സ്കൂളിൽ നിന്നും ഐഐടിയിൽ നിന്നും ഒക്കെയുള്ള സർട്ടിഫിക്കറ്റുകളും ശിവാഞ്ജലി ഷെയർ ചെയ്തിരിക്കുന്നതായി കാണാം. ഒപ്പം അവൾ മൈക്രോസോഫ്റ്റ് ഓഫീസിന്റെ മുന്നിൽ നിൽക്കുന്ന രംഗങ്ങളും വീഡിയോയിൽ ഉണ്ട്.
മൈക്രോസോഫ്റ്റിൽ സ്വപ്നജോലി നേടാൻ വേണ്ടി താൻ എത്രമാത്രമാണ് കഷ്ടപ്പെട്ടത് എന്ന് വിവരിക്കുന്ന ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താൻ മൈക്രോസോഫ്റ്റിലാണ് ജോലി ചെയ്യുന്നത് എന്ന് പറയുമ്പോൾ ആളുകൾ ഭാഗ്യം എന്ന് പറയാറുണ്ട്. എന്നാൽ, അതിനുവേണ്ടിയുള്ള കഷ്ടപ്പാടുകൾ ആരും കാണാറില്ല എന്നും അവൾ പറയുന്നു. മിക്കവാറും ആളുകളുടെ വിജയങ്ങളും അവരുടെ നേട്ടങ്ങളും മാത്രമാണ് മറ്റുള്ളവർ കാണാറുള്ളത്. എന്നാൽ, അതിനുവേണ്ടി അവരെടുക്കുന്ന കഷ്ടപ്പാടുകൾ മിക്കവാറും ആരും കാണാറില്ല എന്ന് കൂടി വെളിപ്പെടുത്തുകയാണ് യുവതിയുടെ പോസ്റ്റ്.
'ആളുകൾ നമ്മളെത്തിയ ലക്ഷ്യസ്ഥാനം മാത്രം കാണുകയും അത് ഭാഗ്യമാണെന്ന് പറയുകയും ചെയ്യും. എന്നാൽ, അത് കെട്ടിപ്പടുക്കാൻ നടത്തിയ യാത്ര ആരും കാണില്ല. അതേ, ഭാഗ്യം അതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. പക്ഷേ ക്ഷമ, സ്ഥിരോത്സാഹം, അച്ചടക്കം എന്നിവയില്ലാതെ അത് നിങ്ങളെ ഒരിടത്തും എത്തിക്കില്ല' എന്നാണ് ശിവാഞ്ജലി വർമ്മ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ എഴുതിയിരിക്കുന്നത്. സ്കൂളിൽ നിന്നും ഐഐടിയിൽ നിന്നും ഒക്കെയുള്ള സർട്ടിഫിക്കറ്റുകളും ശിവാഞ്ജലി ഷെയർ ചെയ്തിരിക്കുന്നതായി കാണാം. ഒപ്പം അവൾ മൈക്രോസോഫ്റ്റ് ഓഫീസിന്റെ മുന്നിൽ നിൽക്കുന്ന രംഗങ്ങളും വീഡിയോയിൽ ഉണ്ട്. അവളുടെ അതുവരെയുള്ള കഠിനാധ്വാനം നിറഞ്ഞ യാത്രയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
നിരവധിപ്പേരാണ് ശിവാഞ്ജലി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'മൈക്രോസോഫ്റ്റിലെത്തുക എന്നത് ഒരിക്കലും എളുപ്പമല്ല, എനിക്ക് 20 വർഷം വേണ്ടിവന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. കഷ്ടപ്പാടുകൾ ആരും കാണാറില്ല എന്നും അതിൽ നിന്നും നമ്മളുണ്ടാക്കുന്ന ഫലം മാത്രമാണ് ആളുകൾ കാണുന്നത് എന്നുമായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.


