ജഗ്ഗി വാസുദേവ്  അഥവാ 'സദ്‌ഗുരു' ഒരു ആധ്യാത്മിക ഗുരുവാണ്. ഇഷാ ഫൗണ്ടേഷന്റെ അധിപതിയായ സദ്‌ഗുരുവിനെ ആരാധിക്കുകയും അദ്ദേഹം പറയുന്നത് പിന്തുടരുകയും ചെയ്യുന്ന പതിനായിരങ്ങളുണ്ട്. ആധ്യാത്മികതയെപ്പറ്റി തന്റെ പ്രഭാഷണങ്ങളിൽ സദ്‌ഗുരു ഇടക്കിടെ പല വിദഗ്ദ്ധ പരാമര്‍ശങ്ങളും നടത്താറുണ്ട്. എന്നാൽ, പലപ്പോഴും ആ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാറില്ല അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നുമാത്രം. 

ഫെബ്രുവരി 21 -ന് മഹാശിവരാത്രിയായിരുന്നു. ശിവരാത്രിക്കു മുമ്പുതന്നെ ജഗ്ഗിയുടെ ഒരു പ്രഭാഷണത്തിന്റെ ചോദ്യോത്തരവേളയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു. അദ്ദേഹം തന്റെ ട്വിറ്ററിൽ ആ വീഡിയോ പങ്കുവെക്കുകയും ചെയ്തു. അതിൽ ഒരു പെൺകുട്ടി ചോദിക്കുന്ന ചോദ്യമിതാണ്, "ഞങ്ങൾ മില്ലേനിയൽസ് ഭൂരിഭാഗവും ദൈവത്തിലോ ആചാരങ്ങളിലോ വിശ്വസിക്കാത്തവരാണ്. ശിവരാത്രിപോലുള്ള ചടങ്ങുകളിൽ നിന്ന് ഞങ്ങൾക്കെന്താണ് കിട്ടാനുള്ളത്?" അതിന് മറുപടി പറഞ്ഞകൂട്ടത്തിൽ ജഗ്ഗി വാസുദേവ് പറഞ്ഞ ചില കാര്യങ്ങൾ വിവാദത്തിന് കാരണമായി.

അദ്ദേഹത്തിന്റെ സുദീർഘമായ മറുപടിയുടെ വിവാദാസ്പദമായ ഭാഗം ഇപ്രകാരമായിരുന്നു, "മഹാശിവരാത്രിയെന്നത് വെറുമൊരു മതാചാരമെന്നു തള്ളിക്കളയാനുള്ളതല്ല. അതിന് ഭൂമിയുടെ അസ്‌ട്രോണോമിക്കൽ ഫേസ് (Astronomical phase)മായി ബന്ധമുണ്ട്. ഈ ഭൂമി സൗരയൂഥമെന്നു നാം വിളിക്കുന്ന വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. സൗരയൂഥമോ ഗാലക്സിയെന്നോ കോസ്മോസ് എന്നോ ഒക്കെ നമ്മൾ വിളിക്കുന്ന, പേരുകൾ എന്തുമാട്ടെ, കുറേക്കൂടി വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. ആത്യന്തികമായി, ഇവിടെ പരസ്പര ബന്ധമില്ലാതെ യാതൊന്നും തന്നെ നടക്കുന്നില്ല എന്നതാണ് സത്യം. ഭ്രമണ പരിക്രമണങ്ങൾക്കിടയിൽ ചില പ്രത്യേക നേരങ്ങളിൽ, ചില പ്രത്യേക സ്ഥാനങ്ങളിൽ വരുമ്പോൾ നമ്മുടെ ഭൂമിയിലെ അവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ടാകും. ഇതിൽ ഏത് ഫേസ് ആണ് നമുക്ക് ഗുണകരമാവുക എന്നു തിരിച്ചറിയേണ്ടതുണ്ട്.

