍ത്താവിന്‍റെയോ അവരുടെ വീട്ടുകാരുടെയോ അനുവാദമില്ലാതെ ഒരു പ്രാഥമികാരോഗ്യകേന്ദ്രം പോലും സന്ദര്‍ശിക്കാനുള്ള അവസ്ഥ അവര്‍ക്കില്ലായെന്നും പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 

 

2017-18 കാലങ്ങളില്‍ വിദ്യാഭ്യാസം നേടിയിട്ടും പല സ്ത്രീകളും വീട്ടിലിരുന്നു. അത് തൊഴില്‍രഹിതരായ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നുവെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‍സ് സര്‍വേയുടെ വിവരങ്ങള്‍ പറയുന്നു. ഇന്ത്യയിലെ അവസ്ഥ അനുസരിച്ച് വിദ്യാഭ്യാസം എന്നത് പലപ്പോഴും ജോലിക്കുള്ള കാരണം പോലുമാകുന്നില്ല. പല സ്ഥാപനങ്ങളും നല്‍കുന്ന നിലവാരമില്ലാത്ത വിദ്യാഭ്യാസം, കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സഹായക്കുറവ് എന്നിവയെല്ലാം സ്ത്രീകള്‍ ജോലിക്ക് പോകുന്നതില്‍നിന്നും തടയുന്നു. പല സ്ത്രീകളും വിവാഹം കഴിയുന്നതോടെയോ കുഞ്ഞുങ്ങളായിക്കഴിയുന്നതോടെയോ ആണ് ജോലി നിര്‍ത്തി വീട്ടിലിരിക്കുന്നത്. കുഞ്ഞുങ്ങള്‍ വളര്‍ന്നുകഴിയുമ്പോഴേക്കും പഠിച്ചതെല്ലാം മറക്കുകയും പ്രായം കൂടുകയും ജോലിസാധ്യത കുറയുകയും ചെയ്യുന്നു. 

 

അതുപോലെതന്നെയാണ് കൂലിയിലെ വ്യത്യാസവും. പല തൊഴിലിടങ്ങളിലും പുരുഷന്മാരെക്കാള്‍ തുച്ഛമാണ് സ്ത്രീകള്‍ക്ക് കിട്ടുന്ന ശമ്പളം. ഇതെല്ലാം വിദ്യാഭ്യാസം കുറഞ്ഞാലും നല്ല വരുമാനമുള്ള പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വരുന്നതിലേക്ക് സ്ത്രീകളെ നയിക്കുന്നു - ഇക്കണോമിസ്റ്റും ബ്രൂക്കിങ്സ് ഇന്ത്യ ഡയറക്ടറുമായ ശമികാ രവി പറയുന്നു. 

ഇന്ത്യയിലെ വിവാഹക്കമ്പോളങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ട യോഗ്യതകള്‍ കാണാന്‍ നല്ലതായിരിക്കണമെന്നതും പുരുഷന്മാര്‍ക്ക് ജോലി ചെയ്‍ത് സമ്പാദിക്കാനുള്ള കഴിവുണ്ടായിരിക്കണം എന്നതുമാണ് എന്നും പഠനം പറയുന്നുണ്ട്. എന്തായാലും ആവശ്യത്തിന് വിദ്യാഭ്യാസമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എങ്കില്‍പ്പോലും അതുപോലും സ്ത്രീകള്‍ മികച്ച ജോലി നേടുന്നതിനോ അവരുടെ സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതിനോ കാരണമാകുമെന്ന് വിശ്വസിക്കാനാവില്ല. കാരണം, കുട്ടികളെ വളര്‍ത്തുക, വീട് നോക്കുക എന്നത് ഇവിടെ ഇപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ്. അതില്‍ക്കൂടി മാറ്റം വന്നുവെങ്കില്‍ മാത്രമേ കാര്യമുള്ളൂ.