ഇന്ന് രാവിലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായകമായ വൈസ് പ്രെസിഡെൻഷ്യൽ ഡിബേറ്റ് ആയിരുന്നു. നിലവിലെ വൈസ് പ്രസിഡണ്ടും റിപ്പബ്ലിക്കൻ വൈസ്പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ മൈക്ക് പെൻസും, ഈ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസും തമ്മിൽ തീപാറുന്ന വാക്പോരാട്ടം തന്നെ നടന്നു. 

കഴിഞ്ഞാഴ്ച നടന്ന ട്രംപ്-ബൈഡൻ ഡിബേറ്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ, കാര്യമാത്രപ്രസക്തമായിരുന്നു ഇന്ന് രാവിലത്തെ ഡിബേറ്റ് എന്ന് പറയേണ്ടി വരും. ട്രംപിന്റെ നിരന്തരമുള്ള ഇടപെടലുകളും, പരസ്പരമുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ഡിബേറ്റ് എങ്കിൽ, ഇന്നത്തേതെ പോളിസികളിൽ ഊന്നിയ ചർച്ചകൾ നിറഞ്ഞ ഒരു ഡിബേറ്റ് ആയിരുന്നു. കമല ഹാരിസ് തന്റെ അക്രമാസക്തമായ പ്രസംഗശൈലി പിന്തുടർന്നുകൊണ്ട് ട്രംപിന്റെ ആരോഗ്യരംഗത്തെ പാളിച്ചകളെയും, സാമ്പത്തിക രംഗത്തെ വീഴ്ചകളെയും, കാലാവസ്ഥാ വ്യതിയാനം, വിദേശനയം എന്നിവയെ രൂക്ഷമായി വിമർശിച്ചപ്പോൾ, പെൻസ് കഴിഞ്ഞ അഞ്ചു വർഷത്തെ ട്രംപ് ഭരണത്തെ ശ്ലാഘിക്കാനും വികസനങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് സാധൂകരിക്കാനും ശ്രമിച്ചു.

അമേരിക്കൻ ജനത ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോൽവിയാണ് പ്രസിഡന്റ് എന്ന നിലയ്ക്ക് ഡോണൾഡ്‌ ട്രംപ് എന്ന് കമലാ ഹാരിസ് ഊന്നിയൂന്നി പറഞ്ഞു. എന്നാൽ, ചൈനയിൽ നിന്ന് കടന്നുവന്ന മഹാമാരിക്കെതിരെ ട്രംപ് കൈക്കൊണ്ട പ്രതിരോധ നടപടികൾ എടുത്തു പറഞ്ഞുകൊണ്ട് പെൻസ് തന്റെ പക്ഷം വെച്ചു. എന്നാൽ, ട്രംപ് അമേരിക്കൻ ജനതയിൽ നിന്ന് സത്യങ്ങൾ മറച്ചു വെച്ചു എന്നും, പ്രതിരോധ നടപടികൾ നാലുമാസത്തോളം വൈകിച്ചു എന്നും കമലാ ഹാരിസ് ആരോപിച്ചു. ട്രംപ് ആദായനികുതി വെട്ടിക്കുന്നു എന്ന വ്യംഗമായ പരാമർശവും കമലയിൽ നിന്നുണ്ടായി. 

കൊവിഡ് വാക്സിനെപ്പറ്റി പറഞ്ഞപ്പോഴാണ് കമലാ ഹാരിസ് ട്രംപിന്റെ വാക്കുകളിലുള്ള തന്റെ അവിശ്വാസം പ്രകടമാക്കിയത്."ഡോക്ടർമാർ പറഞ്ഞാൽ ഞാൻ വാക്സിൻ സ്വീകരിക്കും, ഞാനായിരിയ്ക്കും ആദ്യം സ്വീകരിക്കുന്നവരിൽ ഒരാൾ. പക്ഷേ, വാക്സിൻ എടുക്കണം എന്ന് പറയുന്നത് ട്രംപ് ആണെങ്കിൽ, ഞാൻ ആ പറഞ്ഞത് വിശ്വാസത്തിൽ എടുക്കില്ല. ട്രംപ് പറയുന്ന വാക്സിൻ ഒരിക്കലും എടുക്കില്ല." മുൻകാലങ്ങളിൽ ഹൈഡ്രോക്സി ക്ളോറോക്വിൻ ഉൾപ്പെടെയുള്ള പല അശാസ്ത്രീയമായ പല മരുന്നുകളും കഴിക്കാൻ അമേരിക്കൻ ജനതയോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ട്രംപിന്റെ നടപടികളെ കൊള്ളിച്ചു കൊണ്ടായിരുന്നു കമലാ ഹാരിസിന്റെ ആ പരിഹാസം നിറഞ്ഞ വാക്കുകൾ.