വൈറലായി മാറിയ 'ബന്ദാന ഗേൾ' പുതിയ ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിലൂടെ ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും ചെന്നൈയിൽ ഓട്ടിസമുള്ളവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് സംഭാവന ചെയ്തതായി യുവതി കുറിച്ചു.
ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. വെറും സെക്കൻഡുകൾ മതി ആളുകളുടെ ജീവിതം മാറാൻ. അതുപോലെ വെറും രണ്ട് സെക്കന്റ് വീഡിയോ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതാണ് 'വൈറൽ ബന്ദാന ഗേൾ' എന്ന് അറിയപ്പെടുന്ന യുവതി. ഇപ്പോഴിതാ അതിൽ നിന്നും കിട്ടിയ തുകയിൽ ഏറെയും അവൾ ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷന് നൽകി എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ട്വിറ്റർ (എക്സ്) അക്കൗണ്ടിൽ തന്നെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ബിരുദ സമയത്ത് താൻ ഈ ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു എന്നും യുവതി വെളിപ്പെടുത്തി.
ചെന്നൈയിലുള്ള ഓട്ടിസമുള്ളവരെ സഹായിക്കുന്ന 'സ്വാഭിമാൻ ട്രസ്റ്റി'ലേക്കാണ് യുവതി ഈ തുക നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അവസാനത്തെ സംഭാഷണമായിരിക്കും ഇത് എന്ന് യുവതി തന്റെ പോസ്റ്റിൽ പറയുന്നു. 'തനിക്ക് കിട്ടിയ പണത്തിൽ ഭൂരിഭാഗവും ചെന്നൈയിലെ സ്വാഭിമാൻ ട്രസ്റ്റിന് സംഭാവന ചെയ്തു, ഇത് ഓട്ടിസം ബാധിച്ചവർക്ക് വേണ്ടിയുള്ള ഒരു ട്രസ്റ്റാണ്. തന്റെ ബിരുദ കാലത്തെ പ്രൊജക്ടിൽ ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഇത്തരം ആളുകൾക്ക് വ്യത്യസ്ത ചികിത്സകൾ ലഭ്യമാക്കുന്നതിന് അവർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്' എന്നാണ് അവൾ എക്സിൽ കുറിച്ചത്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ പകർത്തിയ യുവതിയുടെ രണ്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഷെയർ ചെയ്ത ഉടനെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വെള്ള വസ്ത്രവും, വെള്ളി ആഭരണങ്ങളും, ബന്ദാനയും ധരിച്ചായിരുന്നു യുവതിയുണ്ടായിരുന്നത്. വെറുതെ ക്യാമറയിലേക്ക് രണ്ട് സെക്കൻഡ് നോക്കുന്നത് മാത്രമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ, ബന്ദാന ഗേൾ എന്ന പേരിൽ അവൾ വൈറലായി മാറുകയായിരുന്നു. എന്നാൽ, ഇത്തരം പ്രശസ്തിയിൽ അവൾ വീണു പോയിട്ടില്ല എന്നായിരുന്നു അവളുടെ പിന്നീടുള്ള പ്രതികരണങ്ങളിൽ നിന്നും മനസിലായത്. ഇപ്പോഴിതാ, പണം ഏറെയും സംഭാവന ചെയ്തുകൊണ്ട് അവൾ വീണ്ടും ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.


