ഐസ് ബാത്ത് കഴിഞ്ഞപ്പോൾ അവർക്ക് സ്വയം എഴുന്നേൽക്കാനോ ചലിക്കാനോ സാധിക്കുന്നില്ല. മറ്റുള്ളവർ അവരുടെ കാലുകൾ തിരുമ്മി ചൂടാക്കിക്കൊടുക്കുന്നതും മറ്റും കാണാം.

സോഷ്യൽ മീഡിയ വളരെ സജീവമായ ഈ കാലത്ത്, മിക്കവരും സ്വയം സൗന്ദര്യസംരക്ഷണം ചെയ്യുന്നവരും ഡയറ്റ് ചെയ്യുന്നവരും ഒക്കെയായി മാറാറുണ്ട്. പലരുടേയും ശരീരം പലതുപോലെയാണ്. പല രോ​ഗങ്ങളും പല അവസ്ഥകളും ഒക്കെയായിരിക്കാം ഓരോരുത്തർക്കും. എങ്കിലും, ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ പലരും പല റിസ്കുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ, മലേഷ്യയിൽ നിന്നുള്ളൊരു കമ്പനിക്കുനേരെ വലിയ വിമർശനമാണ് ഉയരുന്നത്.

ആരോഗ്യ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട വിക്ടോറിയാസ് വൈറ്റാലിറ്റി എന്ന കമ്പനിക്ക് നേരെയാണ് വിമർശനം. 'ടീം ബോണ്ടിംഗ് വ്യായാമം' എന്ന നിലയിൽ അവർ ഒരു 'ഐസ് ബാത്ത് സെഷൻ' സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ, ഇതിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനം കമ്പനിക്ക് നേരെ ഉയർന്നു. ജീവനക്കാരുടെ സുരക്ഷയെ കുറിച്ച് പലരും ആശങ്കകൾ ഉന്നയിച്ചു.

കമ്പനിയിലെ ജീവനക്കാരിൽ ഒരാളായ Ngosak Bi Bi ഇതിന്റെ ഒരു വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഐസ് ബാത്തിലൂടെ കടന്നുപോകുമ്പോഴുണ്ടായ വേദനാജനകമായ അവസ്ഥയാണ് ആ വീഡിയോയിൽ കാണാനാവുന്നത്. വീഡിയോയിൽ കാണുന്നത്, മറ്റ് ജീവനക്കാർക്കൊപ്പം അവരും ഐസിൽ താഴ്ന്നിരിക്കുന്നതാണ്.

View post on Instagram

എന്നാൽ, അവർ അതികഠിനമായി വിറക്കുകയും ആകെ അസ്വസ്ഥയാവുകയും ചെയ്യുന്നത് കാണാം. അപ്പോഴും അവർ, 'ഞാൻ ഞാനായി തന്നെയിരിക്കണം. എനിക്കിതെല്ലാം കടന്നുപോകണം. വേദനയെയോ പ്രയാസത്തെയോ ഒന്നും ഞാൻ ഭയപ്പെടുന്നില്ല. ഈ പാത മുറിച്ചുകടക്കാൻ എനിക്ക് ഭയമില്ല' എന്ന് പറയുന്നതും കേൾക്കാം.

എന്നാൽ, ഐസ് ബാത്ത് കഴിഞ്ഞപ്പോൾ അവർക്ക് സ്വയം എഴുന്നേൽക്കാനോ ചലിക്കാനോ സാധിക്കുന്നില്ല. മറ്റുള്ളവർ അവരുടെ കാലുകൾ തിരുമ്മി ചൂടാക്കിക്കൊടുക്കുന്നതും മറ്റും കാണാം. എന്നിരുന്നാലും, ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടതോടെ കമ്പനിക്ക് നേരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു.

ഐസ് ബാത്തിന് കുറേയേറെ ​ഗുണങ്ങളുണ്ട് എന്ന് പറയുമ്പോഴും അതിന്റെ ദോഷങ്ങളെ കുറിച്ചും പലപ്പോഴും വിദ​ഗ്‍ദ്ധർ മുന്നറിയിപ്പ് നൽകാറുണ്ട്. ഹൈപ്പോഥര്‍മിയയിലേക്ക് വരെ ഇത് നയിക്കുന്ന സാഹചര്യമുണ്ടായേക്കാം. മാത്രമല്ല, കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് ചെയ്യുന്നതാണ് ഉത്തമം.