Asianet News MalayalamAsianet News Malayalam

India @ 75 : പി സി റേ: ശാസ്ത്രജ്ഞന്റെ വേഷം ധരിച്ച ധീരവിപ്ലവകാരി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് പി സി റേ

India at 75 tale of PC Ray renowned scientist who fought against the British empire
Author
Thiruvananthapuram, First Published Jul 2, 2022, 12:53 PM IST

ശാസ്ത്രകൗതുകത്തിനൊപ്പം പ്രഫുല്ലയ്ക്ക് ജന്മനാ തന്നെ മറ്റൊരു കടുത്ത ആവേശമുണ്ടായിരുന്നു- രാഷ്ട്രീയത്തിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തോടും. ബ്രിട്ടനില്‍ സജീവമായിരുന്ന ഇന്ത്യന്‍ ദേശീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കുകൊണ്ടു.  എഡിന്‍ബര്‍ഗ് സര്‍വകലാശാല കെമിക്കല്‍ സൊസൈറ്റിയുടെ ഉപാധ്യക്ഷന്‍ ആവുകയും ഫാരഡെ സ്വര്‍ണമെഡലോടെ  വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു പ്രഫുല്ല. പക്ഷെ ദേശീയ-വിപ്ലവതല്പരനായതുകൊണ്ട്  മടങ്ങിവന്നപ്പോള്‍ അദ്ദേഹം  ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളി ആയിരുന്നു.

 

India at 75 tale of PC Ray renowned scientist who fought against the British empire

 

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യന്‍ ആത്മാഭിമാനത്തെ ത്രസിപ്പിച്ചവരില്‍ ശാസ്ത്രജ്ഞരുമുണ്ട്.  ഇന്ത്യ എന്നാല്‍ അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥിതികതയുടെയും താവളമെന്നായിരുന്നു വെള്ളക്കാരന്റെ പ്രചാരണം. ആധുനികതയുടെയും ശാസ്ത്രത്തിന്റെയും ഒക്കെ പര്യായം തങ്ങള്‍ മാത്രം. ഈ അന്ധവിശ്വാസത്തിനും അഹങ്കാരത്തിനും ഇന്ത്യ നല്‍കിയ അപാരമായ ആഘാതത്തിന്റെ പേരായിരുന്നു ആചാര്യ പ്രഫുല്ല ചന്ദ്ര റേ എന്ന സര്‍ പി സി റേ. 

ഇന്ത്യയുടെ ആധുനിക രസതന്ത്രവിജ്ഞാനീയത്തിന്റെ പിതാവ്. ജഗദീഷ് ചന്ദ്ര ബോസെന്ന ജെ സി ബോസിനൊപ്പം പാശ്ചാത്യലോകം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ ആധുനിക ശാസ്ത്രജ്ഞന്‍. യൂറോപ്പിനു പുറത്ത് റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ അത്യുന്നതപുരസ്‌കാരം നേടിയ ആദ്യ വ്യക്തി.  വിദ്യാഭ്യാസവിചക്ഷണന്‍, ചരിത്രകാരന്‍, വ്യവസായസംരംഭകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ സര്‍വോപരി അടിയുറച്ച ദേശീയപ്രസ്ഥാനപ്രവര്‍ത്തകന്‍. മാത്രമല്ല ബംഗാളി വിപ്ലവകാരികളുടെ ഉറ്റ സഹായി. ശാസ്ത്രജ്ഞന്റെ വേഷം ധരിച്ച വിപ്ലവകാരി എന്ന് അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ വിശേഷിപ്പിച്ചു. ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്നു റേ.   

ഇന്നും തല ഉയര്‍ത്തിനില്‍ക്കുന്ന ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് എന്ന ഇന്ത്യയുടെ പ്രഥമ ആധുനിക ഔഷധനിര്‍മ്മാണകമ്പനിയുടെ സ്ഥാപകന്‍. 1892 -ല്‍ 700 രൂപ മുതല്‍ മുടക്കുമായി ആരംഭിച്ച ഈ കമ്പനി ഇന്ന് നൂറു കോടിയിലേറെ വരുമാനമുള്ള പൊതുമേഖലാഭീമന്‍. ഹിന്ദു രസതന്ത്രചരിത്രമെന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവ്. 

ബംഗാളി നവോത്ഥാനത്തിന്റെ പുത്രനായിരുന്നു പ്രഫുല്ല. അന്ന്  കിഴക്കന്‍ ബംഗാളിലും ഇന്ന് ബംഗ്‌ളാദേശിലുമായ  ജെസോര്‍ ജില്ലയിലെ റാറൂളി കതിപ്പാറ ഗ്രാമത്തില്‍ ഉല്‍പ്പതുഷ്ണുക്കളായ സമീന്ദാര്‍ കുടുംബത്തില്‍  ജനനം. ആധുനിക വിദ്യാഭ്യാസം നേടിയവരും ബംഗാളി നവോഥാന പ്രസ്ഥാനമായ ബ്രഹ്മോ സാമാജിന്റെ പ്രവര്‍ത്തകരും ആയിരുന്നു അമ്മയും അച്ഛനും. ആണ്‍ മക്കളെ മാത്രമല്ല, പെണ്‍മക്കളെയും ഇംഗ്ലീഷ് വിദ്യാഭ്യാസം  ചെയ്യിച്ചവര്‍. ബ്രഹ്മോസമാജ് നേതാക്കളായ  കേശബ് ചന്ദ്ര സെന്നും ഈശ്വര ചന്ദ്ര സാഗറും സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലായിരുന്നു പ്രഫുല്ലയുടെ  വിദ്യാഭ്യാസം.  ഇംഗ്ലീഷ് അധ്യാപകനാകട്ടെ പിന്നീട് വിഖ്യാത ദേശീയനേതാവായിതീര്‍ന്ന സുരേന്ദ്രനാഥ് ബാനര്‍ജി.  പ്രസിഡന്‍സിയില്‍ പ്രഫുല്ലയെ  രസതന്ത്രത്തിന്റെയും പരീക്ഷണങ്ങളുടെയും  ലോകത്തേക്ക് നയിച്ചത്  അദ്ധ്യാപകന്‍  സര്‍ അലക്സാണ്ടര്‍ പെഡ്‌ലര്‍.  

