സം​ഗതി പണ്ഡിറ്റ് പ്രശസ്തനാണ് എങ്കിലും അയാളുടെ വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴി എവിടെയും സൂചിപ്പിക്കുന്നില്ല. അതിനാൽ തന്നെ അവിടേക്ക് പോകാനായി എത്തുന്ന ആളുകൾ ​ഗ്രാമത്തിലുള്ളവരോട് വഴി ചോദിക്കാൻ തുടങ്ങി.

ഇന്ന് മിക്കവരും ഏതെങ്കിലും ഒരു സ്ഥലം കണ്ടെത്തണമെങ്കിലോ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കിലോ ആശ്രയിക്കുന്നത് ജിപിഎസ്സിനെയാണ്. എന്നാൽ, നേരത്തെ കാര്യം അങ്ങനെ ആയിരുന്നില്ല. മിക്കാവറും ആളുകൾ അറിയാത്ത സ്ഥലത്ത് എത്തുന്നത് കാണുന്നവരോടൊക്കെ വഴി ചോദിച്ച് മനസിലാക്കി ഒക്കെയാണ്. എന്നാൽ, ലഖ്നൗവിലെ ഒരു ​ഗ്രാമത്തിൽ ഒരു പ്രത്യേകസ്ഥലത്തേക്കുള്ള വഴി ചോദിച്ചാൽ അവിടുത്തെ ആളുകൾ നിങ്ങളോട് 50 രൂപ ഈടാക്കും. ഒരു വഴി ചോദിക്കുന്നതിന് 50 രൂപയോ എന്നാണോ ചിന്തിക്കുന്നത്. ഇവിടെ അങ്ങനെയാണ്. എന്നാൽ, അതിന് ഒരു കാരണവും ഉണ്ട്. 

ലഖ്‌നൗവിലെ സാദത്ഗഞ്ചിലെ ബിബിഗഞ്ച് പ്രദേശത്താണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നത്. ആ സ്ഥലത്താണ് ​ഗ്രാമത്തിലെ പ്രശസ്തനായ പണ്ഡിറ്റ് ബുദ്ധ്‍റാമിന്റെ വീട്. ബുദ്ധ്‍റാമിന്റെ വിലാസം ചോദിച്ച് ആരു ചെന്നാലും അവരിൽ നിന്നെല്ലാം ആളുകൾ 50 രൂപ ഈടാക്കും. കാരണം എന്താണെന്നല്ലേ? ബുദ്ധ്‍റാമിനെ കാണാൻ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. കടം, ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നം, പഠനത്തിൽ താല്പര്യമില്ലായ്മ തുടങ്ങി അനവധി കാര്യങ്ങളിൽ ഉപദേശം തേടിയാണ് ആളുകൾ ബുദ്ധ്‍റാമിനെ കാണാനെത്തുന്നത്. ഈ ഉപദേശത്തിന് പകരമായി 200 രൂപയാണ് അദ്ദേഹത്തിന് നൽകേണ്ടത്. 

സം​ഗതി പണ്ഡിറ്റ് പ്രശസ്തനാണ് എങ്കിലും അയാളുടെ വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴി എവിടെയും സൂചിപ്പിക്കുന്നില്ല. അതിനാൽ തന്നെ അവിടേക്ക് പോകാനായി എത്തുന്ന ആളുകൾ ​ഗ്രാമത്തിലുള്ളവരോട് വഴി ചോദിക്കാൻ തുടങ്ങി. വർഷങ്ങളായി സ്ഥിരമായി ആളുകൾ ഇങ്ങനെ നിരന്തരം വഴി ചോദിച്ച് തങ്ങളുടെ വാതിലിൽ മുട്ടാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് ദേഷ്യം വരാൻ തുടങ്ങി. അതോടെ നാട്ടുകാർ തങ്ങളുടെ വീടിന് മുന്നിൽ ഒരു ബോർഡ് വച്ചു, പണ്ഡിറ്റ് ബുദ്ധ്‍റാമിന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കുന്നവർ 50 രൂപ നൽകണം. എങ്കിലേ വഴി പറഞ്ഞു കൊടുക്കൂ. 

ഏതായാലും, ഇങ്ങനെ ബോർഡ് വച്ചത് കാരണം വഴി ചോദിച്ച് വീടിന്റെ വാതിലിൽ മുട്ടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട് എന്നാണ് ഇവിടുത്തുകാർ പറയുന്നത്.