വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജനങ്ങളെ പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും. കൂടാതെ ആശുപത്രിയില്‍ സൗജന്യ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സൈന്യം ബുധനാഴ്ച അറിയിച്ചു. പുറമേ, ഗ്രാമീണര്‍ക്ക് അവശ്യവസ്തുക്കള്‍ സൈന്യം വിതരണം ചെയ്യുമെന്നും ഉറപ്പ് നല്‍കി.

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റ് 12 പേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഡിസംബര്‍ എട്ടിന് തകര്‍ന്നുവീണത് നീലഗിരി ജില്ലയിലെ നഞ്ചപ്പ ചത്രം എന്ന ഗ്രാമത്തിലാണ്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടി കൂടിയതോ, അവിടത്തെ സാധാരണക്കാരായ ജനങ്ങളും. രാജ്യത്തെ ഞെട്ടിച്ച ദാരുണമായ ആ അപകടത്തിന് മുന്‍പ് നഞ്ചപ്പ ചത്രം എന്ന ഗ്രാമത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായി ഗ്രാമം മാറിയിരിക്കുന്നു. അപകട സമയത്ത്, കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആ ഗ്രാമത്തെ ഒന്നാകെ ഇപ്പോള്‍ സേന ദത്തെടുത്തിരിക്കയാണ്.

അപകടദിവസം കൂനൂര്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയായിരുന്നു. ഞരമ്പിനെ മരവിപ്പിക്കുന്ന കൊടും തണുപ്പായിരുന്നു അന്ന്. എന്നിട്ടും പക്ഷേ അവിടത്തുകാര്‍ തണുപ്പിനെക്കുറിച്ച് ചിന്തിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഓടിക്കൂടിയ ജനങ്ങള്‍ തങ്ങളുടെ കൈയിലുള്ള കമ്പിളിയും, ഭക്ഷണവും എല്ലാം പരിക്കേറ്റ സൈനികര്‍ക്ക് കൈമാറി. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പോലീസും സൈന്യവും ജില്ലാ ഭരണകൂടവും ഗ്രാമം സന്ദര്‍ശിച്ച് കമ്പിളിയും മറ്റും നല്‍കിയതിന് നാട്ടുകാരോട് നന്ദി അറിയിച്ചു.

തേയിലത്തോട്ടങ്ങള്‍ കൊണ്ട് സമൃദ്ധമായ കുന്നൂരിന്റെ ചെരുവിലാണ് ഈ ഗ്രാമം. അത്ര എളുപ്പമൊന്നും ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. എന്നാല്‍ സൈന്യം അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ട് വരികയാണ്. പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് സൈനിക ആശുപത്രിയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം ഡിസംബര്‍ എട്ടുവരെ മാസം തോറും സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് പ്രാദേശിക സൈനിക കമാന്‍ഡര്‍ എ. അരുണ്‍ പറഞ്ഞു. വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജനങ്ങളെ പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും. കൂടാതെ ആശുപത്രിയില്‍ സൗജന്യ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സൈന്യം ബുധനാഴ്ച അറിയിച്ചു. പുറമേ, ഗ്രാമീണര്‍ക്ക് അവശ്യവസ്തുക്കള്‍ സൈന്യം വിതരണം ചെയ്യുമെന്നും ഉറപ്പ് നല്‍കി.

അപകടവിവരം യഥാസമയം അറിയിച്ച ഗ്രാമീണരായ കൃഷ്ണസാമിക്കും ചന്ദ്രകുമാറിനും 5000 രൂപ വീതം സമ്മാനമായി നല്‍കുകയും ചെയ്തു. 'ഏറ്റവും പ്രയാസകരമായ സമയത്ത് നിങ്ങള്‍ ചെയ്ത സഹായം സൈന്യം മറക്കില്ല. സൈന്യത്തിന്റെ പേരില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹായം രാജ്യത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനവും ധൈര്യവും നല്‍കുന്നു. ഈ സഹായത്തിന് ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,'

അരുണ്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ നിന്നുള്ള തീ അണയ്ക്കാന്‍ ഗ്രാമവാസികള്‍ പാത്രങ്ങളില്‍ വെള്ളവുമായി ഓടി എത്തി. പരിക്കേറ്റ സൈനികരെ അവരുടെ തങ്ങളുടെ പുതപ്പുകളില്‍ കിടത്തി. കൂടാതെ, ഫയര്‍ഫോഴ്സിലും പോലീസിലും അവര്‍ ഉടന്‍ തന്നെ വിവരമറിയിക്കുകയും ചെയ്തു.