2016 -ലാണ് ഐ എ എസ് ഓഫീസര്‍ ഡാനിഷ് അഷ്റഫ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരിയില്‍ ജില്ലാ മജിസ്ട്രേറ്റായി ചാര്‍ജ്ജെടുക്കുന്നത്. ഭര്‍ത്താവിനോടൊപ്പം ആദ്യമായി റുഹി ആ സ്ഥലത്ത് കാലെടുത്ത് വയ്ക്കുന്നതും അന്നാണ്. ചണ്ഡീഗഢിലായിരുന്നു അതിന് മുമ്പ് അവരിരുവരും. 

അരുണാചല്‍ പ്രദേശിലെ ഏറ്റവും ഒറ്റപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്. മാത്രവുമല്ല, വികസനവും എത്തിയിരുന്നില്ല. റോഡുകളുടെ അവസ്ഥയൊക്കെ അതീവ പരിതാപകരം. റെയില്‍വേ ലൈനുകളില്ല, ഇന്‍റര്‍നെറ്റില്ല, അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് 10 മണിക്കൂര്‍ ഡ്രൈവ് ചെയ്യണം. അത് മഴക്കാലമാണെങ്കില്‍ 14 മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടിവരും. 

ഫിസിക്സ് ടീച്ചറാകുന്നത് ഇങ്ങനെ
ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്നു റുഹി. എന്നാല്‍, ഭര്‍ത്താവിനൊപ്പം അരുണാചലിലേക്ക് വരുന്നതിനായി അവര്‍ ജോലി രാജിവച്ചു. മാത്രവുമല്ല, തനിക്ക് ആ ഗ്രാമത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും അവര്‍ കരുതി. 

ജില്ലിയില്‍ സഞ്ചരിക്കുമ്പോഴെല്ലാം സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയാവസ്ഥ ഇരുവരുടേയും കണ്ണില്‍ പെടാറുണ്ടായിരുന്നു. ആ സമയത്താണ് ഒരു ദിവസം ഒരു സ്കൂളിലെ കുറച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഡാനിഷിന്‍റെ ഓഫീസിലെത്തിയത്. ഒരു ഫിസിക്സ് അധ്യാപികയെ വേണമെന്ന ആവശ്യവുമായാണ് അവരെത്തിയത്. 

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അവരുടെ സ്കൂളില്‍ ഫിസിക്സ് അധ്യാപകരില്ല. കുട്ടികളെത്തുന്നത് അക്കാദമിക് വര്‍ഷത്തിന്‍റെ പകുതിയിലാണ്. പെട്ടെന്ന് ഒരു അധ്യാപകനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള ജോലി തന്നെയായിരുന്നു. പലപ്പോഴും അധ്യാപകരാരും ഇത്രയും ഒറ്റപ്പെട്ട സ്ഥലത്ത് പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. പലരും ജോലി രാജിവച്ചു പോയി. ആ സമയത്താണ് സഹായത്തിനായി ഡാനിഷ്, റുഹിയെ നോക്കുന്നത്.

ആ ഗ്രാമത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചിരുന്ന റുഹി ഒന്നും ചിന്തിക്കാതെ യെസ് മൂളി. അധ്യാപനം അവര്‍ക്കിഷ്മായിരുന്നു. ആ വര്‍ഷം പരീക്ഷയെഴുതിയ 92 കുട്ടികളില്‍ 72 പേരും ഫിസിക്സില്‍ വിജയിച്ചു. അതിന് മുമ്പത്തെ വര്‍ഷം വെറും 17 പേരായിരുന്നു ഫിസിക്സിന് ജയിച്ചത്. 

പഠിപ്പിച്ചു തുടങ്ങുമ്പോള്‍ തന്നെ കുട്ടികള്‍ക്കെല്ലാം പഠിക്കാനുള്ള കഴിവുണ്ടെന്നും ഒരു ഗൈഡിന്‍റെ ആവശ്യം മാത്രമാണ് അവര്‍ക്കുള്ളതെന്നും റുഹി തിരിച്ചറിഞ്ഞിരുന്നു. മാത്രവുമല്ല അഞ്ച് വര്‍ഷമായി അധ്യാപകരില്ലാതിരുന്ന വിഷയമാണ് എങ്കിലും എട്ടാം ക്ലാസ് മുതലുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ റുഹി അവരെ പഠിപ്പിച്ചു. 

അതിനായി വീഡിയോയെ ആശ്രയിച്ചു. ഇന്‍റര്‍നെറ്റില്ലാതിരുന്നതിനാല്‍ തന്നെ പലപ്പോഴും വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുവന്നു. അങ്ങനെ കഴിയാവുന്ന പോലെയെല്ലാം കുട്ടികള്‍ക്കായി അവര്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളും ഹാപ്പിയാണ്, തങ്ങളെ മനസിലാക്കാനാകുന്ന ഒരു അധ്യാപികയെ കിട്ടി എന്നതില്‍. റുഹി പഠിപ്പിക്കുന്നതെല്ലാം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട് എന്നും അവരുടെ ആത്മാര്‍പ്പണമാണ് ഞങ്ങളുടെ വിജയത്തിന് കാരണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.