'അമേരിക്കൻ ഡ്രീം' ഇന്നും ഗ്ലാമർ കുറഞ്ഞിട്ടില്ലാത്ത ഒരു സ്വപ്നമാണ്. സ്വന്തം നാട്ടിൽ നിത്യേന അനുഭവവേദ്യമാകുന്ന നരകതുല്യമായ ജീവിതത്തിൽ നിന്ന് വിടുതൽ കിട്ടാൻ വേണ്ടി, വിദേശത്ത് ഏതുവിധേനയും എത്തിപ്പെടാൻ വേണ്ടി എന്ത് റിസ്കും ഏറ്റെടുക്കാൻ ഇപ്പോഴും ഇന്ത്യക്കാർ തയ്യാറാവുന്നുണ്ട്. പക്ഷേ, അഭയാർത്ഥിയായി അമേരിക്കൻ മണ്ണിൽ എത്തിപ്പെടാൻ വേണ്ടിയുള്ള വെപ്രാളപ്പെട്ടുള്ള ഈ പോക്ക്  പലപ്പോഴും പാമ്പും കോണിയും പോലെയാണ്. പല ദുർഘടങ്ങളെയും അതിജീവിച്ച് മുന്നോട്ടു പോയിപ്പോയി, ലക്ഷ്യസ്ഥാനം കണ്മുന്നിൽ എത്തി നിൽകുമ്പോൾ, മെക്സിക്കോ- അമേരിക്ക അതിർത്തിയിൽ വെച്ച് അവിടത്തെ എമിഗ്രേഷൻ എന്ന തൊണ്ണൂറ്റൊമ്പതിലെ പാമ്പിന്റെ വായിൽ ചെന്നുപെട്ട്, ഒറ്റയടിക്ക് പുറപ്പെട്ടേടത്തുതന്നെ തിരിച്ചെത്തും പാവങ്ങൾ. ഇക്കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയടക്കമുള്ള, 311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങയിൽ നിന്നുള്ള യുവാക്കളായിരുന്നു തട്ടിപ്പിന് ഇരയായി തിരിച്ച് ഇന്ത്യയിലേക്കുതന്നെ നാടുകടത്തപ്പെട്ടത്. പലരും കൃഷിക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ളവർ. ഉള്ളതെല്ലാം വിറ്റുപെറുക്കി അമേരിക്ക പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ. യൂട്യൂബിൽ ഇത്തരത്തിലുള്ള യാത്രകളുടെ വീഡിയോകൾ കണ്ടും, ഇങ്ങനെ അനധികൃതമായി പുറപ്പെട്ടുപോയി അമേരിക്കയിൽ സുഖജീവിതം നയിക്കുന്നവരുടെ മോഹിപ്പിക്കുന്ന കഥകൾ കേട്ടും മനസ്സിളകി വന്നവർ. 

അവരെ അമേരിക്കയിൽ എത്തിക്കാം എന്നേറ്റ സംഘം വളരെ നീണ്ട ഒരു യാത്രയ്ക്കാണ് അവരെ കൊണ്ടുപോയത്. നേർവഴിക്ക് ചെന്നാൽ അമേരിക്ക വിസ കൊടുക്കില്ല എന്നുറപ്പുള്ളവർ പലരും ലക്ഷങ്ങൾ ചെലവിട്ടാണ് അങ്ങനെ ഒരു അപകടയാത്രയ്ക്ക് തുനിഞ്ഞിറങ്ങിയത്. എന്നാൽ, തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന റിസ്കിന്റെ പാരമ്യത്തെപ്പറ്റി അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ആ യാത്രയിൽ കടന്നുപോകാനിരിക്കുന്ന ദുരിതങ്ങളെപ്പറ്റി അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഇല്ലാത്ത പണവും സ്വരുക്കൂട്ടി അങ്ങനെ ഒരു അബദ്ധസഞ്ചാരത്തിന് മുതിരില്ലായിരുന്നു. 15-20 ലക്ഷം രൂപയാണ് ഇവരൊക്കെയും തങ്ങളുടെ വിസ ഏജന്‍റുമാര്‍ക്ക് നൽകിയത്. 

അവരെ കൊണ്ടുപോയ സംഘം, ആദ്യംതന്നെ അവരെ വിമാനമാർഗം എത്തിച്ചത് ഇക്വഡോർ എന്ന ദക്ഷിണ അമേരിക്കയുടെ കിഴക്കൻ തീരത്തു കിടക്കുന്ന കുഞ്ഞുരാജ്യത്താണ്. പിന്നെ കരമാർഗം, കൊളംബിയ, ബ്രസീൽ, പെറു, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിങ്ങനെ ഒരു സൗത്തമേരിക്കൻ പര്യടനം നടത്തിയശേഷം അവർ മെക്സിക്കോയിൽ എത്തുന്നു. അവിടെ അവരെ തല്ലിപ്പൊളി ലോഡ്ജുകളിൽ പാർപ്പിക്കുന്നു. പലതരത്തിലും എമിഗ്രേഷൻ ചെക്ക് പോയന്റുകൾ കടക്കുന്നു അതിനിടെ. 

