ഔഷധഗുണമുള്ള കച്ചോലം തെങ്ങിന്‍തോപ്പില്‍ ഇടവിളയായി പലരും കൃഷി ചെയ്യാറുണ്ട്. കച്ചോലത്തിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളിലും തൈലങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്ന കച്ചോലം കൃഷി ചെയ്ത് ആദായം നേടാം. കച്ചോലത്തിന്റെ ഇലയ്ക്കും കിഴങ്ങിനും നല്ല സുഗന്ധമാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിവിധിയായി കച്ചോലം ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിരശല്യം ഒഴിവാക്കാനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കെതിരെയും ഈ ചെടിയില്‍ നിന്നുള്ള ഔഷധം ഉപയോഗിക്കുന്നു.

അഗസ്ത്യരസായനം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, രാസ്‌നാദിപ്പൊടി എന്നിവയിലെ പ്രധാന ഘടകമാണ് കച്ചോലം. വിഷവസ്തുക്കളെ പുറന്തള്ളാനുള്ള കഴിവാണ് പ്രധാനം. ജലദോഷം, തലവേദന, പല്ലുവേദന എന്നിവയ്ക്കെതിരെയുള്ള ഔഷധമായും ആയുര്‍വേദ മരുന്നുകളില്‍ കച്ചോലം ഉപയോഗിക്കുന്നുണ്ട്. വ്യാവസായികമായി വളര്‍ത്തുന്നവര്‍ക്ക് ഔഷധമുണ്ടാക്കാനായി വിറ്റഴിക്കാവുന്നതാണ്.

കച്ചോലത്തിലെ ഇനങ്ങള്‍

രജനി, കസ്തൂരി എന്നിവയാണ് കച്ചോലത്തിലെ വിവിധ ഇനങ്ങള്‍. ഇംഗ്ലീഷില്‍ അരോമാറ്റിക് ജിംജര്‍ എന്നാണ് ഈ സസ്യം അറിപ്പെടുന്നത്. മലയാളത്തില്‍ കച്ചോരം എന്നും പറയാറുണ്ട്. സിന്‍ജി ബെറേസി സസ്യകുടുംബത്തിലാണ് ജനനം.

നടീല്‍ വസ്തുക്കള്‍ തയ്യാറാക്കാം

നല്ല മൂപ്പുള്ള കിഴങ്ങുകള്‍ ഉപയോഗിക്കണം. രോഗബാധ തീരെയില്ലാത്ത കിഴങ്ങുകള്‍ വേണം ഉപയോഗിക്കാന്‍. നടാന്‍ ഉപയോഗിക്കുന്നതിന് മുമ്പ് സ്യൂഡോമോണാസ് ലായനിയിലോ പച്ചച്ചാണകം വെള്ളത്തില്‍ കലക്കിയതിലോ മുക്കിവെക്കണം. ഈ നടീല്‍ വസ്തുക്കള്‍ തണലത്ത് ഉണക്കിയെടുക്കണം.

കൃഷി ചെയ്യുന്ന വിധം

നല്ല വളക്കൂറുള്ള മണ്ണാണ് അനുയോജ്യം. അതുപോലെ വെള്ളം കെട്ടി നില്‍ക്കരുത്. മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനും ഇടയില്‍ ആകുന്നതാണ് നല്ലത്. കച്ചോലം ഇഞ്ചിയുടെ വര്‍ഗത്തില്‍പ്പെട്ട വിളയാണ്.

മറ്റേതൊരു വിളയും കൃഷി ചെയ്യുന്ന പോലെ മണ്ണൊരുക്കുമ്പോള്‍ അമ്ലഗുണം അധികമാണെങ്കില്‍ അല്‍പ്പം ഡോളമൈറ്റോ കുമ്മായമോ വിതറാം. കൃഷി ചെയ്യാന്‍ പോകുന്ന സ്ഥലം നന്നായി ഉഴുതുമറിക്കണം.

നിങ്ങള്‍ കച്ചോലം വന്‍തോതില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഒരു സെന്റ് സ്ഥലത്ത് 30 മുതല്‍ 40 കിലോ ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ഇളക്കണം. നടാനായി തടം ഉണ്ടാക്കുമ്പോള്‍ ഒരടി ഉയരത്തില്‍ വേണം.

