ഇന്ത്യക്കാരിയായ അമ്മ മകന്റെ അമ്മായിഅമ്മയ്ക്കാണ് ഒരു മനോഹരമായ, നാം വർഷങ്ങളായി ഉപയോഗിക്കുന്നത് പോലെയുള്ള ഒരു സ്റ്റീൽ പാത്രം നൽകുന്നത്.
വളരെ മനോഹരമായ ചില കുടുംബ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരേസമയം മനോഹരവും രസകരവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് വിവിധ രാജ്യങ്ങളിലുള്ളവരും സംസ്കാരങ്ങളിലുള്ളവരും തമ്മിൽ വിവാഹം കഴിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും ഒന്നും പുതിയ കാര്യമല്ല. ഒരുപാടുപേർ അങ്ങനെ വിവാഹം കഴിക്കുന്നുണ്ട്. അത്തരത്തിലുള്ള വിവാഹങ്ങൾ പലപ്പോഴും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലായി മാറാറുമുണ്ട്. അത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇതും.
പ്രഭു വിഷാ എന്ന യൂസർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഒരു മില്ല്യണിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു. അതിൽ പറയുന്നത് തന്റെ ഇന്ത്യൻ അമ്മ ഡെസേർട്ട് സൂക്ഷിച്ച് വയ്ക്കാൻ നൽകിയ പാത്രത്തിൽ എങ്ങനെയാണ് തന്റെ ഡച്ചുകാരിയായ അമ്മ ഡെസേർട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്.
ഇന്ത്യക്കാർക്ക് സ്റ്റീൽപാത്രം ഒരു വികാരമാണ് അല്ലേ? പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകൾക്ക്. ഇഷ്ടം പോലെ പാത്രങ്ങൾ വാങ്ങുക അത് സൂക്ഷിച്ച് വയ്ക്കുക, പ്രിയപ്പെട്ടവർക്ക് നൽകുക ഇതൊക്കെ മിക്കവാറും ഇന്ത്യൻ സ്ത്രീകളും ചെയ്യാറുണ്ട്. അതുപോലെ ഒന്നാണ് ഈ വീഡിയോയിലും കാണുന്നത്.
ഇന്ത്യക്കാരിയായ അമ്മ മകന്റെ അമ്മായിഅമ്മയ്ക്കാണ് ഒരു മനോഹരമായ, നാം വർഷങ്ങളായി ഉപയോഗിക്കുന്നത് പോലെയുള്ള ഒരു സ്റ്റീൽ പാത്രം നൽകുന്നത്. എന്നാൽ, ഡെസേർട്ട് സൂക്ഷിച്ച് വയ്ക്കാൻ നൽകിയിരിക്കുന്ന പാത്രത്തിൽ അവർ കണ്ടാൽ തന്നെ കൊതിയൂറുന്ന മനോഹരമായ ഡെസേർട്ട് തയ്യാറാക്കിയിരിക്കുന്നതും അത് മുറിച്ച് എല്ലാവർക്കും നൽകുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. അതിൽ തന്നെ ഈ സുന്ദരൻ പാത്രം എവിടെ കിട്ടും എന്ന് ചോദിച്ചവരും ഉണ്ട്.


