ഇന്ത്യക്കാരനായ യുവാവ് അവരുടെ ലൈസൻസ് പ്ലേറ്റ് വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും കാണാം. 'കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ' എന്നാണ് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത്.

കുടിയേറ്റക്കാരായ ദമ്പതികൾക്ക് നേരെ കാനഡയിൽ നടന്ന വംശീയാധിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത്. കാനഡയിലെ ഒന്റാറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്‌ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു സംഭവം നടന്നത്.

സംഭവത്തിന്റെ നിരവധി വീഡിയോകൾ അധിക്ഷേപത്തിന് ഇരയായ യുവാവ് ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ഒരു വീഡിയോയിൽ, ഒരു പിക്കപ്പ് ട്രക്കിനുള്ളിൽ നിന്നും മൂന്ന് കനേഡിയൻ യുവാക്കൾ ദമ്പതികൾക്ക് നേരെ അസഭ്യം പറയുന്നത് കാണാമായിരുന്നു. ദമ്പതികളുടെ കാറിന് മുന്നിൽ അവർ തങ്ങളുടെ പിക്കപ്പ് ട്രക്ക് പാർക്ക് ചെയ്തതോടെ ദമ്പതികൾക്ക് അവിടെ നിന്നും പുറത്ത് കടക്കാൻ സാധിക്കാതെ വന്നു.

യുവാവ് അവരുടെ ലൈസൻസ് പ്ലേറ്റ് വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും കാണാം. 'കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ' എന്നാണ് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത്. തുടർന്ന് കനേഡിയൻ യുവാക്കൾ ഈ ദമ്പതികൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വംശീയ പരാമർശങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. കുടിയേറ്റക്കാരൻ എന്നു വിളിച്ചും ഒരു യുവാവ് ഇയാൾക്ക് നേരെ അക്രോശിക്കുന്നുണ്ട്. കൗമാരക്കാരായ യുവാക്കളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് കരുതുന്നത്.

കണ്ടാലറയ്ക്കുന്ന തരത്തിലുള്ള അശ്ലീലപ്രകടനങ്ങളും ഇവർ ദമ്പതികൾക്ക് നേരെ കാണിക്കുന്നത് കാണാം. വീഡിയോ വൈറലായി മാറിയതോടെ വൻ വിമർശനമാണ് യുവാക്കൾക്ക് നേരെ ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരവും ക്രൂരവുമായിരുന്നു ഇവരുടെ പെരുമാറ്റം എന്നാണ് പലരും പറ‍ഞ്ഞത്.

വിവിധ ഫേസ്ബുക്ക് ​ഗ്രൂപ്പുകളിൽ യുവാവ് വീഡിയോ പങ്കുവച്ചു. 'ഈ സംഭവം തനിക്കും പങ്കാളിക്കും കനത്ത മാനസികാഘാതമാണ് ഏല്പിച്ചത്. ഇത് മറ്റാർക്കും സംഭവിക്കരുത്. നീതി വേണം' എന്നും പറഞ്ഞാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 -കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.