പത്ത് വർഷമായി ജർമ്മനിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. സുഹൃത്തുക്കളുണ്ട്, നല്ല അന്തരീക്ഷമുണ്ട്, പക്ഷേ നാട് മിസ് ചെയ്യുന്നു. തിരികെ വരാനൊരുങ്ങുന്ന യുവതിയുടെ പോസ്റ്റ്. 

ജർമ്മനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. 10 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെ വരാനുള്ള തന്റെ തീരുമാനത്തെ കുറിച്ചാണ് യുവതിയുടെ പോസ്റ്റ്. '10 വർഷത്തിലധികം വിദേശത്ത് ജോലി ചെയ്തതിന് ശേഷം ഒരു ടയർ ടു സിറ്റിയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നു' എന്ന തലക്കെട്ടോടെയാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് ജർമ്മനിയിൽ താമസിക്കുന്നത്. താനും പങ്കാളിയും നന്നായി സമ്പാദിക്കുന്നുണ്ട് എന്നും യുവതി പറയുന്നു.

'ഞങ്ങൾ രണ്ടുപേരും മാന്യമായി സമ്പാദിക്കുന്നവരാണ്. ജർമ്മനിയിലെ ജീവിതം കുഴപ്പമില്ല. ജർമ്മൻ സമൂഹവുമായി നന്നായി പോകാൻ സാധിക്കുന്നവരും, ജർമ്മൻ ഭാഷ സംസാരിക്കുന്നവരുമാണ്, അവിടുത്തുകാർ സുഹൃത്തുക്കളായിട്ടുമുണ്ട്. എങ്കിലും, ഏകാന്തത അനുഭവപ്പെടുന്നു' എന്നാണ് യുവതി പറയുന്നത്. ഇവിടെ സുഹൃത്തുക്കളുണ്ടെങ്കിലും സജീവമായി എല്ലാവരോടും ഇടപഴകുന്നുണ്ടെങ്കിലും നാടിനെയും വീടിനെയും അത് തരുന്ന സാമൂഹികമായ ബലവും ഊഷ്മളതയും സ്നേഹവുമൊന്നും ജർമ്മനിയിൽ അനുഭവപ്പെടുന്നില്ല എന്നതാണ് യുവതിയുടെ സങ്കടം.

നാട്ടിലെ, ഉത്സവങ്ങളും കുടുംബവുമൊത്തുള്ള കൂടിച്ചേരലുകളും എല്ലാം തനിക്ക് നഷ്ടപ്പെടുന്നതായി തോന്നുന്നു. എന്നാൽ, തന്റെ ഭർത്താവിന് അങ്ങനെ ഇല്ല. തങ്ങൾക്ക് ബാധ്യതകളൊന്നും ഇല്ല എന്നും പോസ്റ്റിൽ കാണാം. 'ഭർത്താവിന് ഒരു അപ്പാർട്ട്മെന്റ് ഉണ്ട്. മാതാപിതാക്കൾ താമസിക്കുന്നത് അവിടെയാണ്. തനിക്ക് ഒരു വലിയ പ്ലോട്ട് സ്വന്തമായുണ്ട്, ഇപ്പോൾ അതിൽ ഒരു വീട് പണിയാൻ താൻ സമ്പാദിക്കുകയാണ്. ഇത് രണ്ടും ഒരേ നഗരത്തിലാണ്. വീട് നോക്കാനും എന്റെ കുട്ടിയെ വളർത്താനും എനിക്ക് സഹായം ലഭിക്കുന്നിടത്തോളം കാലം താൻ ജോലി ചെയ്യാനും സമ്പാദിക്കാനും തയ്യാറാണ്' എന്നും അവർ എഴുതുന്നു.

തന്റെ കുട്ടിയും പ്രായമാവുന്ന മാതാപിതാക്കളുമാണ് നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തിന്റെ പ്രധാന കാരണം. കുട്ടിക്ക് മുത്തശ്ശനേയും മുത്തശ്ശിയേയും വലിയ കാര്യമാണ്. അവർക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ അവസരം ഒരുക്കാനായിട്ടാണ് ഈ തീരുമാനം എന്നും അവർ പറയുന്നു. എന്നാൽ, ഇന്ത്യയിലെ വായുമലിനീകരണവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമെല്ലാം ഓർക്കുമ്പോൾ യുവതിക്ക് പ്രശ്നമുണ്ട് എന്നും പോസ്റ്റിൽ കാണാം. വിദേശത്ത് താമസിക്കുന്ന മിക്ക ആളുകളും അഭിമുഖീകരിക്കാറുള്ള പ്രതിസന്ധിയാണ് യുവതിയുടെ പോസ്റ്റിൽ തെളിഞ്ഞു കാണുന്നത്.