ആ ഒരു പരിപ്രേക്ഷ്യത്തിൽ, വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ ശിവരാത്രികൾ ഉള്ളതിൽ മഹാശിവരാത്രി ഏറെ വിശേഷപ്പെട്ട ഒരു ദിവസമാണ്. എല്ലാ മാസത്തിന്റെയും പതിനാലാം നാൾ ശിവരാത്രിയാണ്, അന്ന് ഭൂമിയിൽ ഉയർന്ന ഊര്‍ജ്ജാവസ്ഥയായിരിക്കും. എന്നാൽ, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വരുന്ന ഈ വിശേഷ ശിവരാത്രിയിൽ ഉത്തരാർദ്ധഗോളത്തിൽ വസന്ത ഋതുവിന്റെ ആരംഭകാലമാണ്. അന്ന് ഭൂമിയിൽ ഊർജത്തിന്റെ ഒരു വേലിയേറ്റമുണ്ടാകും. അങ്ങനെ ഒരു ഊർജവേലിയേറ്റം നടക്കുമ്പോൾ, നമ്മൾ കിടന്നുറങ്ങിയാൽ, അതായത് നമ്മുടെ ശരീരത്തെ തിരശ്ചീനമാക്കി വെച്ചാൽ, അത് നമ്മുടെ ശരീരത്തിന് ദോഷകരമായി ഭവിച്ചേക്കാം. ആ സമയത്ത് ശരീരം ലംബസ്ഥിതിയിൽ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഊർജത്തിന്റെ സ്വാഭാവികമായ ചലനം ലംബദിശയിലാണ്, കിടക്കുമ്പോൾ നിങ്ങൾ അതിന് വിപരീതദിശയിലായിപ്പോകും.

അപ്പോൾ എന്തുചെയ്യണം? കിടന്നുറങ്ങാതെ ഉണർന്നിരിക്കണം. ഉണർന്നിരിക്കാൻ എന്തുചെയ്യണം? ചിലർ ബാറിൽ പോകും. ചിലർ രാത്രിമുഴുവൻ കുത്തിയിരുന്ന് ചീട്ടുകളിക്കും. ചിലർ തുടർച്ചയായുള്ള ലെറ്റ് നൈറ്റ് ഷോകൾക്ക് തിയേറ്ററിൽ പോയിരിക്കും. നിങ്ങൾ ഏത് മില്ലേനിയത്തിൽ ജനിച്ചതായാലും, ഇത് നിങ്ങൾക്കൊരു അവസരമാണ്. നിങ്ങൾ ജനിച്ചുവീണ ഈ ഭൂഗോളം, ഈ ഗ്രഹം, നിങ്ങളെ പിന്തുണയ്ക്കുന്ന വേളയാണിത്. അതിന്റെ പരമാവധി ലാഭമെടുക്കേണ്ടത് നിങ്ങൾ തന്നെയാണ്."

എന്നാൽ, ജഗ്ഗി വാസുദേവ് ഈ പറഞ്ഞത് അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യക്ക് അത്ര രുചിച്ചിട്ടില്ല. ജഗ്ഗി പറഞ്ഞതിനെ അത്രയും ഖണ്ഡിച്ചുകൊണ്ട് തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ വഴി അവർ മറുപടിയും നൽകി. "മഹാശിവരാത്രിയും ഭൂമിയുടെ അസ്ട്രോണമിക്കൽ ഫേസുമായി യാതൊരു ബന്ധവുമില്ല. സത്യത്തിൽ, ഈ അസ്ട്രോണമിക്കൽ ഫേസ് എന്ന പ്രയോഗം തന്നെ വിശാലാർത്ഥത്തിൽ തെറ്റാണ്. അങ്ങനെ ഒന്നില്ല എന്നുതന്നെ പറയാം. ഈ ദിവസം ജ്യോതിശാസ്ത്രപരമായ ഒരു 'അലൈൻമെന്റും'(astronomical alignment) ഇവിടെ നടക്കുന്നില്ല. സദ്‌ഗുരു ഈ പടച്ചുവിടുന്ന സ്യൂഡോ സയൻസ് തിയറികളൊന്നും തന്നെ നിമിഷനേരത്തേക്കുപോലും വിശ്വസിച്ചു പോകരുത് ആരും..!" എന്നായിരുന്നു ആ മറുപടി ട്വീറ്റ്. 

