ഇന്ത്യക്കാരനായ എച്ച്ആർ അതിനെ എതിർത്തു, പകരം അവധികൾ എടുക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നു. ഈ വർഷം അവസാനം മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എടുക്കാനായി താൻ ലീവ് മാറ്റിവെച്ചിരിക്കുകയായിരുന്നു.
ഇന്ത്യൻ തൊഴിൽ സംസ്കാരം കാരണം സ്ഥാപനത്തിലെ നല്ല അന്തരീക്ഷം ഇല്ലാതാവുകയാണെന്ന പോസ്റ്റുമായി യുവാവ്. തൊഴിൽപരമായ പോസ്റ്റുകൾ ഒരുപാട് പ്രത്യക്ഷപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു യൂറോപ്യൻ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യക്കാരനായ എച്ച് ആർ ആണ് കമ്പനിക്ക്. ആവശ്യമുള്ളപ്പോൾ വർക്ക് ഫ്രം ഹോം എടുക്കാനുള്ള ഓപ്ഷനുണ്ട്. അത് ഇന്ത്യൻ എച്ച്ആറാണ് നിഷേധിക്കുന്നത് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
'ഇന്ത്യൻ തൊഴിൽ സംസ്കാരം എംപ്ലോയീ ഫ്രണ്ട്ലി ആയിട്ടുള്ള യൂറോപ്യൻ തൊഴിൽ നയങ്ങളെ നശിപ്പിക്കുകയാണ്' എന്ന് യുവാവ് എഴുതുന്നു. 8 മണിക്കൂർ ഷിഫ്റ്റും അതുപോലെ നാല് ദിവസം ഓഫീസിൽ വന്നാൽ മതി എന്ന ഹൈബ്രിഡ് വർക്കിങ് സൗകര്യവും ഓഫീസിലുണ്ട്.
തന്റെ ടീം ചെറുതാണ്. എല്ലാവരും യൂറോപ്പിലാണ് താമസം. താൻ ഇന്ത്യയിലെ ഓഫീസിലിരുന്നാണ് ജോലി ചെയ്യുന്നത്. അടുത്തിടെ കാലൊന്ന് ഉളുക്കി. മെട്രോ യാത്ര പറ്റാത്തതിനാൽ രണ്ടാഴ്ച വീട്ടിലിരിക്കേണ്ടുന്ന ആവശ്യം വന്നു. യൂറോപ്പിൽ നിന്നുള്ള മാനേജരോട് രണ്ടാഴ്ച വർക്ക് ഫ്രം ഹോം ചെയ്യട്ടേ എന്ന് ചോദിച്ചപ്പോൾ അവർ അപ്പോൾ തന്നെ സമ്മതിച്ചു. ഒരു കാരണമില്ലാതെ തന്നെ ടീമിലെ പലരും ഇത് ചെയ്യാറുണ്ട്. അതിനാൽ മാനേജർക്ക് അത് പൂർണസമ്മതമായിരുന്നു എന്നും യുവാവ് എഴുതുന്നു.
എന്നാൽ, ഇന്ത്യക്കാരനായ എച്ച്ആർ അതിനെ എതിർത്തു, പകരം അവധികൾ എടുക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നു. ഈ വർഷം അവസാനം മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എടുക്കാനായി താൻ ലീവ് മാറ്റിവെച്ചിരിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല. ഈ ലീവിന്റെ ഒരു ആവശ്യവുമില്ലായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മാനേജരുടെ തീരുമാനമാണ് അന്തിമം. എച്ച് ആറിന്റെ തീരുമാനം വിലക്കെടുക്കേണ്ടതില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒപ്പം ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തെ കുറിച്ചും പലരും വിമർശനമുന്നയിച്ചു.
മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ നഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ്
