തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിലും ബംഗ്ലാദേശിലുമായി ആഞ്ഞടിച്ച ബുള്‍ ബുള്‍ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായത് 20-ഓളം പേര്‍ക്കാണ്. ശക്തമായ ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകി വീണും ബംഗാളിലും ബംഗ്ലാദേശിലുമായി പത്തു പേര്‍ വീതം മരണമടഞ്ഞതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയ ചുഴലിക്കാറ്റിന് പശ്ചിമ ബംഗാളിന്‍റെ തീരപ്രദേശത്തെ ഒന്നടങ്കം സംഹരിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. മരണസംഖ്യ ഇതിലും ഉയര്‍ന്നേനെ. നാശനഷ്ടങ്ങളുടെ കണക്ക് വന്‍തോതില്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിന്നും ബംഗാളിനെ ഒരു പരിധി വരെ സംരക്ഷിച്ചത് കണ്ടല്‍ക്കാടുകളാണ്. മണിക്കൂറുകള്‍ കഴിയുന്തോറും ശക്തി പ്രാപിച്ച് വന്ന ചുഴലിക്കാറ്റിനെ 20 കിലോമീറ്റര്‍ വേഗത്തിലേക്ക് പിടിച്ചുകെട്ടിയാണ് കണ്ടല്‍ക്കാടുകള്‍ സംരക്ഷണത്തിന്‍റെ കോട്ട തീര്‍ത്തത്, ലക്ഷക്കണക്കിന് ജീവനുകളെ ദുരന്തമുഖത്ത് നിന്ന് രക്ഷിച്ചത്. 

നവംബര്‍ ഒമ്പതിനാണ് പശ്ചിമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും തീരപ്രദേശങ്ങളില്‍ ബുള്‍ ബുള്‍ ചുഴലിക്കാറ്റ് വീശിയത്. ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. ഇതിലേറേയും ദരിദ്രരായ ആളുകള്‍ പാര്‍ക്കുന്ന മണ്‍വീടുകളാണ്. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ച ബംഗ്ലാദേശിലെ കുല്‍നയില്‍ വന്‍നാശമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ ഇവിടെ മരങ്ങള്‍ വേരോടെ നിലം പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുള്‍ ബുള്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം ഏകദേശം ഇരുപത് ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബംഗ്ലാദേശിലെ 14 തീരദേശ ജില്ലകളില്‍ നിന്നായി 1.8 മില്യണ്‍ ആളുകളെയാണ് റിലീഫ് സെന്‍ററുകളിലേക്ക് മാറ്റിയത്. കൊല്‍ക്കത്ത വിമാനത്താവളം എട്ടുമണിക്കൂറോളം അടച്ചിട്ടു. അഞ്ചുലക്ഷത്തോളം ആളുകളുടെ കൃഷി നശിച്ചു. സാഗര്‍ ദ്വീപില്‍ 10,000 മണ്‍വീടുകളും തൊട്ടടുത്തുള്ള ദ്വീപുകളില്‍ 3,000 മണ്‍വീടുകളും തകര്‍ന്നു. 

പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമായ സുന്ദർബൻ ഡെൽറ്റ എന്ന സുന്ദര്‍വനമാണ് ബംഗാളില്‍ ബുള്‍ ബുള്‍ മൂലമുണ്ടായേക്കാവുന്ന ദുരന്തത്തിന്‍റെ ആക്കം കുറച്ചത്. 2009- ല്‍ പശ്ചിമ ബംഗാള്‍, ഒറീസ്സ തീരത്ത് ഐല ചുഴലിക്കാറ്റ് വീശിയപ്പോള്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വമ്പന്‍ തിരമാലകള്‍ ചുഴലിക്കാറ്റുമായി ചേര്‍ന്നതാണ് അന്ന് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. ബുള്‍ ബുള്‍ ആഞ്ഞടിച്ചപ്പോള്‍ കൂറ്റന്‍ തിരമാലകള്‍ കാറ്റിനൊപ്പം ചേരാതിരുന്നതില്‍ പ്രധാന പങ്കു വഹിച്ചത് സുന്ദര്‍ബന്‍ കാടുകളാണെന്ന് പശ്ചിമ ബംഗാളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കല്യാണ്‍ രുദ്ര പറഞ്ഞു.

സുന്ദര്‍ബന്‍ വനത്തെ വളരെ വേഗത്തില്‍ കടന്ന് വടക്കന്‍ തീരത്തേക്ക് സഞ്ചരിച്ച ഐല ചുഴലിക്കാറ്റില്‍ നിന്നും വിഭിന്നമായി, പടിഞ്ഞാറന്‍ തീരത്തു നിന്നും കിഴക്കന്‍ തീരത്തേക്ക് കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ സമാന്തരമായാണ് ബുള്‍ ബുള്‍ വീശിയത്. നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഇതും കാരണമായെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് കൊല്‍ക്കത്ത റീജണല്‍ ഡയറക്ടര്‍ ജി കെ ദാസ് വെളിപ്പെടുത്തുന്നു. ഐല ചുഴലിക്കാറ്റിന് ശേഷം ബംഗാളില്‍ ഏറ്റവുമധികം നാശം വിതച്ചത് ബുള്‍ല ബുള്‍ ചുഴലിക്കാറ്റാണ്. എന്നാല്‍ ഐലയെക്കാള്‍ വേഗത്തില്‍ വീശിയടിച്ച കാറ്റിന് പ്രഹരശേഷി ഇരട്ടിയായിരുന്നു. പക്ഷേ ഉണ്ടാകുമായിരുന്ന വലിയ ദുരന്തത്തില്‍ നിന്നും ബംഗാളിനെ രക്ഷിച്ചത് കണ്ടല്‍ക്കാടുകളാണ്. 