അതിനുശേഷം കുറേക്കൂടി വിസ്തരിച്ചുള്ള ഒരു വിശദീകരണക്കുറിപ്പും അവർ ട്വീറ്റ് ചെയ്യുകയുണ്ടായി. അതിൽ പറയുന്നത് ഇപ്രകാരം.

ഈ വിഷയത്തിൽ പലർക്കും ഉള്ള സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടി ചില വസ്തുതകൾ ചുവടെ ചേർക്കട്ടെ.
1. ചാന്ദ്ര-സൗര (Luni -Solar Calenders - ഈ കേസിൽ ഭാരതീയ പഞ്ചാംഗം) കലണ്ടറുകൾക്ക് രണ്ടര വർഷം കൂടുമ്പോൾ ഒരു അധികമാസം ചേർക്കേണ്ടി വരുന്നതുകൊണ്ട്, സൂര്യനെയും നക്ഷത്രങ്ങളെയും വെച്ച് നോക്കുമ്പോൾ ഭൂമിയുടെ സ്ഥാനം എല്ലാ മഹാ ശിവരാത്രിക്കും ഒരുപോലെ ആയിരിക്കില്ല.

2. സൗരയൂഥത്തിലെ ഏതൊരു ഗോളത്തിന്റെയും  അസ്‌ട്രോണോമിക്കൽ ഫേസ് എന്നു പറയുന്നത്, ആ ഗോളം കാഴ്ചക്കാരന് എങ്ങനെ ദൃശ്യമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം സങ്കല്പിച്ചെടുക്കുന്ന ഒരു ധാരണയാണ്. അതിന് ആ വസ്തുവുമായി ശരിക്കും യാതൊരു ബന്ധവുമില്ല. ഉദാ. തിഥി എന്തായാലും ചന്ദ്രൻ എന്നും പ്രകാശിതമാണ്. ആ പ്രകാശിതഗോളത്തിന്റെ നമ്മൾ കാണുന്ന ഭാഗങ്ങളാണ് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നത്. ചന്ദ്രൻ എപ്പോഴും ഒരുപോലെയാണ് ഇരിക്കുന്നത്. അവിടെ യാതൊന്നും മാറുന്നില്ല.

3. ഭൂമിയുടെ വ്യാസമെന്നത് 12,000 കിലോമീറ്റർ ആണ്. മനുഷ്യനോ പരമാവധി 0 .002 കിലോമീറ്റർ ഉയരവും, 0.0005 കിലോമീറ്റർ വീതിയും ഉള്ള ഒരു നിസ്സാരജീവിയും. ഈ രണ്ട് അളവുകളും  തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ, രണ്ടാമത്തേത് നിന്നാലോ, ഇരുന്നാലോ, കിടന്നാലോ യാതൊരു വ്യത്യാസവും വരാൻ പോകുന്നില്ല.

4. പോസിറ്റീവ് എനർജി, നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‍കാണ്. ഇങ്ങനെ ഗ്രഹങ്ങൾ ഒരു ലൈനിൽ വരുമ്പോഴേക്കും ഒരെനർജിയും ഒരു വഴിക്കും ഒഴുകുന്നില്ല. ഒക്കെ വെറും മിഥ്യാധാരണകളാണ്. അതിനൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ല.

എന്നാൽ ഇന്ത്യൻ അസ്‌ട്രോണോമിക്കൽ സൊസൈറ്റിയുടെ ഈ 'സദ്‌ഗുരു' വിമർശനങ്ങളെ അദ്ദേഹത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ ശക്തിയുക്തം എതിർത്തിട്ടുണ്ട്. അവരിൽ പലരും ഈ ട്വീറ്റുകൾക്ക് മറുപടികളും ട്വീറ്റ് ചെയ്തുകൊണ്ട് രംഗത്തുവന്നു കഴിഞ്ഞു. എന്തായാലും ശിവരാത്രിയുടെ ശാസ്ത്രീയതയെ സംബന്ധിച്ച വിവാദങ്ങൾ ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ തുടരുക തന്നെയാണ്.