 

 

അതിസമര്‍ത്ഥനായ പ്രഫുല്ലയ്ക്ക്  ബിരുദം എടുക്കുന്നതിനു മുമ്പ് തന്നെ ബ്രിട്ടനില്‍  എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണത്തിന് പ്രവേശനം. 1882 -ല്‍ 21 വയസ്സില്‍ കപ്പല്‍ കയറിയ പ്രഫുല്ലയുടെ അധ്യാപകനായത് അലക്സാണ്ടര്‍ കരം ബ്രൗണ്‍. അന്ന് ആരംഭം കുറിക്കുക മാത്രം ചെയ്തിരുന്ന ഇനോര്‍ഗാനിക് കെമിസ്ട്രിയിലും നൈട്രൈറ്റുകളിലും ആയിരുന്നു പ്രഫുല്ലയുടെ താല്‍പ്പര്യം. ഇംഗ്ലണ്ടില്‍ വച്ചാണ് പ്രഫുല്ല അന്ന് കാംബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയും പിന്നീട് വിഖ്യാത ശാസ്ത്രജ്ഞനുമായ ജെ സി ബോസിന്റെ കൂട്ടുകാരനാകുന്നത്

പക്ഷെ ശാസ്ത്രകൗതുകത്തിനൊപ്പം പ്രഫുല്ലയ്ക്ക് ജന്മനാ തന്നെ മറ്റൊരു കടുത്ത ആവേശമുണ്ടായിരുന്നു- രാഷ്ട്രീയത്തിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തോടും. ബ്രിട്ടനില്‍ സജീവമായിരുന്ന ഇന്ത്യന്‍ ദേശീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കുകൊണ്ടു.  എഡിന്‍ബര്‍ഗ് സര്‍വകലാശാല കെമിക്കല്‍ സൊസൈറ്റിയുടെ ഉപാധ്യക്ഷന്‍ ആവുകയും ഫാരഡെ സ്വര്‍ണമെഡലോടെ  വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു പ്രഫുല്ല. പക്ഷെ ദേശീയ-വിപ്ലവതല്പരനായതുകൊണ്ട്  മടങ്ങിവന്നപ്പോള്‍ അദ്ദേഹം  ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളി ആയിരുന്നു. അതിനാല്‍ ഇന്ത്യന്‍ എഡ്യൂക്കേഷണല്‍ സര്‍വീസില്‍ പ്രവേശം നല്‍കിയില്ല. 

കൊടുത്തത്  ചെറിയ ശമ്പളത്തില്‍ പ്രസിഡന്‍സിയില്‍ താല്‍ക്കാലിക അധ്യാപക ജോലി. അന്ന്  പ്രഫുല്ല സുഹൃത്ത് ജെ സി ബോസിനൊപ്പം. അക്കാലത്ത് ഗാന്ധി ഖാദര്‍ തുണിയുടെ മേന്മ സംബന്ധിച്ച് പലതവണ ശാസ്ത്രകാര്യങ്ങളില്‍ ഉപദേശം തെറ്റിയത് റേയോടാണ്. ഗാന്ധി പിന്തുണയ്ക്കാത്ത ബംഗാളി വിപ്ലവകാരികളെ അദ്ദേഹം സഹായിക്കുകയും ചെയ്തു. 

പിന്നീട് പുതുതായി ആരംഭിച്ച കല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സില്‍ അധ്യാപകനായി. അധികം വൈകാതെ പ്രഫുല്ലയുടെ ശാസ്ത്രസംഭാവന പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞു. 1912 -ല്‍ അദ്ദേഹത്തിന് ഡര്‍ഹാം  സര്‍വകലാശാല ഓണററി ബിരുദം സമ്മാനിച്ചു. 1912 ല്‍ ബ്രിട്ടീഷ് റാണിയുടെ സര്‍ പദവി. അവിവാഹിതനായിരുന്നു പ്രഫുല്ല  തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം ദേശീയപ്രസ്ഥാനത്തിനും ശാസ്ത്രീയ സംഘട്ടനങ്ങള്‍ക്കും ജീവകാരുണ്യസംരംഭങ്ങള്‍ക്കും പങ്ക് വെച്ചു. 1944 ല്‍ അദ്ദേഹം നിര്യാതനായി. 
 

Follow Us:
Download App:
  • android
  • ios