ഇത് ജേക്കബ് ലിൻഡന്താൽ. ജർമനിയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദമെടുക്കാൻ വേണ്ടി മദ്രാസ് ഐഐടിയിലെത്തിയ ജർമൻ യുവാവ്. കഴിഞ്ഞ ഡിസംബർ 23 -ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്ന് ജേക്കബിന് ഒരു ഉത്തരവ് കിട്ടി. ഉടനടി തിരിച്ച് ജർമനിയിലേക്കുള്ള വിമാനം കയറിക്കൊള്ളണം. ഇനി ഒരു ദിവസം പോലും ഇന്ത്യയിൽ തുടരരുത്. അയാൾ ചെയ്ത കുറ്റമിതാണ്. സഹപാഠികൾ എല്ലാവരും ചേർന്ന് ചെന്നൈ ചെപ്പോക്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ അതിന്റെ കൂടെ ഒരു പ്ലക്കാർഡും പിടിച്ചു കൊണ്ട് അവനും ചേർന്നു. അവന്റെ പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു, " യൂണിഫോമിട്ട ക്രിമിനലുകൾ, ക്രിമിനലുകൾ തന്നെ" 

ഇന്ത്യയിൽ പഠനത്തിന് വന്നെത്തുന്ന വിദേശപൗരന്മാരായ വിദ്യാർത്ഥികൾക്കുമുന്നിൽ രാജ്യം വെക്കുന്ന പല നിബന്ധനകളിൽ ഒന്ന്, ഇവിടെ കഴിയുന്ന കാലത്ത് രാജ്യത്തിന് എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ആ നിബന്ധന ജേക്കബ് ലംഘിച്ചിരിക്കുന്നു എന്നാണ് അയാളെ തിരികെ പറഞ്ഞയക്കാനുള്ള കാരണമായി  ചെന്നൈയിലെ ഫോറീനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) പറഞ്ഞിരിക്കുന്നത്.  
 


 

ജർമനിയിലെ ഡ്രെസ്ഡൻ സ്വദേശിയായ ജേക്കബ് ഇക്കൊല്ലം ഓഗസ്റ്റിലാണ് ഒരു സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി മദ്രാസ് ഐഐടിയിൽ പഠിക്കാനെത്തിയത്. 2020 മെയ് വരെ ജേക്കബിന് ഇവിടെ പഠനം തുടരേണ്ടതുണ്ടായിരുന്നു. പ്രകടനത്തിൽ പങ്കുചേർന്നുകൊണ്ടുള്ള തന്റെ ചിത്രവും വാർത്തയുമൊക്കെ വൈറലായ ശേഷം ഇമിഗ്രേഷൻ അധികൃതർ തന്നെ വിളിച്ചുവരുത്തി രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ജേക്കബ് 'ദ ഫെഡറലി'നോട് പറഞ്ഞത്. ആദ്യമാദ്യം വളരെ സൗഹാർദ്ദപരമായിട്ടായിരുന്നു ചോദ്യങ്ങൾ. അതുകൊണ്ടുതന്നെ താൻ ഏറെ ലാഘവത്തോടെയാണ് അവരോട് സംസാരിച്ചത് എന്ന് ജേക്കബ് പറഞ്ഞു. എന്നാൽ, താമസിയാതെ ഉദ്യോഗസ്ഥന്റെ സംസാരത്തിന്റെ ഘനം കൂടി. തന്നോട് ശകാരത്തിന്റെ ഭാഷയിലാണ് പിന്നീട് എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തത് എന്നൊക്കെ ചോദിച്ചത്. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ വഷളാകാൻ പോവുകയാണ് എന്ന് മനസ്സിലായതെന്ന് ജേക്കബ് പറഞ്ഞു. 

" അനുവാദമില്ലാതെയാണ് നഗരത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നത്. ഞാൻ ഇവിടെ വന്നത് വിദ്യാർത്ഥി വിസയിലും. അതിലെ നിബന്ധനകൾ പ്രകാരം ഇവിടെ ഞാൻ പഠിക്കുക എന്ന ഒരു കാര്യമല്ലാതെ മറ്റെന്തു ചെയ്താലും അത് ചട്ടങ്ങളുടെ ലംഘനമായി വ്യാഖ്യാനിക്കപ്പെടും. അതിൽ ഇത്തരത്തിലുള്ള പ്രതിഷേധപ്രകടനങ്ങളും പെടുമെന്ന് അവർ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഉടൻ തന്നെ നിരുപാധികം ഞാൻ മാപ്പു പറയുകയുണ്ടായി എങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ എന്നെ നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു." 
 


