'പുരുഷന്മാർക്ക് ആർത്തവമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിച്ചേനെ...'; വൻ ചർച്ചയായി സ്ത്രീയുടെ പോസ്റ്റ്
പൂജ പോസ്റ്റിൽ പറയുന്നത് പുരുഷന്മാർക്ക് ആർത്തവമുണ്ടായിരുന്നു എങ്കിൽ പല കമ്പനികളും ശമ്പളത്തോട് കൂടിയ 2-3 ദിവസത്തെ ആർത്തവാവധി നിർബന്ധമാക്കിയേനെ എന്നാണ്.
ഇന്ന് ചില കമ്പനികളെല്ലാം വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്നുണ്ട്. ആർത്തവ ദിവസം സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ പ്രയാസങ്ങൾക്ക് ഇങ്ങനെ ഒരു അവധി വളരെ വളരെ ആശ്വാസകരമാണ് എന്നത് വലിയ സത്യമാണ്.
എന്നാൽ, അതേ സമയത്ത് തന്നെ ആർത്താവവധി പേപ്പറുകളിൽ ഉണ്ടെങ്കിലും അത് നൽകാൻ മടിയുള്ളവരും ആ ദിവസങ്ങളിൽ സ്ത്രീകളോട് അമർഷം കൊള്ളുന്നവരും പല ഓഫീസുകളിലും ഉണ്ട് എന്നതും സത്യമാണ്. പലപ്പോഴും സ്ത്രീകൾക്ക് മാത്രമാണ് ആർത്തവം സംബന്ധിച്ച ബുദ്ധിമുട്ടുകൾ മനസിലാകാറ്.
ആർത്തവത്തെ ഒരു സാധാരണ ശാരീരികാവസ്ഥയായി കാണുന്നതോടൊപ്പം തന്നെ ആ സമയത്ത് സംഭവിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങൾ മനസിലാക്കുക എന്നതും പ്രധാനമാണ്. ആർത്തവവുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും മിക്കവാറും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇതും. എന്നാൽ, പോസ്റ്റിന് വളരെ അധികം നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. Pooja Sanwal എന്ന ‘X’ യൂസറാണ് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.
പൂജ പോസ്റ്റിൽ പറയുന്നത് പുരുഷന്മാർക്ക് ആർത്തവമുണ്ടായിരുന്നു എങ്കിൽ പല കമ്പനികളും ശമ്പളത്തോട് കൂടിയ 2-3 ദിവസത്തെ ആർത്തവാവധി നിർബന്ധമാക്കിയേനെ എന്നാണ്. പൂജയുടെ പോസ്റ്റിനോട് അഭിപ്രായം രേഖപ്പെടുത്തിയവരിൽ ഏറെപ്പേരും പറഞ്ഞത് സ്ത്രീകൾക്ക് ആർത്തവാവധി നിർബന്ധമായും നൽകേണ്ടുന്ന ഒന്നാണ്. എന്നാൽ, പൂജ അഭിപ്രായം പറഞ്ഞ രീതി ശരിയായില്ല എന്നാണ്.
'ഇന്ത്യയിൽ ആദ്യമായി ആർത്തവാവധി അനുവദിച്ചത് തലപ്പത്ത് പുരുഷൻ ഇരിക്കുന്ന സൊമാറ്റോയാണ്. എന്തുകൊണ്ട് ഒരു സ്ത്രീക്ക് അത് നടപ്പിലാക്കാൻ തോന്നിയില്ല' എന്നാണ് ഒരാൾ ചോദിച്ചത്. അതേ സമയം സ്ത്രീവിരുദ്ധമായ കമന്റുകൾ രേഖപ്പെടുത്താനും ചിലർ താല്പര്യം കാണിച്ചു. അതേസമയം ഒരുപാട് സ്ത്രീകള്‍ പൂജ പറഞ്ഞത് ശരിയാണ് എന്ന് പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്ന കമ്പനികൾ പ്രശംസിക്കപ്പെടുക തന്നെ വേണം എന്ന് തന്നെയാണ് ഭൂരിഭാഗം സ്ത്രീകളുടേയും അഭിപ്രായം.