കിഴങ്ങുകള്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. വരിയായും നിരയായും തടമെടുത്താണ് നടേണ്ടത്. കാല്‍മീറ്റര്‍ ഉയരത്തിലും കാല്‍മീറ്റര്‍ അകലത്തിലുമായിരിക്കണം കുഴികള്‍ ഉണ്ടാക്കേണ്ടത്.

പൂപ്പല്‍രോഗങ്ങള്‍ മണ്ണിലൂടെ പകരാന്‍ സാധ്യതയുണ്ട്. അതുപോലെ വിരകളും വേര് ചീയലും ബാധിക്കാന്‍ സാധ്യതയുണ്ട്. വേപ്പിന്‍പിണ്ണാക്കും ട്രൈക്കോഡെര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും കിഴങ്ങ് നടുമ്പോള്‍ മണ്ണിലിട്ട് മൂടിയാല്‍ ഇത്തരം രോഗങ്ങള്‍ ഒഴിവാക്കാം.

ജലസേചനം

ഇലകള്‍ പൊട്ടിവിരിയുന്നതുവരെ നന അത്യാവശ്യമാണ്. മഴക്കാലത്ത് വെള്ളം അധികം കൊടുക്കേണ്ട. തടങ്ങളില്‍ വെള്ളം കെട്ടിനിന്നാല്‍ പെട്ടെന്ന് വേര് ചീഞ്ഞ് എല്ലാം നശിച്ചുപോകും.

ജൈവവളങ്ങള്‍ തന്നെ നല്ലത്

കച്ചോലത്തിന് ജൈവവളങ്ങളാണ് നല്ലത്. ചാണകപ്പൊടി തന്നെ പ്രധാനം. പച്ചിലവളവും ചാരവും ചാണകപ്പൊടിയുടെ കൂടെ ചേര്‍ക്കാം.

പുതയിടാന്‍ ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകളാണ്. ഈര്‍പ്പം അത്യാവശ്യമാണ്.

രോഗബാധ ശ്രദ്ധിക്കാം

ചെല്ലിയുടെ ആക്രമണം കച്ചോലത്തെ ബാധിക്കും. കിഴങ്ങ് തുരന്ന് നശിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. കച്ചോലത്തിനുള്ളില്‍ പ്രവേശിക്കുന്ന ചെല്ലികള്‍ മുട്ടയിട്ട് പെരുകും. ഇതിന്റെ കുഞ്ഞുങ്ങള്‍ കിഴങ്ങിന്റെ മാംസളമായി ഭാഗങ്ങള്‍ തിന്നുതീര്‍ക്കും. മൊസൈക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. ബാക്റ്റീരിയല്‍ വാട്ടവും ഇലപ്പുള്ളിരോഗവും ഉണ്ടാകാം.

ഇലപ്പുള്ളി രോഗം ബാധിച്ചാല്‍ ഇലകള്‍ പറിച്ചുകളഞ്ഞ് എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിലേക്ക് നാല്‍പ്പത് ഗ്രാം പാല്‍ക്കായം കൂടി ചേര്‍ത്ത് കിട്ടുന്ന ലായനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്തും മുകള്‍ഭാഗത്തും രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കാം. മൊസൈക്ക് രോഗം ബാധിച്ചാല്‍ വെര്‍ട്ടിസീലിയം ലക്കാനി അഞ്ച് മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.

കച്ചോലം നിലത്ത് പടര്‍ന്നു വളരുന്ന ചെടിയാണ്. ഇതിന്റെ പൂക്കള്‍ക്ക് ഇളംവയലറ്റ് നിറമാണ്. നട്ടുകഴിഞ്ഞാല്‍ എട്ടുമാസം കൊണ്ട് വിളവെടുക്കാം. ഇലകള്‍ ഉണങ്ങുമ്പോളാണ് വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കുന്നത്. വിളവെടുത്ത് കഴിഞ്ഞാല്‍ മഞ്ഞള്‍ കഴുകുന്നത് പോലെ വൃത്തിയാക്കി ആണ് ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.