 

താൻ പങ്കെടുത്ത പ്രകടനത്തിന്റെ സ്വഭാവമെന്തെന്നോ അത് എന്തിനുവേണ്ടിയാണെന്നോ അങ്ങനെയൊരു പ്രകടനം നടത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തെന്നോ ഒക്കെയുള്ള കൃത്യമായ ധാരണ ജേക്കബിനുണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാലും, തന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച മിക്കവാറും പ്രതിഷേധങ്ങൾക്കൊക്കെയും ജേക്കബിന്റെ സാന്നിധ്യം മുമ്പും ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഇതിനു മുമ്പ് മലയാളി വിദ്യാർത്ഥിനി ഫാത്തിമ ഷഹിൻ ആത്മഹത്യ ചെയ്തപ്പോൾ നടന്ന സമരത്തിലും ജേക്കബ് മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുകൊണ്ട് സ്നേഹിതർക്കൊപ്പം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ചിന്താബാർ എന്ന ഇടതുപക്ഷ സംഘടനയുമായി ജേക്കബിനുള്ള ബന്ധവും ഈ നാടുകടത്തലിന് മറ്റൊരു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ജേക്കബ് ലിൻഡന്താലിനെതിരെയുള്ള ഈ നടപടി ഐഐടി ഡീൻ നൽകിയ പരാതിപ്പുറത്താണെന്ന് വിദ്യാർത്ഥികളിൽ പലരും ആരോപിക്കുന്നുണ്ട്. എന്തായാലും ഇതേപ്പറ്റി ഐഐടി അധികൃതരോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോ ഒന്നും ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.  
ഒരു കാലത്ത് ഫാസിസം കൊടികുത്തി വാണിരുന്ന ജർമനിയുടെ മണ്ണിൽ നിന്നുവന്ന വിദ്യാർത്ഥിയാണ് ജേക്കബ് എന്നത് ഈ സംഭവത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. ജർമനി മറക്കാനാഗ്രഹിക്കുന്ന ഒന്നാണ് അവരുടെ ഫാസിസ്റ്റ് വംശഹത്യാ ഭൂതകാലം. ആയിരം വർഷം നീണ്ടുനിൽക്കുമെന്ന് ഹിറ്റ്‌ലർ കണക്കുകൂട്ടിയ 'തേർഡ് റൈക്ക്'(Third Reich) അഥവാ മൂന്നാം യുഗം വെറും പന്ത്രണ്ടു വർഷത്തിനുള്ളിൽ നിലംപൊത്തിയിരുന്നു. അതിനു ശേഷം രണ്ടാം ലോകമഹായുദ്ധം തള്ളിയിട്ട ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്ന അന്നത്തെ യുവത കെട്ടിപ്പടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന ജർമനി. അന്ന് ലക്ഷക്കണക്കിന് നാസി യൂണിഫോമുകൾ തീവെച്ചു നശിപ്പിക്കപ്പെട്ടു. നാസികളുമായി ബന്ധപ്പെട്ട സകല രേഖകളും അഗ്നിക്കിരയാക്കപ്പെട്ടു. ഹിറ്റ്‌ലർ സ്ഥാപിച്ച സ്വസ്തിക അടക്കമുള്ള സകല നാസി ചിഹ്നങ്ങളും അന്ന് ജർമ്മൻ മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. വംശവെറിയുടേതായ ആ ഒരു ഭൂതകാലം അവർ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. 


 

" ഞങ്ങൾക്ക് മനസ്സിലാകും, 1933-1945 കാലത്ത് ഞങ്ങളും ഇതൊക്കെ അനുഭവിച്ചതാണ് "  എന്ന് ജേക്കബിന്റെ എന്ന് ജേക്കബിന്റെ മറ്റൊരു പ്ലക്കാർഡ് വിളിച്ചു പറയുന്നു. ഇന്ത്യയുടെ വർത്തമാനകാലവും ജർമനിയുടെ ഭൂതകാലവും തമ്മിൽ പരോക്ഷമായെങ്കിലും ജേക്കബ് ജേക്കബ് ലിൻഡന്താൽ നടത്തിയ താരതമ്യമാകും ഒരു പക്ഷേ ഗവണ്മെന്റിനെ ചൊടിപ്പിച്ചിട്ടുണ്ടാവുക, ഒരു വിദ്യാർത്ഥിക്ക് അവന്റെ പഠിക്കാനുള്ള അവസരം നിഷേധിക്കുക എന്ന അടുത്ത നടപടിയിലേക്ക് നീങ്ങാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.