ബ്രിട്ടനിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ഡ്രില്ലിംഗ് എഞ്ചിനീയറായ ഇന്ത്യൻ‌ യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും താലിയും ധരിച്ചെത്തിയപ്പോഴുണ്ടായ അനുഭവമാണ് അവർ പങ്കുവെച്ചത്.

ബ്രിട്ടനിലെ അബർഡീനിൽ ജോലി ചെയ്യുന്ന ആകാൻക്ഷ സദേക്കർ ചൗഹാൻ എന്ന യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കാനഡ ആസ്ഥാനമായുള്ള സി.എൻ.ആർ എന്ന പെട്രോളിയം കമ്പനിയിലെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് ആകാൻക്ഷ. വിവാഹശേഷം സിന്ദൂരവും താലിയും ധരിച്ച് ഓഫീസിലെത്തിയ തനിക്ക് ബ്രിട്ടീഷ് സഹപ്രവർത്തകരിൽ നിന്ന് വലിയ ബഹുമാനവും സ്നേഹവുമാണ് ലഭിച്ചതെന്ന് ആകാൻക്ഷ പറയുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഒരു ഇന്ത്യൻ വംശജയായ സഹപ്രവർത്തകയിൽ നിന്നും പരിഹാസം കേൾക്കേണ്ടി വന്നുവെന്നും ആകാൻക്ഷ പറ‍ഞ്ഞു. 'ഓഫീസിലേക്ക് ഒരു നവവധുവിനെപ്പോലെ വരാൻ നിനക്ക് നല്ല ധൈര്യം വേണം' എന്നു പറഞ്ഞാണത്രെ സഹപ്രവർത്തക കളിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'നമ്മുടെ സംസ്കാരത്തിൽ പെടാത്തവർ അതിനെ ബഹുമാനിക്കുമ്പോൾ, കൂടെയുള്ളവർ തന്നെ നമ്മളെ ചെറുതാക്കാൻ നോക്കുന്നത് കൗതുകകരം തന്നെ. സ്ത്രീകളെ നിയന്ത്രിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലപ്പോൾ വസ്ത്രധാരണം കൂടുതൽ മോഡേൺ ആണെന്ന് പറയും, മറ്റു ചിലപ്പോൾ കൂടുതൽ പരമ്പരാഗതമായിപ്പോയി എന്നും. ഞാൻ സിന്ദൂരം ധരിക്കുന്നത് മറ്റാരെയും ബോധിപ്പിക്കാനല്ല, അത് എന്റെ സ്വത്വത്തിന്റെ ഭാഗമാണ്' എന്നാണ് ആകാൻക്ഷ പറയുന്നത്.

Scroll to load tweet…

പുരുഷാധിപത്യം നിലനിൽക്കുന്ന ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ നൂറിലധികം എഞ്ചിനീയർമാരുള്ള ടീമിലെ മൂന്ന് വനിതാ ഡ്രില്ലിംഗ് എഞ്ചിനീയർമാരിൽ ഒരാളാണ് ആകാൻക്ഷ. മുംബൈയിൽ ജനിച്ച അവർ ഒൻപതാം വയസ്സിലാണ് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയത്. തന്റെ ബ്രിട്ടീഷ് ജീവിതശൈലിയും ഹൈന്ദവ സംസ്കാരവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും രണ്ടും ഒത്തുപോകുന്നതാണെന്നുമാണ് ആകാൻക്ഷ പറയുന്നത്. 'ഞാനൊരു ബ്രിട്ടീഷുകാരിയാണ്, ഒപ്പം ഒരു ഹിന്ദു സ്ത്രീയുമാണ്. ഈ രണ്ട് സ്വത്വങ്ങളും ചേർന്നുനിൽക്കുന്നതാണ് എന്റെ വ്യക്തിത്വം. അത് ജോലിസ്ഥലത്ത് ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ല' എന്നും ആകാൻക്ഷ കൂട്ടിച്ചേർത്തു.