ഇരുവർക്കും ഇപ്പോൾ 70 വയസാണ് പ്രായം. എന്നാൽ, കൗതുകകരം എന്ന് പറയട്ടെ ഇരുവർക്കും മറ്റൊരു ഇഷ്ടം കൂടിയുണ്ട്. രണ്ടുപേരും 50 -കളിലെ വേഷവിധാനങ്ങളോടെ ഒരുങ്ങാനാണ് ഇഷ്ടപ്പെടുന്നത്. അതിപ്പോൾ വസ്ത്രങ്ങളായാലും മുടിയായാലും ഒക്കെ.

ഒരുപോലെയുള്ള ഇരട്ടസഹോദരങ്ങളെ (സരൂപ ഇരട്ടകൾ- identical twin) കാണാൻ മിക്കവർക്കും വലിയ ഇഷ്ടമാണ്. ഇംഗ്ലണ്ടിൽ നിന്നുമുള്ള അതുപോലുള്ള രണ്ട് സഹോദരങ്ങളാണ് റോസി കോൾസും കാത്തി ഹെഫർമാനും. ഇരുവരും ചെയ്യുന്നത് ഏത് സഹോദരങ്ങൾക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ 23 വർഷങ്ങളായി മുടി കെട്ടുന്ന രീതിയിൽ മുതൽ ധരിക്കുന്ന ​ഗ്ലാസിൽ വരെ എല്ലാ കാര്യങ്ങളിലും ഇരുവരും ഒരുപോലെയാണ്. 

തീർന്നില്ല, അവർക്ക് ഇരുവർക്കും പിരിഞ്ഞു ജീവിക്കുക എന്നത് വളരെ അധികം പ്രയാസകരവുമാണ്. അതുകൊണ്ട് തന്നെ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസം. ഒരുമിച്ച് നടക്കാൻ പോവുക, ഒരുമിച്ച് ഷോപ്പിം​ഗിന് പോവുക തുടങ്ങി എപ്പോഴും ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടൊന്നും ആയില്ല. കഴിഞ്ഞ 11 വർഷമായി രണ്ട് സഹോദരിമാരും തങ്ങളുടെ ക്ലീനിം​ഗ് ബിസിനസിൽ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. 

ഇരുവർക്കും ഇപ്പോൾ 70 വയസാണ് പ്രായം. എന്നാൽ, കൗതുകകരം എന്ന് പറയട്ടെ ഇരുവർക്കും മറ്റൊരു ഇഷ്ടം കൂടിയുണ്ട്. രണ്ടുപേരും 50 -കളിലെ വേഷവിധാനങ്ങളോടെ ഒരുങ്ങാനാണ് ഇഷ്ടപ്പെടുന്നത്. അതിപ്പോൾ വസ്ത്രങ്ങളായാലും മുടിയായാലും ഒക്കെ. കാത്തി ഒരു അഭിമുഖത്തിൽ പറഞ്ഞത്, “ഞങ്ങൾക്ക് ധാരാളം വസ്ത്രങ്ങളുണ്ട്. ഞങ്ങൾ എപ്പോഴും കടയിൽ പോയി ഇഷ്ടമുള്ളത് വാങ്ങാനിഷ്ടപ്പെടുന്നു. ഞങ്ങൾക്ക് നീളമുള്ള വസ്ത്രങ്ങളും ജീൻസുകളും ഒരുപാടുണ്ട്. ഞങ്ങൾക്ക് ഒരേപോലുള്ള കോട്ടുകൾ ഉണ്ട്. താനും സഹോദരിയും വളരെ അധികം അടുപ്പത്തിലാണ്. തങ്ങളെ കാണുന്നവർ മിക്കവരും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറുണ്ട്" എന്നാണ്. 

റോസി പറയുന്നത്, "മിക്കവാറും ആളുകൾ തങ്ങളോട് പറയുന്നത് ഈ പ്രായത്തിൽ ഇരട്ടകളായ ആളുകളെ ഇതുപോലെ കാണാറേയില്ല. ഞങ്ങൾ ശരിക്കും അത്ഭുതം തന്നെയാണ് എന്നാണ്. ഇപ്പോഴും ഞങ്ങൾ ഒരുപോലെയാണ് 
വസ്ത്രം ധരിക്കുന്നതും ഹെയർസ്റ്റൈലും ഒക്കെ" എന്നാണ്. 

ഇരുവരും വിവാഹം കഴിഞ്ഞ് കുട്ടികളുമായതിന് പിന്നാലെ ഒരുപോലെ വേഷം ധരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് 2000 -ത്തിൽ ഇരുവരും ഭർത്താക്കന്മാരുമായി പിരിഞ്ഞു. അതോടെ അടുത്തടുത്ത് താമസിക്കാൻ തുടങ്ങുകയും വീണ്ടും ഒരുപോലെ വസ്ത്രം ധരിക്കാൻ തുടങ്ങുകയും ആയിരുന്നു.