ഇതുവരെ ഇങ്ങനെ ഒന്ന് ചെയ്തിട്ടില്ല എന്ന് തൈമേല പറയുന്നു. കുട്ടികളുടെ അമ്മമാരുടെ അനുമതിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. "സുപ്രഭാതം! ഇന്ന് 2020 മെയ് 7-ാം (ഏഴാം തീയതി) വ്യാഴാഴ്ചയാണ്. വിദൂരവിദ്യാലയത്തിന്റെ ആദ്യ ദിവസം!" തൈമേലയുടെ ആദ്യ സന്ദേശം ഇങ്ങനെയായിരുന്നു. 

എല്ലാ ദിവസവും ഒമ്പത് മണിക്ക്, ഇലോന തൈമേല(Ilona Taimela) തന്റെ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുകയും അവരുടെ അസൈൻമെന്റുകൾ വിശദീകരിക്കുകയും ചെയ്തു. വിദൂരമായിരുന്നാണ് പലപ്പോഴും അവൾ ജോലി ചെയ്തിരുന്നത്. ഓൺലൈൻ ക്ലാസുകൾ ഇന്ന് പുതുമയല്ല അല്ലേ? പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫിൻലൻഡി(Finland)ലെ ഈ അധ്യാപിക അവളുടെ ഡെസ്കിൽ നിന്ന് അകലെയുള്ള വടക്ക്-കിഴക്കൻ സിറിയയിലെ ഒരു തടങ്കൽ പാളയത്തിലെ വിദ്യാർത്ഥികളെയാണ് പഠിപ്പിക്കുന്നത്. ഐഎസ്സുമായി ബന്ധമുള്ള ആളുകളുടെ കുഞ്ഞുങ്ങളെയാണ് അവൾ പഠിപ്പിച്ചത്. ആ വിദ്യാർത്ഥികളിൽ പലരുടെയും മാതാപിതാക്കൾ തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. 

വാട്ട്‌സാപ്പ് വഴിയുള്ള സന്ദേശങ്ങളിലൂടെ, കണക്ക് മുതൽ ഭൂമിശാസ്ത്രം വരെയുള്ള വിഷയങ്ങൾ ഫിന്നിഷിലും ഇംഗ്ലീഷിലും അവൾ പഠിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പുമായി ബന്ധമുള്ള ആളുകളെ പാർപ്പിച്ചിരിക്കുന്ന അൽ-ഹോൾ ക്യാമ്പിലെ 23 ഫിന്നിഷ് കുട്ടികളായിരുന്നു അവളുടെ വിദ്യാർത്ഥികൾ. ഏകദേശം 60,000 ആളുകൾ അവിടെ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും യൂറോപ്പ് ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമാണ്. ആ കുട്ടികളിൽ ചിലർ തൈമേലയുടെ വിദ്യാർത്ഥികളായി. “കുട്ടികൾ ആരുടെയായാലും അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്” തൈമേല ബിബിസിയോട് പറഞ്ഞു.

തൈമേലയുടെ ക്ലാസുകൾക്ക് മുമ്പ്, ചാരിറ്റികൾ നടത്തുന്ന താൽക്കാലിക സ്കൂളുകളിൽ മാത്രമേ അവർക്ക് അനൗപചാരിക വിദ്യാഭ്യാസം നേടാനായിരുന്നുള്ളൂ. എന്നാൽ, 2019 -ന്റെ തുടക്കത്തിൽ സിറിയയിൽ ഐഎസിന്റെ പ്രാദേശിക പരാജയത്തെത്തുടർന്ന്, ക്യാമ്പ് ജയിലായി മാറി, യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സേന ജയിലർമാരും. എല്ലാ രാജ്യങ്ങളിലെയും കുട്ടികൾ വർഷങ്ങളായി അവിടെയാണ് കഴിഞ്ഞത്. കാരണം അവരുടെ മാതൃരാജ്യങ്ങൾ, ഒരിക്കൽ ഐഎസ്സിൽ ചേർന്ന അവരുടെ അമ്മമാരെ തിരിച്ചെടുക്കുന്നതിന്റെ അപകടസാധ്യതകൾ വിലയിരുത്തുകയാണ്. ഇപ്പോഴും അവർ തീവ്രവാദത്തെ അനുകൂലിക്കുന്നുണ്ടാവാം എന്ന ഭയവും രാജ്യങ്ങൾക്കുണ്ട്. അതിനിടെ, കുട്ടികൾ വളരുന്നത് മനുഷ്യത്വരഹിതമായ അവസ്ഥയിലാണ് എന്ന് അവകാശവാദ സംഘടനകൾ അപലപിക്കുന്നുണ്ട്. 

