സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ​വൈക്കം സത്യഗ്രഹം.

സമരം ദേശീയശ്രദ്ധ പിടിച്ചെടുത്തു. പഞ്ചാബില്‍ നിന്നും അകാലികള്‍ പിന്തുണയുമായി എത്തി. 1924 സെപ്തംബര്‍ 27-ന് ശ്രീ നാരായണഗുരു സമരവേദിയിലെത്തി ആവേശം പകര്‍ന്നു. 1925 മാര്‍ച്ച് 10-ന് ഗാന്ധിജി വൈക്കത്തെത്തി സവര്‍ണയാഥാസ്ഥിതിക നേതാവ് ഇണ്ടാം തുരുത്തി നമ്പൂതിരിയുമായി ചര്‍ച്ച നടത്തി. നമ്പൂതിരി ഗാന്ധിയെയും മനയ്ക്കുള്ളില്‍ കയറ്റാതെ അയിത്തം പാലിച്ചു.

1924, വൈക്കം. 

വൈക്കം സത്യഗ്രഹം ഇന്ത്യന്‍ ദേശീയപ്രസ്ഥാനചരിത്രത്തിലെ സുപ്രധാന അദ്ധ്യായം. അയിത്തോച്ചാടനം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യ പരിപാടിയായി തീരുമാനിച്ച ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച ഇന്ത്യയിലെ പ്രഥമ സത്യാഗ്രഹo. സ്ത്രീപുരുഷരായ അവര്‍ണരും സവര്‍ണരും മാത്രമല്ല മറ്റ് സമുദായവിഭാഗങ്ങളും ഒക്കെ കൈകോര്‍ത്തുനിന്നു അയിത്തത്തിനെതിരെ നടത്തിയ ഇന്ത്യയിലെ പ്രഥമ സമരം. ശ്രീ നാരായണഗുരുവും, മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും ഒക്കെ ഉള്‍പ്പെട്ട അഭൂതപൂര്‍വ പ്രക്ഷോഭം.

1865 -ലാണ് തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും എല്ലാ വിഭാഗക്കാര്‍ക്കും തുറന്നുകൊടുത്തത്. എന്നാല്‍ അതിനു ശേഷം ആറ് പതിറ്റാണ്ട് കഴിഞ്ഞും വ്യത്യസ്തമായിരുന്നു വൈക്കം ശ്രീ മഹാദേവക്ഷേത്രനിരത്തുകള്‍. ക്ഷേത്രത്തിലേക്കുള്ള നാല് നിരത്തുകളും അവര്‍ണ്ണര്‍ക്ക് വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് ബോര്‍ഡുകള്‍ നിലനിന്നു. ശ്രീ നാരായണഗുരുവിനു പോലും വിലക്ക് നേരിടേണ്ടിവന്നു. 

ഇതിനെതിരായി ഒരു ഈഴവ യുവാവ് രംഗത്ത് വന്നു. ടി കെ മാധവന്‍. ദേശാഭിമാനി പത്രത്തിന്റെ അധിപരും എസ് എന്‍ ഡി പി നേതാവും കോണ്‍ഗ്രസ് നേതാവും ആയിരുന്നു മാധവന്‍. തിരുനെല്‍വേലിയില്‍ എത്തിയ മഹാത്മാ ഗാന്ധിയെ കണ്ട മാധവന്‍ പ്രശ്‌നം ധരിപ്പിച്ചു. ഗാന്ധിജി കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പ് നല്‍കി. 1923 -ലെ ആന്ധ്രയിലെ കാക്കിനടയില്‍ കോണ്‍ഗ്രസിന്റെ ദേശീയസമ്മേളനം. മാധവന്‍, സര്‍ദാര്‍ കെ എം പണിക്കരെയും കെ പി കേശവ മേനോനെയും കൂട്ടി സമ്മേളനത്തിനെത്തുന്നു. നേതാക്കളെക്കണ്ട് കാര്യം ചര്‍ച്ച ചെയ്യുന്നു. സമ്മേളനം അയിത്തോച്ചാടനസത്യഗ്രഹത്തിനു അനുമതി നല്‍കി. കെ കേളപ്പന്റെ നേതൃത്വത്തില്‍ കെ പി സി സി സമരം പ്രഖ്യാപിച്ചു. 

Scroll to load tweet…

അവര്‍ണരെ അനുവദിക്കാനാവില്ലെന്ന സവര്‍ണ യാഥാസ്ഥിതികര്‍ക്ക് ഒപ്പമായിരുന്നു തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാര്‍. സത്യഗ്രഹത്തിന് മുമ്പ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

1924 മാര്‍ച്ച് 30-ന് നിരോധനം ലംഘിച്ച് വൈക്കം നിരത്തില്‍ അവര്‍ണരും ഒരു സവര്‍ണനും ഉള്‍പ്പെട്ട മൂന്നു സത്യഗ്രഹികള്‍ പ്രകടനം ആരംഭിച്ചു. അവരെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചു. തുടര്‍ന്ന് പുതിയ സംഘം സത്യഗ്രഹികള്‍ പ്രവേശിച്ചു. അവരെയും അറസ്റ്റ് ചെയ്തു. ടി കെ മാധവനും കേശവമേനോനും ഒക്കെ അറസ്റ്റ് വരിച്ചു. പോലീസും യാഥാസ്ഥിതിക സവര്‍ണവിഭാഗങ്ങളും സത്യഗ്രഹികള്‍ക്കെതിരെ കടുത്ത അക്രമങ്ങള്‍ അഴിച്ചുവിട്ടു. കേരളം കണ്ട അതിഭീകരമായ 99 -ലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചും സത്യഗ്രഹം തുടര്‍ന്നു.

സമരം ദേശീയശ്രദ്ധ പിടിച്ചെടുത്തു. പഞ്ചാബില്‍ നിന്നും അകാലികള്‍ പിന്തുണയുമായി എത്തി. 1924 സെപ്തംബര്‍ 27-ന് ശ്രീ നാരായണഗുരു സമരവേദിയിലെത്തി ആവേശം പകര്‍ന്നു. 1925 മാര്‍ച്ച് 10-ന് ഗാന്ധിജി വൈക്കത്തെത്തി സവര്‍ണയാഥാസ്ഥിതിക നേതാവ് ഇണ്ടാം തുരുത്തി നമ്പൂതിരിയുമായി ചര്‍ച്ച നടത്തി. നമ്പൂതിരി ഗാന്ധിയെയും മനയ്ക്കുള്ളില്‍ കയറ്റാതെ അയിത്തം പാലിച്ചു. തിരുവിതാംകൂര്‍ ഭരണാധികാരി റീജന്റ് റാണിയെയും നാരായണഗുരുവിനെയും കണ്ട് ഗാന്ധി സംസാരിച്ചു. തടവിലായവരെ സര്‍ക്കാര്‍ വിട്ടയച്ചു. 

1925 നവംബറില്‍ സത്യാഗ്രഹം പിന്‍ വലിക്കപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള മൂന്ന് നിരത്തുകളും അവര്‍ണ്ണര്‍ക്ക് തുറന്നു കൊടുത്തു. 1936 -ല്‍ ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു.