Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് ഇങ്ങനെ മഴ? വരും ദിവസങ്ങളിലെ അവസ്ഥയെന്താവും?

വരും ദിവസങ്ങളിലും മഴ തുടരുക തന്നെ ചെയ്യും. അതും ശക്തവും അതിശക്തവുമായ മഴ തന്നെയായിരിക്കാം. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയായിരിക്കും കേരളത്തില്‍. 

IMD director k santhosh on kerala heavy rain
Author
Thiruvananthapuram, First Published Aug 9, 2019, 3:32 PM IST

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെ ഒരു ജനത അതിജീവിക്കും മുമ്പാണ് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കേരളം വിറങ്ങലിച്ചിരിക്കുന്നത്. പല ജില്ലകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയും, ദുരിതാശ്വാസക്യാമ്പുകളിലേക്കെത്തുകയും ചെയ്യുന്നു. മഴയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ഭയപ്പെടുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്? എന്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സമാനമായ രീതിയില്‍ മഴ പെയ്യുന്നതും അപകടങ്ങളുണ്ടാകുന്നതും? തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

എന്തുകൊണ്ടിങ്ങനെ മഴ?

കേരളത്തിൽ കാലവര്‍ഷം തീവ്രമാകുന്ന സമയമാണ് ജൂലൈ 15 മുതല്‍ ആഗസ്ത് 15 വരെയുള്ള കാലം. കഴിഞ്ഞ വര്‍ഷം ഏറെക്കുറെ ഇതേ കാലത്ത് പ്രളയമുണ്ടായി. ഈ വര്‍ഷവും കനത്ത മഴയാണ്. അതുകൊണ്ട് വരും വര്‍ഷങ്ങളിലുമുണ്ടാകാം എന്നൊന്നും പറയാന്‍ കഴിയില്ല. ഓരോ വര്‍ഷത്തെ മണ്‍സൂണും വ്യത്യസ്തമാണ്. മണ്‍സൂണ്‍ ശക്തമാകാൻ കാരണം പലതുണ്ട്.  ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം, അതിൽ നിന്നും ഉടലെടുക്കുന്ന 'ഡിപ്രഷൻ', കേരള-കര്‍ണാടക തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദ പാത്തി,  തെക്ക് പടിഞ്ഞാറ് ദിശയില്‍ വീശുന്ന കാറ്റ് - ഇത്രയും കാര്യങ്ങൾ നടന്നു കഴിയുമ്പോഴാണ്   കേരളത്തില്‍ മഴ ശക്തമാകുന്നത്. 

IMD director k santhosh on kerala heavy rain

ഇപ്പോള്‍ ഈ സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. അതിനാല്‍ത്തന്നെ ശക്തമായ മഴ പെയ്യുന്നു. ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അത് ഒറീസാ തീരത്തിലൂടെ കരയിലേക്ക് കടന്നു. ഇപ്പോഴത് മധ്യപ്രദേശിലെത്തിയിട്ടുണ്ട്. അതിന്‍റെ സ്വാധീനമുണ്ട്. ഉത്തര പശ്ചിമ ശാന്തമഹാസമുദ്രത്തിൽ ചുഴലിക്കൊടുങ്കാറ്റും വീശുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ  സമയത്ത് ഇതേ സാഹചര്യമുണ്ടായിരുന്നുവെന്നത് ഒരു യാദൃച്ഛികത മാത്രമായിരിക്കാം. 

കഴിഞ്ഞ വര്‍ഷത്തെ അനുഭവം... 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്‍റെ അനുഭവം നമുക്കുണ്ട്. അതിനാല്‍ത്തന്നെ മഴ ശക്തമാകുമ്പോള്‍ തന്നെ മുന്‍കരുതലുകളെക്കുറിച്ച് ബോധ്യമുണ്ട്. അതുപോലെ തന്നെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ട്. ഐ എം ഡി -യുടെ ഒരു കടമയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നത് അത് നേരത്തെ കൊടുത്തുകൊണ്ടിരിക്കുന്നു. മഴ ശക്തമാകുന്നുവെന്നതും അത് എത്രത്തോളം ശക്തമാണ് എന്നതുമായ അപ്‍ഡേഷനുമെല്ലാം നല്‍കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം ഈ വിവരങ്ങള്‍ കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നുണ്ട്. അതിനനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ജാഗ്രതയോടെയിരിക്കുന്നു. 

വരും ദിവസങ്ങളില്‍ എന്തായിരിക്കും അവസ്ഥ?

വരും ദിവസങ്ങളിലും മഴ തുടരുക തന്നെ ചെയ്യും. അതും ശക്തവും അതിശക്തവുമായ മഴ തന്നെയായിരിക്കാം. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയായിരിക്കും കേരളത്തില്‍. ഇന്ന് അതിശക്തമായ മഴ തന്നെ തുടരും. 20 സെന്‍റിമീറ്ററില്‍ കൂടുതലായിരിക്കും മഴ. റെഡ് അലര്‍ട്ടിനുശേഷം ഓറഞ്ച് അലര്‍ട്ടുമുണ്ടായിരിക്കും. 

ഭയപ്പെടേണ്ട സാഹചര്യം എന്തുകൊണ്ടാകാം?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായ സാഹചര്യമല്ല കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളത്തില്‍ മഴക്കാലത്തുള്ളത്. അതിന് കാരണങ്ങള്‍ പലതാകാം. വെള്ളം കുത്തിയൊഴുകുകയാണ്. ഒരു മണിക്കൂര്‍ പെയ്യുന്ന മഴയുടെ അളവ് നേരത്തെ വര്‍ഷങ്ങളിലുണ്ടായതില്‍ നിന്നും കൂടുതലായിരിക്കാം. നേരത്തെ ഒരു ദിവസം മുഴുവന്‍ മഴ നിന്നുപെയ്യുകയായിരിക്കാം.

IMD director k santhosh on kerala heavy rain

എന്നാല്‍, ഇപ്പോള്‍ ഒരു മണിക്കൂറില്‍ത്തന്നെ പെയ്യുന്ന മഴയുടെ അളവ് കൂടുതലായിരിക്കാം. പ്രകൃതിയിലെ മാറ്റങ്ങളും ഇങ്ങനെയൊരവസ്ഥയ്ക്ക് കാരണമാകുന്നുവെന്നാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതിനും സാധ്യതയുണ്ടാകാം. ജലാശയങ്ങളോ വയലോ ഒന്നുമില്ലാത്തത് അതിന് കാരണമാകാം.  


 

Follow Us:
Download App:
  • android
  • ios