2019 -ന്റെ അവസാനത്തിൽ, ക്യാമ്പിലെ 30 ഫിന്നിഷ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ആശയം ഫിൻലൻഡിലെ മധ്യ-ഇടത് സഖ്യ സർക്കാർ മുന്നോട്ടുവച്ചു. എന്നാൽ, കുട്ടികളെ അവരുടെ അമ്മമാരിൽ നിന്ന് വേർപെടുത്തുന്നതിനുള്ള നിയമപരമായ പ്രതിസന്ധി തുറന്നുകാട്ടുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, ക്യാമ്പ് നിയന്ത്രിക്കുന്ന കുർദിഷ് നേതൃത്വത്തിലുള്ള അധികാരികളുമായി ചർച്ചകൾക്ക് നേതൃത്വം നൽകാൻ ജുസ്സി ടാനർ എന്ന പ്രത്യേക ദൂതനെ സർക്കാർ നിയോഗിച്ചു. ആ പ്രക്രിയ ശ്രമകരമായ ഒന്നായിരുന്നു. ആഴ്ചകൾ മാസങ്ങളായി മാറിയപ്പോൾ, ഫിന്നിഷ് നിയമപ്രകാരം ഈ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടക്കാല നടപടികൾ ടാനർ പരിഗണിക്കാൻ തുടങ്ങി. 

2020 മാർച്ചിൽ കൊവിഡ് -19 നെ തുടർന്ന് സ്‌കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായപ്പോഴാണ്, ടാനർ ഫിൻലൻഡിൽ വിദ്യാർത്ഥികളെ വിദൂരമായി പഠിപ്പിക്കാൻ കഴിയുമെങ്കിൽ, അൽ-ഹോളിലെ ഫിന്നിഷ് കുട്ടികളെയും ഇങ്ങനെ പഠിപ്പിക്കാനാവുമോ എന്ന് ചിന്തിക്കുന്നത്. ഫിൻലാൻഡ് സർക്കാർ ഈ ആശയത്തെ പിന്തുണയ്ക്കുകയും വിദൂര അധ്യാപന പരിപാടി വികസിപ്പിക്കാൻ ലൈഫ് ലോംഗ് ലേണിംഗ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. മൾട്ടി കൾച്ചറൽ അധ്യാപനത്തിൽ അനുഭവപരിചയമുള്ള തൈമേലയിലേക്ക് അങ്ങനെയാണ് ഫൗണ്ടേഷൻ എത്തുന്നത്. 

ഫൗണ്ടേഷന്റെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ തലവനായ തുയിജ ടാമെലാൻഡറാണ് അവളെ ബന്ധപ്പെട്ടത്. ആഴ്ചകൾക്കുള്ളിൽ തൈമേലയും മറ്റൊരു അധ്യാപികയും ഒരു സ്പെഷ്യലിസ്റ്റ് പാഠ്യപദ്ധതി രൂപകൽപന ചെയ്തു. കുട്ടികൾക്ക് ദൈനംദിന പാഠങ്ങൾ അയച്ചുകൊടുക്കുന്നതിലൂടെ, പ്രധാന വിഷയങ്ങളിൽ അവരുടെ കഴിവ് മെച്ചപ്പെടുത്താനും ഫിൻലൻഡിലെ ജീവിതത്തിനായി അവരെ തയ്യാറാക്കാനും അവർ ലക്ഷ്യമിട്ടു. അസാധാരണമായി, അവളുടെ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിനുള്ള ഏക മാർഗം വാട്ട്‌സാപ്പ് ആയിരുന്നു. 

ഇതുവരെ ഇങ്ങനെ ഒന്ന് ചെയ്തിട്ടില്ല എന്ന് തൈമേല പറയുന്നു. കുട്ടികളുടെ അമ്മമാരുടെ അനുമതിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. "സുപ്രഭാതം! ഇന്ന് 2020 മെയ് 7-ാം (ഏഴാം തീയതി) വ്യാഴാഴ്ചയാണ്. വിദൂരവിദ്യാലയത്തിന്റെ ആദ്യ ദിവസം!" തൈമേലയുടെ ആദ്യ സന്ദേശം ഇങ്ങനെയായിരുന്നു. അവൾ സൺഗ്ലാസും തലയിൽ ഒരു സ്കാർഫും ഉള്ള ഒരു ചിത്രമാണ് അയച്ചത്. അവൾ സ്വയം പരിചയപ്പെടുത്തിയത് സാറ എന്ന പേരിലാണ്, അവളുടെ ഐഡന്റിറ്റി സംരക്ഷിക്കാനായിരുന്നു ഇത്. അവളുടെ സന്ദേശങ്ങളിൽ ഭൂരിഭാഗവും ഫിന്നിഷ് ഭാഷയിലാണ് എഴുതിയത്, ചിലതിൽ, ഡാറ്റാ-ഇന്റൻസീവ് ഇമേജുകൾക്ക് പകരം ഇമോജികൾ ഉപയോഗിച്ചു. 

