വിധികൾ കേട്ട് ഇഷ്ടമായി; അമേരിക്കൻ ജഡ്ജിയെ കാണാന്‍ ഇന്ത്യയിൽ നിന്ന് ഒരു കുടുംബം; 'ഹൃദയം നിറഞ്ഞു' എന്ന് ജഡ്ജി
ഫ്രാങ്ക് കാപ്രിയോയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്. അങ്ങനെയാണ് ശരണ്യയും കുടുംബവും അദ്ദേഹത്തിന്‍റെ കോടതി വീഡിയോകള്‍ കാണുന്നതും നേരില്‍ കാണാനായി അമേരിക്കയിലേക്ക് തിരിക്കുന്നതും.

ബോസ്റ്റണ്‍: തന്‍റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ച് പ്രശസ്തനായ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. അദ്ദേഹത്തിന്‍റെ 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' ഷോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയില്‍ നിന്ന് മൂന്നംഗ കുടുംബം കാണാനെത്തിയതും അവരുമായുള്ള സംഭാഷണവുമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വീഡിയോയിലുള്ളത്. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ് അദ്ദേഹം.
ശരണ്യ എന്ന പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജഡ്ജിയെ കാണാന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. താങ്കളുടെ വീഡിയോകള്‍ കാണാറുണ്ടെന്നും നേരില്‍ കാണാന്‍ അതിയായ ആഗ്രഹം തോന്നിയെന്നും ശരണ്യയുടെ അമ്മ ഫ്രാങ്ക് കാപ്രിയോയോട് പറഞ്ഞു. ശരണ്യയും കുടുംബവും ഇത്രയും ദൂരം സഞ്ചരിച്ച് തന്നെ കാണാന്‍ വന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
"ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. ഇത്രയധികം രാജ്യങ്ങളിലേക്ക് ഞങ്ങള്‍ എത്തി എന്നറിഞ്ഞപ്പോള്‍ ഹൃദയം നിറഞ്ഞു"- ഫ്രാങ്ക് കാപ്രിയോ പ്രതികരിച്ചു.
ഫേസ് ബുക്കിലാണ് ഫ്രാങ്ക് കാപ്രിയോയുടെ വീഡിയോകള്‍ കണ്ടതെന്ന് ശരണ്യ പറഞ്ഞു. തന്‍റെ കോടതി നടപടികളെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് എന്താണ് അഭിപ്രായമെന്ന് ജഡ്ജി ചോദിച്ചു. ശരണ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- "വ്യക്തിപരമായി ഞങ്ങള്‍ക്ക് കോടതി നടപടികള്‍ അത്ര പരിചയമില്ല. പൊതുവെ കോടതിയില്‍ കേസുകള്‍ നീങ്ങാന്‍ കുറേ സമയമെടുക്കും. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് താങ്കളുടെ രീതി. താങ്കള്‍ കോടതിയിലെത്തുന്ന എല്ലാവരെയും മനസ്സിലാക്കുന്നു."
താന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം വിശദമാക്കി. ലോകത്തിലെ ഏറ്റവും വലിയ പാതകങ്ങളിലൊന്ന് കുടുംബത്തിന്റെ ശിഥിലീകരണമാണെന്ന് താൻ കരുതുന്നുവെന്ന് ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
"ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. ആളുകളോട് നീതിപൂര്‍വ്വമായി ഇടപെടാന്‍ ശ്രമിക്കുന്നു. അവരുടെ സാഹചര്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ വരുമ്പോള്‍ അവരാകെ പേടിച്ച അവസ്ഥയിലാണെന്ന് എനിക്ക് അറിയാം. പാവപ്പെട്ടവരുടെ അവസ്ഥ എന്താണെന്ന്, ഞാനങ്ങനെ ജീവിച്ചതുകൊണ്ട് എനിക്കറിയാം. അവരെ മനസ്സിലാക്കുന്നത് ഒരു കാര്യം. പക്ഷേ ഞാന്‍ അക്കാലം ഒരിക്കലും മറക്കില്ല"- ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
മറ്റുള്ളവരോട് കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറാന്‍ താങ്കള്‍ പ്രചോദനമായെന്ന് ശരണ്യയുടെ അമ്മ പ്രതികരിച്ചു. നിങ്ങള്‍ക്ക് എപ്പോഴും സ്വാഗതം എന്നു പറഞ്ഞാണ് ഫ്രാങ്ക് കാപ്രിയോ ഇന്ത്യന്‍ കുടുംബത്തെ യാത്രയാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡെന്‍സിലെ മുന്‍ ചീഫ് ജഡ്ജിയായിരുന്ന ഫ്രാങ്കിന്റെ കോടതി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും ഫ്രാങ്കിനെ തേടിയെത്തിയിട്ടുണ്ട്.
പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകള്‍ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്കൂള്‍ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.