ജോലി നേടി 20 ദിവസത്തിനുള്ളിൽ ജോലി വിട്ട ശേഷം സാലറി സ്ലിപ്പിന് വേണ്ടിയും ചോദിക്കുന്നു എന്നാണ് റിയ പറയുന്നത്. താൻ ജോലി ചെയ്തതിന് പ്രതിഫലമായി ശമ്പളം നൽകിയിട്ടുണ്ട് എന്നും അവർ തന്റെ പോസ്റ്റിൽ പറയുന്നു.

ജോലിസ്ഥലത്തെ വിവിധ കാര്യങ്ങളെ കുറിച്ച് ഇന്ന് മിക്കവരും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പറയാറുണ്ട്. അങ്ങനെ ഒരു അനുഭവമാണ് ഇപ്പോൾ വ്യാപകചർച്ചയാവുന്നത്. ഐഐഎം ഇൻഡോറിലെ ബിരുദധാരിയും സംരംഭകയുമായ ഒരു യുവതി ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നത്. റിയ സിംഗായ് എന്ന യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അവിടെ ജോലി ചെയ്തിരുന്ന ഒരു ജെൻ സീ ജീവനക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് റിയ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 15–17 ദിവസമാണ് പെൺകുട്ടി അവിടെ ജോലി ചെയ്തിരുന്നത്. അക്കാദമിക് ഡോക്യുമെന്റേഷനായി ആ ദിവസങ്ങളിലെ സാലറി സ്ലിപ്പ് തരാമോ എന്നാണ് അവൾ റിയയോട് ചോദിക്കുന്നത്. വളരെ നല്ല രീതിയിലാണ് അവൾ അത് ചോദിക്കുന്നതും.

എന്നാൽ, റിയ അത് തരാൻ സാധിക്കില്ല എന്നാണ് പറയുന്നത്. മിനിമം ആറ് മാസമെങ്കിലും ജോലി ചെയ്യാതെ സാലറി സ്ലിപ്പ് തരാൻ സാധിക്കില്ല എന്ന് അവർ തന്റെ മറുപടിയിൽ പറയുന്നത് കാണാം. എങ്ങനെയെങ്കിലും സാലറി സ്ലിപ്പ് തരണമെന്നും അല്ലാതെ എങ്ങനെയാണ് താൻ ജോലി ചെയ്തതായും ശമ്പളം വാങ്ങിയതായും തെളിയിക്കുക എന്നുമാണ് മുൻജീവനക്കാരിയായ പെൺകുട്ടിയുടെ ആശങ്ക. ഒപ്പം സാലറി സ്ലിപ്പ് അവകാശമല്ലേ എന്നും അവൾ ചോദിക്കുന്നുണ്ട്.

ജോലി നേടി 20 ദിവസത്തിനുള്ളിൽ ജോലി വിട്ട ശേഷം സാലറി സ്ലിപ്പിന് വേണ്ടിയും ചോദിക്കുന്നു എന്നാണ് റിയ പറയുന്നത്. താൻ ജോലി ചെയ്തതിന് പ്രതിഫലമായി ശമ്പളം നൽകിയിട്ടുണ്ട് എന്നും അവർ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ, റിയ പ്രതീക്ഷിച്ച പ്രതികരണമല്ല നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. കടുത്ത വിമർശനമാണ് അവരുടെ പോസ്റ്റിനുണ്ടായത്.

അഞ്ച് ദിവസമാണെങ്കിൽ പോലും ജോലി ചെയ്താൽ സാലറി സ്ലിപ്പ് നൽകണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സാലറി സ്ലിപ്പ് ഔദാര്യമല്ല അവകാശമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. ഒടുക്കം, നിങ്ങളുടെ എല്ലാം അഭിപ്രായം വായിച്ചു. കൂടുതൽ മികച്ച എച്ച് ആർ പോളിസികൾ തയ്യാറാക്കും എന്നും റിയ പറഞ്ഞിട്ടുണ്ട്.