ഫിന്നിഷ് ഭാഷയും ഗണിതവും അവളുടെ പാഠ്യപദ്ധതിയുടെ അടിത്തറ രൂപപ്പെടുത്തി, അത് ഓരോ കുട്ടിയുടെയും പ്രായത്തിനും കഴിവിനും അനുസൃതമായി അസൈൻമെന്റുകൾ ക്രമീകരിച്ചു. കാലക്രമേണ കുട്ടികളുടെ മെച്ചപ്പെടലുകൾക്ക് സാക്ഷ്യം വഹിച്ചതായി തൈമേല പറഞ്ഞു. ആത്യന്തികമായി, ഒരു ആറുവയസ്സുകാരന് ഫിന്നിഷ് ഭാഷയിൽ മുഴുവൻ കഥകളും വായിക്കാൻ കഴിഞ്ഞു, അതേസമയം മുതിർന്ന വിദ്യാർത്ഥികൾക്ക് ഭാഷയുടെ കൂടുതൽ സങ്കീർണ്ണമായ ഘടകങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. 

നൂറുകണക്കിന് ടെക്‌സ്‌റ്റുകളും വോയ്‌സ് സന്ദേശങ്ങളും ഉപയോഗിച്ചുള്ള ഇടപഴകലിന്റെ ഫലമായിരുന്നു കുട്ടികളുടെ പുരോഗതി. അമ്മമാർ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതിനാൽ, ഈ സന്ദേശങ്ങൾ കുർദിഷ് അധികാരികളിൽ നിന്നും ഫിന്നിഷ് പൊതുജനങ്ങളിൽ നിന്നും രഹസ്യമായി സൂക്ഷിക്കേണ്ടതായി വന്നു. എന്നിട്ടും, അവ ഗാർഡുകൾ വായിക്കുന്നുണ്ടെന്ന് തൈമേല സംശയിച്ചു. ചിലപ്പോൾ, അമ്മമാർ ആഴ്ചകളോളം പ്രതികരിച്ചില്ല, അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു. 

ഈ വർഷം വസന്തത്തോടെ, മിക്ക കുടുംബങ്ങളുമായും തൈമേലയ്ക്ക് ബന്ധം നഷ്ടപ്പെട്ടു. അവരിൽ കൂടുതൽ പേരെ സ്വദേശത്തേക്ക് തിരിച്ചയക്കുകയോ അടുത്തുള്ള അൽ-റോജ് ക്യാമ്പിലേക്ക് മാറ്റുകയോ ചെയ്‌തതിനാലാണിത്. അങ്ങനെ ക്ലാസുകളുപേക്ഷിക്കേണ്ടി വന്നു. 23 കുട്ടികളെയും ഏഴ് മുതിർന്നവരെയും തിരിച്ചയച്ചതായും 15 ഓളം ഫിൻസ് സിറിയയിൽ അവശേഷിക്കുന്നുണ്ടെന്നും ടാനർ പറഞ്ഞു.

ഇപ്പോഴിതാ, തൈമേലയുടെ സ്കൂൾ എന്തായാലും അവധിയിലാണ്. അവരെയെല്ലാം നാട്ടിലേക്ക് തിരിച്ചയപ്പോഴും, അവളുടെ വിദ്യാർത്ഥികൾക്കിടയിൽ അവൾ മിക്കവാറും അവരുടെ രഹസ്യ അധ്യാപികയായും അപരിചിതയായും തുടർന്നു. എന്നാൽ, ഫിൻലൻഡിലെ ഒരു റിസപ്ഷൻ സെന്ററിൽ അവളുടെ ചില വിദ്യാർത്ഥികളെ അവളൊരിക്കൽ കണ്ടുമുട്ടി. "ആദ്യം അവർക്ക് വളരെ നാണമായിരുന്നു. പക്ഷേ അവസാനം അവർ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ച് വായിക്കുകയും ഫോൺ നോക്കുകയും ചെയ്തു" തൈമേല പറയുന്നു. ഏതായാലും, കുഞ്ഞുങ്ങളെന്തായാലും കുഞ്ഞുങ്ങളല്ലേ എന്നാണ് തൈമേലയുടെ പക്ഷം. ആ കുഞ്ഞുങ്ങളെ പഠിപ്പിക്കാനായതിന്റെ സന്തോഷമുണ്ട് ഈ അധ്യാപികയ്ക്ക്.