ഭോപ്പാൽ സെൻട്രൽ ജയിലിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രിയദർശൻ ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, അല്പമെങ്കിലും ഔപചാരിക വിദ്യാഭ്യാസം നേടിയ ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിൽ മോചിതരാകേണ്ട തടവുകാരെയാണ് കോഴ്‌സിൽ ചേർത്തിരിക്കുന്നത്.

ജയിലിൽ കഴിയുന്ന തടവുകാർ കമ്പ്യൂട്ടർ പഠിക്കുന്നതും, ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമകളും ബിരുദങ്ങളും നേടുന്നതും ഒന്നും ഒരു പുതിയ കാര്യമല്ല. എന്നാൽ, അവർ പുരോഹിതന്മാരാ(priests)കാൻ പരിശീലനം നേടുന്നത് ഒരുപക്ഷേ ഇതാദ്യമായിക്കും. ജയിലിൽ കഴിയുന്ന തടവുകാർക്ക് മനസാന്തരപ്പെടാനും, സ്വയം തിരുത്താനും ഒരവസരം നൽകുകയാണ് മധ്യപ്രദേശിലെ ജയിൽ വകുപ്പ്. കുറ്റവാളികൾ പാപത്തിന്റെ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിയുകയാണ് അവിടെ. ജയിലിനുള്ളിൽ മന്ത്രങ്ങൾ പഠിക്കാനും, പൂജാരിമാരാകാനും തടവുകാർക്ക് പരിശീലനം നൽക്കുകയാണ് ഭോപ്പാൽ സെൻട്രൽ ജയിൽ(Bhopal Central Jail).

തടവുകാരെ പുരോഹിതരാക്കാനുള്ള ഈ സംരംഭം നടത്തുന്നത് ഭോപ്പാലിലെ ആത്മീയ സംഘടനയായ ഗായത്രി ശക്തിപീഠമാണ്. വൈദിക ആചാരങ്ങളിൽ താൽപ്പര്യമുള്ളവർക്ക് മാത്രമാണ് ഈ പരിശീലനം. ജയിൽമോചിതരായ ശേഷം കുറ്റവാളികൾക്ക് പുരോഹിതനായി ജോലി ചെയ്യാനും, മാന്യമായ ഒരു ജീവിതം നയിക്കാനും ഇത് സഹായകമാകുമെന്ന് ജയിൽ അധികൃതർ പ്രതീക്ഷിക്കുന്നു. മാർച്ച് 1 -ന് ആരംഭിച്ച ക്ലാസുകൾ മാർച്ച് 31 വരെ നീളും. പതിനഞ്ച് തിയറി ക്ലാസുകൾ ജയിലിന്റെ ലൈബ്രറിയിൽ നടത്തി കഴിഞ്ഞു. “തുടർന്ന് നടത്തിയ പരീക്ഷയിൽ അവർ 10 മുതൽ 15 ശതമാനം വരെ നേടുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ, ഫലം പുറത്ത്‌ വന്നപ്പോൾ ഏകദേശം 60 ശതമാനമായിരുന്നു വിജയം” ശക്തിപീഠത്തിന്റെ രമേഷ് നഗറിന്റെ പ്രതിനിധി വെള്ളിയാഴ്ച പറഞ്ഞു.

ജയിലുകളിലെ അന്തേവാസികൾ കൂടുതലും മാനസികമായി തളർന്നവരോ, വിഷാദരോഗത്തിന് അടിമകളോ, അതുമല്ലെങ്കിൽ അക്രമാസക്തമായ പെരുമാറുന്നവരോ ആണെന്ന് ജയിൽ സൂപ്രണ്ട് ദിനേശ് നർഗവേ പറഞ്ഞു. അവരിൽ ഭൂരിഭാഗവും വേണ്ടത്ര വിഭ്യാഭ്യാസമില്ലാത്തവരും, ദരിദ്രരുമാണ്. അവരുടെ ജീവിതത്തിലും മനസ്സിനും കൂടുതൽ ശാന്തിയും, സമാധാനവും പകരാനാണ് ഇത്തരമൊരു ആത്മീയ പരിശീലനമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഏകദേശം അമ്പതോളം തടവുകാർക്ക് ജയിൽ പരിശീലനം നൽകുന്നുണ്ട്.

കൊലപാതകക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കയാണ് സന്ദീപ്. ഇത് പഠിച്ചതോടെ മനസ്സ് ശാന്തമായി എന്നദ്ദേഹം പറയുന്നു. "ആത്മീയ വിദ്യാഭ്യാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും നന്മകൾ പ്രചരിപ്പിക്കാൻ ഇത് നമ്മെ പഠിപ്പിക്കുന്നു. മുമ്പ് ഞങ്ങൾ സമ്മർദ്ദത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ, പരിശീലനത്തിന് ശേഷം ഇപ്പോൾ ഞങ്ങൾക്ക് മനഃസമാധാനമുണ്ട്. സമൂഹത്തിന്റെ ഭാഗമാണ് എന്ന തോന്നലും ഞങ്ങളിൽ വന്ന് തുടങ്ങി" സന്ദീപ് പറഞ്ഞു. ഭോപ്പാൽ സെൻട്രൽ ജയിലിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രിയദർശൻ ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, അല്പമെങ്കിലും ഔപചാരിക വിദ്യാഭ്യാസം നേടിയ ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിൽ മോചിതരാകേണ്ട തടവുകാരെയാണ് കോഴ്‌സിൽ ചേർത്തിരിക്കുന്നത്.

സമൂഹവുമായി ബന്ധിപ്പിക്കാനാണ് ഈ തടവുകാരെ ഞങ്ങൾ പരിശീലിപ്പിക്കുന്നതെന്ന് ഗായത്രി ശക്തിപീഠം അംഗം സദാനന്ദ് അംബേക്കർ പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവരെ ആചാരങ്ങൾ പഠിപ്പിക്കുന്നു. അവർ മനുഷ്യത്വമുള്ളവരും സദ്‌ഗുണമുള്ളവരുമായി സമൂഹത്തിലേക്ക് മടങ്ങിവരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.