'കഠിനമായ വരൾച്ചയിൽ പോലും ബൊവാബാബ് മരത്തിന് 100,000 ലിറ്റർ വെള്ളം സംഭരിച്ച് വയ്ക്കാൻ സാധിക്കും. ഈ വൃക്ഷത്തിന്റെ ജന്മദേശം ആഫ്രിക്കയാണ് എങ്കിലും അറബ് വ്യാപാരികളാവാം ഇത് രാജപാളയത്ത് നട്ടുപിടിപ്പിച്ചത് എന്ന് കരുതുന്നു.'
വളരെ വ്യത്യസ്തമായ ഒരുപാട് സസ്യങ്ങളും ജീവജാലങ്ങളും ഒക്കെ ചേർന്നതാണ് നമ്മുടെ ഭൂമി. അതിൽ പല മരങ്ങളും പല ജീവികളും പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഒരു മരമാണ് അഡൻസോണിയ ഡിജിറ്റാറ്റ അഥവാ ബൊവാബാബ്. വളരെ വലിയ മരമായ ഇതിന്റെ പ്രത്യേകത തന്നെ ഇതിൽ നിറയെ വെള്ളമാണ് എന്നതാണ്. ഇപ്പോൾ ഈ മരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു.
തമിഴ്‌നാട് സർക്കാരിന്റെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായി പ്രവർത്തിക്കുകയാണ് സുപ്രിയ സാഹു. തമിഴ്‌നാട്ടിലെ രാജപാളയത്തുള്ള ചിന്മയ വിദ്യാലയം കാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ആഫ്രിക്കൻ ബയോബാബ് മരത്തിന്റെ ചിത്രവും വീഡിയോയുമാണ് സുപ്രിയ സാഹു X (ട്വിറ്റർ) -ൽ പങ്ക് വച്ചിരിക്കുന്നത്.
ഒപ്പം തന്നെ ആ മരത്തെ കുറിച്ചുള്ള വിവരങ്ങളും അവർ തന്റെ പോസ്റ്റിൽ വിശദമാക്കുന്നുണ്ട്. 'തമിഴ്നാട്ടിലെ രാജപാളയത്തുള്ള ചിന്മയ വിദ്യാലയം കാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ ആഫ്രിക്കൻ ബയോബാബ് മരം തന്നെ ആശ്ചര്യപ്പെടുത്തി. ഇതിന് ഒരു വലിയ ആനയുടെ കാലിനോട് സാമ്യമുണ്ട്. ഇതിന്റെ ബൊട്ടാണിക്കൽ നാമം അഡൻസോണിയ ഡിജിറ്റാറ്റ എന്നാണ്. ആനകൾക്ക് ഇത് കഴിക്കാൻ വലിയ ഇഷ്ടമാണ് എന്നതുകൊണ്ട് എലഫന്റ് ട്രീ എന്നും ഇത് അറിയപ്പെടുന്നു.'
'നാഷണൽ ജിയോഗ്രാഫിക് പറയുന്നത് പ്രകാരം, ദാഹിച്ചിരിക്കുന്ന ഒരു ആന ഒരു ബൊവാബാബ് മരത്തെ കാണുകയാണ് എങ്കിൽ ഒരു വലിയ കുപ്പിയിൽ വെള്ളം കാണുന്നത് പോലെയാണ് അതിന് അനുഭവപ്പെടുക. കഠിനമായ വരൾച്ചയിൽ പോലും ബൊവാബാബ് മരത്തിന് 100,000 ലിറ്റർ വെള്ളം സംഭരിച്ച് വയ്ക്കാൻ സാധിക്കും. ഈ വൃക്ഷത്തിന്റെ ജന്മദേശം ആഫ്രിക്കയാണ് എങ്കിലും അറബ് വ്യാപാരികളാവാം ഇത് രാജപാളയത്ത് നട്ടുപിടിപ്പിച്ചത് എന്ന് കരുതുന്നു. ഈ മരത്തിന് കുറഞ്ഞത് 700 വർഷത്തെ പഴക്കമുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്ന മരങ്ങളിൽ ഒന്ന് കൂടിയാണിത്' എന്നെല്ലാം സുപ്രിയ സാഹു വിശദീകരിച്ചിട്ടുണ്ട്.
സുപ്രിയ സാഹുവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.
