ഇന്ത്യയെ യുവതി നന്നായി മനസിലാക്കിയിരിക്കുന്നു എന്നും അതിന് നന്ദി പറയുന്നു എന്നുമാണ് മിക്കവരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
ഒരുപാട് വിദേശികൾ ഇന്ന് ഇന്ത്യയിൽ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരെ വിവാഹം കഴിച്ച് ഇന്ത്യയിലേക്ക് വരുന്നവരും കുടുംബമായി ഇന്ത്യയിൽ താമസിക്കുന്നവരും ഇന്ത്യയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ഒക്കെ അതിൽ പെടുന്നു. അതുപോലെ തന്നെ ഇന്ത്യയിൽ യാത്രയ്ക്കായി വരുന്നവരും ഉണ്ട്. ഇവരെല്ലാം നമ്മുടെ രാജ്യത്തു നിന്നും വിവിധ വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ താമസിക്കുന്ന ഒരു ജർമ്മൻ യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഏതൊക്കെ കാര്യങ്ങളിലാണ് ഇന്ത്യ അവരുടെ രാജ്യത്തേക്കാൾ മെച്ചപ്പെട്ട് നിൽക്കുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ, പൊതുഗതാഗതം മുതൽ മൊബൈൽ കണക്റ്റിവിറ്റി വരെയുള്ള നിരവധി കാര്യങ്ങളിൽ ഇന്ത്യ മികവ് പുലർത്തുന്നുവെന്നാണ് അവർ പറയുന്നത്. ഇന്ത്യയിലെ ട്രെയിനുകൾ ജർമ്മനിയിലെ ട്രെയിനുകളേക്കാൾ മെച്ചപ്പെട്ടതാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യയിലെ ട്രെയിനുകൾ കൃത്യസമയത്തെത്തും, എല്ലാവർക്കും താങ്ങാവുന്ന യാത്രാനിരക്കാണ്, സ്ത്രീകൾക്ക് പ്രത്യേകം കംപാർട്‍മെന്റുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് യുവതി പങ്കുവയ്ക്കുന്നത്. അതുപോലെ യൂറോപ്യൻ രാജ്യങ്ങളിലെ പോലെ അല്ല, ഇന്ത്യയിൽ എപ്പോഴും വെയിലും വെളിച്ചവുമാണ് എന്നാണ് അവരുടെ മറ്റൊരു അഭിപ്രായം.
ഇത് കൂടാതെ വിദൂര പ്രദേശങ്ങളിൽ പോലും 5G, 4G നെറ്റ്‌വർക്കുകൾ ലഭിക്കുന്നു, സുരക്ഷയ്ക്കും എനർജി സേവിംഗിനുമായി സോക്കറ്റുകൾ ഓണാക്കാനും ഓഫാക്കാനും കഴിയുന്നത്, ജോലിസ്ഥലങ്ങളിലെ ഡിജിറ്റൽ ക്ലോക്ക്-ഇന്നുകൾ, ഇന്ത്യയിലെ വേഗൻ, വെജിറ്റേറിയൻ ഭക്ഷണങ്ങളിലെ വൈവിധ്യം, സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ആപ്പുകളിലെ മെച്ചങ്ങൾ എന്നിവയെക്കുറിച്ചെല്ലാം തന്നെ ജർമ്മൻ യുവതി തന്റെ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയാണ് തന്റെ രാജ്യത്തേക്കാൾ മെച്ചപ്പെട്ടത് എന്നാണ് അവരുടെ അഭിപ്രായം.
ഇന്ത്യയെ യുവതി നന്നായി മനസിലാക്കിയിരിക്കുന്നു എന്നും അതിന് നന്ദി പറയുന്നു എന്നുമാണ് മിക്കവരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ട്രെയിനുകൾ കൃത്യസമയത്ത് എത്തുമെന്ന കാര്യം മാത്രം ശരിയല്ല എന്ന് പറഞ്ഞവരുണ്ട്. മുംബൈയിൽ നിന്നുള്ള തന്റെ ജീവിതാനുഭവം വച്ചാണ് അത് പറഞ്ഞത് എന്നും ഇന്ത്യയിൽ മൊത്തം അങ്ങനെയാണ് എന്നല്ല എന്നും യുവതി പിന്നീട് കമന്റിൽ സൂചിപ്പിച്ചു.