പനാമ മുതൽ മെക്സിക്കോ വരെയുള്ള യാത്ര വളരെ അപകടങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. ശരീരത്തെ പാടെ തളർത്തുന്ന, കിലോമീറ്ററുകൾ നീളുന്ന കാട്ടിലൂടെയുള്ള നടത്തങ്ങൾ പലരെയും യാത്രയ്ക്കിടെ രോഗബാധിതരാക്കി. മാസങ്ങൾ നീണ്ട ആ ദുരിതയാത്ര ഒടുവിൽ മെക്സിക്കോയിൽ എത്തുമ്പോൾ. കാട്ടിനുള്ളിൽ വെള്ളവും ഭക്ഷണവുമില്ലാതെ അവർ ദിവസങ്ങളോളം നടപ്പുതുടർന്നു. "ഞാൻ യൂട്യൂബിൽ വീഡിയോകൾ കണ്ടിരുന്നു. അതിലൊന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല." ജലന്ധറിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ച സേവക് സിങ്ങ് എന്ന കർഷകൻ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 

ഈ വിസാ ഏജന്റുകൾക്ക് വ്യവസ്ഥാപിതമായ ഓഫീസുകളും മറ്റും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവരെ ഈ പ്രശ്നങ്ങളുടെ പേരിൽ രണ്ടാമതൊരിക്കൽ ചെന്ന് ചോദ്യംചെയ്യാൻ കണ്ടുകിട്ടാറുമില്ല. പലരും തങ്ങളുടെ വലവിരിക്കുന്നത് വാട്ട്സാപ്പിൽ ആണ്. മാഫിയാ സംഘങ്ങൾ വാഴുന്ന കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലൂടെ കരമാർഗമുള്ള ഇവരുടെ യാത്രയ്ക്ക് കൂട്ടുവരുന്നത് തോക്കേന്തിയ നാലോ അഞ്ചോ മല്ലന്മാരാണ്. അവരോടാണെങ്കിൽ, അസൗകര്യങ്ങളെപ്പറ്റി മിണ്ടാൻ പോലും പറ്റില്ല. അവർക്ക് സ്പാനിഷല്ലാതെ കാര്യമായ ഭാഷയും അറിയില്ല. പനാമയിൽ എത്തിയ ശേഷമാണ് അവരുടെ യാത്രയുടെ ഏറ്റവും ദുരിതപൂർണമായ പർവ്വം തുടങ്ങുന്നത്. എട്ടുദിവസങ്ങളോളം തുടർച്ചയായി ഘോരവനത്തിനുള്ളിലൂടെയുള്ള ട്രെക്കിങ്ങ് ആയിരുന്നു.

ഇടയ്ക്കിടെ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ട് ഇട്ടിട്ടുള്ള അടയാളങ്ങൾ നോക്കിയാണ് വഴികാട്ടികളായി കൂടെ വന്നവർ അവരെ നയിച്ചിരുന്നത്. അവസാനത്തെ മൂന്നുദിവസം വെള്ളം പോലും കുടിക്കാൻ കിട്ടാതെയുള്ള യാത്രയായിരുന്നു. ഷർട്ട് പിഴിഞ്ഞ് കിട്ടിയ സ്വന്തം വിയർപ്പായിരുന്നു അവർ ദാഹം തീർക്കാൻ കുടിച്ചിറക്കിയത്. കഴിക്കാനും ഒന്നും കിട്ടിയില്ല. വന്യമൃഗങ്ങളുള്ള ആ വനത്തിലൂടെ യാത്ര ചെയ്തിട്ടും മരിക്കാതെ രക്ഷപ്പെട്ടത് എന്തോ ഭാഗ്യത്തിനാണ് എന്ന് അവർ പറയുന്നു. യാത്രയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന ചിലർ മരണപ്പെട്ടിരുന്നു എന്നും അവർ അധികൃതരോട് പറഞ്ഞു. 

 മെക്സിക്കോ അതിർത്തിയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട അവർ അവിടെ ജയിലിൽ അടക്കപ്പെട്ടു. വൃത്തിഹീനമായ പരിസരങ്ങൾ, ദിവസം രണ്ടു നേരം മാത്രം ഭക്ഷണം. ഒരുപാട് അനുഭവിച്ചു എല്ലാവരും. അസുഖങ്ങൾ പലതുള്ള എല്ലാവരെയും കൂടി കുടുസ്സുമുറികളിൽ അടച്ചിട്ടിരുന്നു. കഷ്ടിച്ച് എല്ലാവർക്കും കിടന്നുറങ്ങാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ ഡിറ്റൻഷൻ ക്യാമ്പിനുള്ളിൽ. ഉള്ള അസുഖങ്ങൾ അങ്ങനെ എല്ലാവർക്കും പകർന്നു കിട്ടി. 

രണ്ടോ മൂന്നോ മാസത്തെ യാത്ര, നാല്പത്തഞ്ചു ദിവസം മെക്സിക്കോയിൽ ജയിൽവാസം. തിരിച്ച് നാട്ടിലേക്കുള്ള ഡീപോർട്ടേഷൻ. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി നാട്ടിൽ തൊഴിൽരഹിതരായിരുന്നു അവരിൽ പലരും. ആകെയുള്ള കൃഷിഭൂമി വിറ്റിട്ടാണ് യാത്രയ്ക്കുള്ള പണം വിസാ ഏജന്റ് ചമഞ്ഞെത്തിയവരെ ഏൽപ്പിച്ചത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് അവർ.