എന്താണ് കണ്ടല്‍ക്കാടുകള്‍

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ്‌ കണ്ടൽകാട് (Mangrove forest).കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. ജലശുദ്ധീകരണവും പാരിസ്ഥിതിക സംരക്ഷണവുമാണ് കണ്ടല്‍ക്കാടുകളുടെ പ്രധാന ധര്‍മ്മം. കാറ്റിൽ നിന്നും വൻ തിരമാലകളിൽ നിന്നും കടൽ തീരങ്ങളെ രക്ഷിക്കാൻ ഇവയ്ക്ക് കഴിയും. മറ്റു മരങ്ങളേക്കാൾ 5 മടങ്ങു വരെ കൂടുതലായി കാർബ്ബൺ ഡൈ ഓക്സൈഡ് ശുദ്ധീകരിക്കാന്‍ കണ്ടലിന് കഴിവുണ്ട്. ചതുപ്പു നിലങ്ങളിലുള്ള വെള്ളത്തിൽ നിന്ന് ലവണവും വിഷാംശങ്ങളായ കാഡ്മിയം, ഈയം എന്നിവ മാറ്റാനും ഇവക്ക് കഴിയും. മാത്രമല്ല മികച്ച  ആവാസ വ്യവസ്ഥയുണ്ടാക്കാനും ഇവയ്ക്ക് കഴിയും. മരുന്നിനായി വിവിധ രാജ്യങ്ങളിൽ കണ്ടലുകളെ ഉപയൊഗപ്പെടുത്തുന്നുണ്ട്. 

ഇന്ത്യയിലെ കണ്ടല്‍ക്കാടുകള്‍

ഇന്ത്യയിൽ അടുത്തകാലത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്നാണ്‌ കണക്കാക്കുന്നത്. ഇതിൽ കൂടുതലും ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ്‌. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്.
 59 ഇനങ്ങളിലുള്ള കണ്ടലുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 18 ഓളം വിവിധ ഇനങ്ങൾ ഉണ്ട്. സുനാമി കേരളത്തിലും തമിഴ് നാട്ടിലും കടൽത്തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ തമിഴ്‌നാട്ടിലെ പിച്ചാവാരത്ത്‌ അതിനെ തടഞ്ഞുനിർത്തിയത്‌ കണ്ടൽ വൃക്ഷങ്ങളായിരുന്നുവെന്നത്‌ കണ്ടലിന്റെ പ്രാധാന്യം ലോകം അറിയാനിടയാക്കി.

കേരളത്തിലെ കണ്ടല്‍ക്കാടുകള്‍

40 വർഷം മുൻപ് വരെ കേരളത്തിൽ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയേ കണ്ടലുകൾ കാണപ്പെടുന്നുള്ളൂ എന്ന് കേരള വനം വകുപ്പ് പറയുന്നു. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം. ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും. 

കല്ലേന്‍ പൊക്കുടന്‍

കേരളത്തില്‍ കണ്ടല്‍ക്കാടുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത ആളാണ് കല്ലേന്‍ പൊക്കുടന്‍. മലയാളികള്‍ക്ക് കണ്ടല്‍ക്കാടുകള്‍ എന്നാല്‍ കല്ലേന്‍ പൊക്കുടനാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്ന അദ്ദേഹം അഞ്ഞൂറു കണ്ടൽച്ചെടികള്‍ നട്ടാണു പരിസ്ഥിതിപ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്. കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷത്തോളം കണ്ടല്‍ച്ചെടികളാണ് കല്ലേന്‍ പൊക്കുടന്‍ നട്ടുപിടിപ്പിച്ചത്. 

എന്നാല്‍ 2015-ല്‍ പൊക്കുടന്‍റെ മരണശേഷം കേരളത്തില്‍ ഇന്ന് എത്ര കണ്ടല്‍ച്ചെടികള്‍ അവശേഷിക്കുന്നുണ്ട്? നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാഴ്‍ച്ചെടിയെന്ന് എഴുതി തള്ളി നാം വെട്ടിനശിപ്പിച്ച കണ്ടല്‍ക്കാടുകള്‍ക്ക് ശക്തമായ കാറ്റിനെ തടഞ്ഞുനിര്‍ത്തി അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങളില്‍ നിന്നും ഒരു പരിധി വരെ സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നത് മലയാളി എന്നേ മറന്നു കഴിഞ്ഞു. എന്നാല്‍ ആഞ്ഞു വീശുന്ന ചുഴലിക്കാറ്റില്‍ നിന്നും കലിതുള്ളിയെത്തുന്ന തിരമാലകളില്‍ നിന്നും നമ്മുടെ തീരങ്ങളെ സംരക്ഷിക്കാന്‍ കണ്ടല്‍ക്കാടുകള്‍  ഇനിയും വച്ചുപിടിപ്പിക്കേണ്ടതുണ്ട്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ കണ്ടല്‍ച്ചെടികളെ സംരക്ഷിക്കേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണ്, നമ്മുടെ കടമയും.