ജെൻ സി കൂടുതലും ആശ്രയിക്കുന്നത് പോഡ്‌കാസ്റ്റുകളെയാണ്. പരമ്പരാഗത മാധ്യമങ്ങളെക്കാൾ കൂടുതൽ ആധികാരികതയും വിശ്വാസ്യതയും പോഡ്‌കാസ്റ്റുകൾക്ക് ഉണ്ടെന്ന് അവർ കരുതുന്നു. പോഡ്‌കാസ്റ്റ് ഉപഭോഗത്തിൽ ഇന്ത്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനമാണുള്ളത്.
ഇന്ത്യയുടെ ഡിജിറ്റൽ ഉപഭോഗ രംഗത്ത് തങ്ങളുടെ ഇഷ്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ജെൻ സി മുന്നേറുകയാണ്. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘടകമായി പോഡ്‌കാസ്റ്റുകൾ മാറിയിരിക്കുന്നു. വിനോദത്തിനപ്പുറം, ലോകകാര്യങ്ങളും വാർത്തകളും അറിയാൻ ജെൻ സി ഇന്ന് ആശ്രയിക്കുന്നത് ഈ ഓഡിയോ/വീഡിയോ പ്ലാറ്റ്ഫോമിനെയാണ്.
ആഗോള തലത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
പോഡ്‌കാസ്റ്റ് ഉപഭോഗത്തിൻ്റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇതിൽ ഒന്നും രണ്ടും സ്ഥാനം ചൈനയ്ക്കും യുഎസിനുമാണ്. 2020-ൽ ഇന്ത്യയിൻ പോഡ്‌കാസ്റ്റ് ശ്രോതാക്കാളുടെ എണ്ണം പ്രതിമാസം വെറും 5.7 കോടിയായിരുന്നെങ്കിൽ നിലവിൽ ഈ കണക്ക് 10 കോടിയിലധികം കടന്നു. 2030-ഓടെ ഇന്ത്യൻ പോഡ്കാസ്റ്റ് വിപണി 2.6 ബില്യൺ ഡോളറിലധികം മൂല്യമുള്ളതായി വളരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾ തേടി പോഡ്‌കാസ്റ്റിലെയ്ക്ക്
- വാർത്തകൾ അറിയാൻ ജെൻ സികളിൽ 63% പേരും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന കാലമാണിത്. എന്നാൽ, ഇവർക്ക് പരമ്പരാഗത മാധ്യമങ്ങളെക്കാൾ കൂടുതൽ ആധികാരികതയും വിശ്വാസ്യതയും കൂടുതൽ തേന്നുന്നത് പോഡ്കാസ്റ്റുകളോടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
- വിശ്രമവേളകളിലെ ഒരു സുഹൃത്തുമായുള്ള സംഭാഷണം പോലെ തോന്നിപ്പിക്കുന്ന പോഡ്‌കാസ്റ്റുകളുടെ ലാളിത്യമുള്ള ശൈലിയാണ് യുവജനതയെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
വോഡ്‌കാസ്റ്റുകളുടെ കുതിപ്പ്
കേവലം ശബ്ദം മാത്രമായിരുന്ന പോഡ്‌കാസ്റ്റുകൾ ഇന്ന് 'വോഡ്‌കാസ്റ്റുകൾ' അഥവാ വീഡിയോ പോഡ്‌കാസ്റ്റുകളായി മാറുന്നുണ്ട്. ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ യുവതലമുറയുടെ ഡിമാൻഡാണിത്. നിലവിൽ യൂട്യൂബിൽ മാത്രം പ്രതിമാസം 100 കോടിയിലധികം ആളുകളാണ് പോഡ്‌കാസ്റ്റ് ഉള്ളടക്കങ്ങൾ കാണുന്നത്. പുതിയ ഫീച്ചറുകൾ നൽകി യൂട്യൂബും സ്പോട്ടിഫൈ പോലുള്ള പ്ലാറ്റ്‌ഫോമുകളും ഈ വളർച്ചയെ പിന്തുണയ്ക്കുന്നു.
ഇഷ്ട വിഷയങ്ങൾ, പുതിയ ശീലങ്ങൾ
ക്രൈം, ചരിത്രം, വ്യക്തിഗത, ഫിനാൻസ്, കോമഡി, പോപ്പ് സൈക്കോളജി തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യൻ ശ്രോതാക്കൾക്കിടയിൽ ഇപ്പോഴും ജനപ്രിയമായി തുടരുന്നത്. പല ജോലികൾ ചെയ്യുന്നതിനിടയിൽ 'പശ്ചാത്തല ശബ്ദമായി' പോഡ്‌കാസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു രീതിയും ഈ യുവതലമുറയിൽ വ്യാപകമാണ്. അവർക്ക് ഇതൊരു കൂട്ടായ്മയുടെ അല്ലെങ്കിൽ സൗഹൃദത്തിന്റെ ഭാഗമായി അനുഭവപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.


