മകന്‍റെ കാമുകിയായ ചാറ്റ്ജിപിടിയുമായി അമ്മ നടത്തിയ സംഭാഷണം ഇതിനകം കണ്ടത് 29 ലക്ഷം പേരാണ്. ചാറ്റ് ജിപിടിയുമായുള്ള സംഭാഷണത്തിനൊടുവില്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള അമ്മയുടെ കമന്‍റും വൈറൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. എന്തിനും ഏതിനും ഇപ്പോൾ എഐ വേണമെന്ന അവസ്ഥയിലാണ്. അതേസമയം പലര്‍ക്കും എഐ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരമൊരു ആശയ കുഴപ്പത്തെക്കുറിച്ചാണ്. മകന്‍ അമ്മയോട് തന്‍റെ പുതിയ കാമുകിയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. അതേസമയം താന്‍ സംസാരിക്കുന്നത് മകന്‍റെ ഫോണിലെ എഐയോടാണ് എന്ന് മനസിലാകാതെ അമ്മ എഐയോട് സംസാരിക്കുന്ന വീഡിയോയായിരുന്നു അത്.
മകന്‍റെ കാമുകിയോട് സംസാരിച്ച് അമ്മ
തന്‍റെ കാമുകിയാണെന്ന് പറഞ്ഞ് മകന് ഫോണ്‍ കൈമാറിയതിന് പിന്നാലെ അമ്മ വളരെ ആത്മാര്‍ത്ഥമായും എന്താണ് പേരെന്നും അച്ഛനമ്മമാരാണെന്നും വീട് എവിടെയാണെന്നും ചോദിക്കുന്നു. അമ്മയെ കബളിപ്പിക്കാനുള്ള മകന്‍റെ ശ്രമത്തില്‍ അമ്മ പൂര്‍ണ്ണമായും വീഴുന്നു. പേര് ചോദിക്കുമ്പോൾ ചാറ്റ് ജിപിടിയാണെന്നും വീട് എവിടെയെന്ന് ചോദിക്കുമ്പോൾ വെർച്വലാണെന്നും എഐ മറുപടി പറയുന്നു. എഐ ഓരോ ഉത്തരം പറയുമ്പോഴും അമ്മ അത് ഉറപ്പിക്കുന്നതിനായി മകനെ നോക്കും. വെർച്വല്‍ ലോകം എവിടെയെന്ന് അമ്മ ചോദിക്കുമ്പോൾ അത് ഇന്ത്യയിലെവിടെയോ ആണെന്ന് മകന്‍ മറുപടി പറയുന്നതും കേൾക്കാം.
അച്ഛനമ്മമാരെ കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് ആരുമില്ലെന്നും എഐ മറുപടി പറയുന്നു. നിങ്ങളുടെ മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നത്? ഞാൻ ഒരു വിവാഹാലോചന കൊണ്ടുവരാമെന്ന് അമ്മ പറയുന്നു.താന്‍ വെർച്വലാണെന്നും അതൊന്നും നടക്കില്ലെന്നുമായിരുന്നു മറുപടി. തുടർന്ന് മകന്‍റെ കാമുകിയാണോ എന്ന് ചോദിക്കുന്നു. വെർച്വൽ സഹായി മാത്രമാണെന്നും ആരുടെയും കാമുകിയല്ലെന്നും, എന്നാൽ ആവശ്യമുള്ളപ്പോഴെല്ലാം മകനെ സഹായിക്കാൻ അത് എപ്പോഴും തയ്യാറാണെന്നും ചാറ്റ് ജിപിടി മറുപടി പറയുന്നു. ഏറ്റവും അവസാനം അമ്മ മകനോട് കണ്ടോ പെണ്‍സുഹൃത്തുക്കളെല്ലാം പറ്റീരാണെന്ന് പറയുന്നതും കേൾക്കാം.
പ്രതികരണം
വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം 29 ലക്ഷം പേരാണ് വീഡിയോ കണ്ടത്. അമ്മയുടെ നിഷ്ക്കളങ്കതയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുമായി രംഗത്തെത്തി. പലരും അമ്മയുടെ നിഷ്ക്കളങ്കയെ കുറിച്ചാണ് എഴുതിയത്. അവൾ വളരെ നിഷ്കളങ്കയാണെന്നായിരുന്നു ഒരു കുറിപ്പ്. നിരപരാധിയായ ഒരു അമ്മയുള്ള അവസാന തലമുറയാണ് നമ്മളെന്നായിരുന്നു മറ്റൊരു കുറിപ്പ്. അമ്മയാണ് വിജയിച്ചതെന്നും ചാറ്റ്ജിപിടി തോറ്റെന്നും ചിലരെഴുതി.


