മൺസൂൺ മഴയിലുണ്ടായ കുറവും എൽ നിനോ പ്രതിഭാസവും കാരണം ഇന്ത്യ കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പകുതിയിലേറെ പ്രദേശങ്ങളെയും ബാധിക്കുന്ന ഈ വരൾച്ച നെൽകൃഷിയെ വലിയ തോതിൽ തകർക്കും. ഇത് വരും നാളുകളിൽ കാർഷികോത്പാദനം കുറയാനും വിലക്കയറ്റത്തിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
മൺസൂൺ മഴയിലുണ്ടായ കുറവ് കേരളത്തിൽ കർക്കിടക മാസത്തിൽ പോലും പവർക്കട്ടിനാണ് വഴിവച്ചത്. എന്നാൽ, ഇത് വെറുമൊരു പവർക്കട്ടിൽ തീരില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ തെക്ക് പടിഞ്ഞാറാൻ മൺസൂൺ പിൻവാങ്ങാൻ ആരംഭിച്ചതോടെ രാജ്യത്തിന്‍റെ പകുതിയിലേറെ പ്രദേശത്തെയും കാത്തിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന് റിപ്പോർട്ട് പറയുന്നു. സെപ്റ്റംബർ 16 -ലെ ഐഐടി ഗാന്ധിനഗറിന്‍റെ ഇന്ത്യ ഡ്രോട്ട് മോണിറ്റർ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ 52.5 ശതമാനം പ്രദേശത്തും വരൾച്ചാ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പറയുന്നു. ഒരു മാസം മുമ്പ് ഇത് 38.9 ശതമാനമായിരുന്നു. ഒറ്റ മാസത്തിനിടെ 13.6 ശതമാനത്തിന്‍റെ വർദ്ധനവ്!
വരാനിരിക്കുന്നത് കടുത്ത വേനൽ
2015 - 16 കാലത്തെ വരൾച്ചയേക്കാൾ രൂക്ഷമായ ഒരു വരൾച്ചാ കാലമാണ് 2026 -27 -ൽ ഇന്ത്യക്കാരെ കാത്തിരിക്കുന്നതെന്ന് ഐഐടി ബോംബെയിലെ കാലാവസ്ഥാ പഠനകേന്ദ്രത്തിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ മഴയ്ക്ക് പകരം ഇടവിട്ട് പെയ്യുന്ന മഴയും മഴകൾക്കിടെയിലെ ദീർഘമായ വരണ്ട ഇടവേളകളുമായിരുന്നു ഇത്തവണത്തെ മൺസൂണിന്‍റെ പ്രത്യേകത. ആന്ധ്രപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, വടക്കൻ കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ആഴ്ചകളോളം വരണ്ട കാലാവസ്ഥ നിലനിന്നു.

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ എൽ നിനോ (El Niño) ശക്തിപ്രാപിക്കുന്നത് തുടരുന്നതിനിടെ, രാജ്യത്തിന്‍റെ ചില ഭാഗങ്ങൾ ഇതിനകം തന്നെ തീവ്രവും അസാധാരണവുമായ വരൾച്ചയായിരുന്നു അനുഭവപ്പെട്ടത്. എൽ നിനോ പ്രതിഭാസം പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞതായും 2027 ഫെബ്രുവരി വരെ ഇത് തുടരുമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ (WMO) മുന്നറിയിപ്പിൽ പറയുന്നു. ഇത് രാജ്യത്തിന്‍റെ പല മേഖലകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള മഴയിലും താപനിലയിലും വലിയ വ്യത്യാസങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
15 ശതമാനം മഴക്കുറവ്
ജൂൺ 1 മുതൽ സെപ്റ്റംബർ 22 വരെ രാജ്യത്ത് സാധാരണ ലഭിക്കേണ്ടത് 832.4 മില്ലിമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 706.9 മില്ലിമീറ്റർ മഴയും. 15 ശതമാനത്തോളം കുറവാണ് ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (IMD) കണക്കുകൾ പറയുന്നു. രാജ്യത്തെ 42 ശതമാനം പ്രദേശത്ത് സാധാരണ മഴ ലഭിച്ചപ്പോൾ 41 ശതമാനം പ്രദേശങ്ങളിലും സീസണിലെ മഴയിൽ കുറവ് രേഖപ്പെടുത്തി. മഴക്കുറവിനൊപ്പം വരണ്ട ഇടവേളകൾ കൂടിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പടിഞ്ഞാറൻ ഇന്ത്യയിൽ 79 ശതമാനവും തെക്കൻ ഇന്ത്യയിൽ 67 ശതമാനവും വരൾച്ചാ സാഹചര്യത്തിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തീരദേശ ആന്ധ്രയിൽ 37 %, റായലസീമയിൽ 43 %, കേരളത്തിൽ 28 %, മറാത്ത്‌വാഡയിൽ 36 % എന്നിങ്ങനെയാണ് മഴയിൽ രേഖപ്പെടുത്തിയ കുറവ്.
ഏറ്റവും കൂടുതൽ ബാധിച്ചത് നെൽകൃഷിയെ
മഴക്കുറവ് ഏറ്റവും കുടുതൽ പ്രതിസന്ധിയിലാക്കുന്നത് കൃഷിയെയാണ്. സെപ്റ്റംബർ 11 വരെ കൃഷി സ്ഥല വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ 16.05 ലക്ഷം ഹെക്ടർ കുറഞ്ഞെന്ന് റിപ്പോർട്ടുകൾ പറയുന്നു. ധാരാളം ജലം ആവശ്യമായ നെൽകൃഷിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നെൽകൃഷി വിസ്തൃതിയിൽ ഇതിനകം വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വരൾച്ചാ സാഹചര്യം തുടരുമെന്നാണ് ഐഐടി ബോംബെയിലെ ഗവേഷകർ നടത്തിയ കാർഷിക വരൾച്ചാ പ്രവചനം സൂചിപ്പിക്കുന്നത്. നെൽക്കൃഷിയിലുണ്ടായ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

മുന്നിലുള്ളത് കഠിനമായ നാളുകൾ
രാജ്യത്തെ 55 – 60 ശതമാനം വരെ കൃഷിയിടങ്ങൾ ജലത്തിനായി മഴയെ ആശ്രയിക്കുന്നതിനാൽ വിളകളുടെ ഉൽപ്പാദനത്തെയും വരാനിരിക്കുന്ന കാർഷിക സീസണിനെയും ഈ വരൾച്ച വലിയ തോതിൽ ബാധിച്ചേക്കാമെന്നും അതേസമയം, ഉഷ്ണമേഖലാ പസഫിക്കിൽ എൽ നിനോ ശക്തിപ്പെടുന്നത് വരും മാസങ്ങളിലും മഴയിലും താപനിലയിലും അസാധാരണമായ വ്യത്യാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഴക്കുറവും കടുത്ത ചൂടും മൂലമുണ്ടാകുന്ന വരൾച്ച കാർഷികോത്പാദനത്തെ ബാധിക്കുകയും യുഎസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പശ്ചിമേഷ്യൻ യുദ്ധം ആഗോളവ്യാപാര ശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോൾ കാർഷികോത്പാദനം കുറയുകയും വില കുതിച്ചുയരുകയും ചെയ്യാനുള്ള സാധ്യത വളരെ ഏറെയാണ്. അതായത് വരാനിരിക്കുന്ന നാളുകൾ അത്രശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.


