ഇന്ത്യൻ വംശജനായ സംരംഭകൻ രാജത് സൂരി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലത്ത് പരമ്പരാഗത കോളേജ് വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു. ക്ലാസ് മുറികളിലെ പഠനത്തേക്കാൾ പ്രായോഗിക അറിവ് ലഭിച്ചത് വിവിധ കമ്പനികളിൽ ജോലി ചെയ്തപ്പോഴാണെന്ന് അദ്ദേഹം പറയുന്നു. യുവാക്കൾക്ക് നേരിട്ട് തൊഴിൽ അനുഭവം നൽകുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും സൂരി അഭിപ്രായപ്പെടുന്നു.

രമ്പരാഗത വിദ്യാഭ്യാസ രീതിയാണ് ഇന്നും നമ്മൾ പിന്തുടരുന്നത്. എന്നാൽ, സാങ്കേതികവും വിജ്ഞാനപരവുമായ വളർച്ച കാരണം, അറിവ് എന്നത് പരമ്പരാഗത സങ്കൽപ്പങ്ങൾക്കും അപ്പുറത്താണെന്നതാണ് യാഥാർത്ഥ്യം. ഈയൊരു സന്ദർഭത്തിൽ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലത്ത് പരമ്പരാഗത കോളേജ് വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്ത് ഇന്ത്യൻ വംശജനായ സംരംഭകൻ രാജത് സൂരി. “എന്‍റെ മക്കൾ ഒരുപക്ഷേ കോളേജിൽ പോകേണ്ടതില്ലായിരിക്കും” എന്ന പരാമർശം സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ അത് ഭാവി വിദ്യാഭ്യാസ രീതികളെ കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു.

ഇരട്ട ബിരുദം, പാതിവഴി നിർത്തിയ ഗവേഷണം

കാനഡയിൽ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ച സൂരി യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും എൻജിനീയറിങ്ങിലും ഇരട്ട ബിരുദം നേടിയ ശേഷമാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) പിഎച്ച്ഡി / എംബിഎ പഠനത്തിന് ചേർന്നത്. എന്നാൽ, സംരംഭകത്വത്തിലേക്ക് തിരിയുന്നതിനായി അദ്ദേഹം പിന്നീട് MIT പഠനം ഉപേക്ഷിക്കുകയായിരുന്നു സ്വന്തം അനുഭവമാണ് കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതെന്ന് സൂരി തുറന്ന് പറയുന്നു. വാട്ടർലൂവിലെ പഠനകാലത്ത് ആറ് വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്തതാണ് താൻ ക്ലാസ് മുറികളിൽ നിന്നും ലഭിച്ചതിനേക്കാൾ കാര്യങ്ങൾ പഠിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

നേരിട്ട് നേടുന്ന അനുഭവപാഠം

വ്യത്യസ്ത സ്ഥാപനങ്ങളിലെ തൊഴിൽസംസ്കാരം, മാനേജ്മെന്‍റ് രീതികൾ, ടീം പ്രവർത്തനം, ബിസിനസ് മാതൃകകൾ എന്നിവ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയ പഠനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് AI അക്കാദമിക് കഴിവുകൾ പഠിപ്പിക്കുന്നതിൽ പരമ്പരാഗത ക്ലാസ് മുറികളേക്കാൾ കാര്യക്ഷമമാകുകയാണെന്നാണ് സൂരിയുടെ അഭിപ്രായം. നാല് വർഷം ക്ലാസുകളിൽ ചെലവഴിക്കുന്നതിന് പകരം യുവാക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി ചെയ്ത് അനുഭവം നേടാനുള്ള അവസരം നൽകുന്നതാണ് കൂടുതൽ പ്രയോജനകരമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംറൈഡ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ സൂരി പിന്നീട് പ്രസ്റ്റോ എന്ന മറ്റൊരു കമ്പനി സ്ഥാപിച്ചു. സിംറൈഡ് പിന്നീട് ലിഫ്റ്റായി മാറി. നിലവിൽ ലിമ, ട്രൈബ് ചാറ്റ് എന്നീ സംരംഭങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായം വിദ്യാഭ്യാസത്തിന്‍റെ മൂല്യത്തെക്കുറിച്ചുള്ള പുതിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.