രണ്ട് കുടുംബങ്ങളും പരസ്പരം വളരെ ദയയോടെയാണ് പെരുമാറിയത്. വോങ് എന്ന രാഷ്ട്രീയക്കാരൻ പറഞ്ഞത്, തന്റെ അയൽക്കാരുടെ സന്തോഷകരമായ ദിനത്തെ ബാധിക്കുന്നതൊന്നും ചെയ്യാൻ താൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്.

ഇന്ത്യൻ വിവാഹങ്ങൾ വളരെ വലിയ ആഘോഷമാണ്. അങ്ങേയറ്റം സന്തോഷം നിറഞ്ഞുനിൽക്കുന്ന നിമിഷങ്ങളാണ് വിവാഹാഘോഷം സമ്മാനിക്കുന്നത്. എന്നാൽ, ശവസംസ്കാരങ്ങളോ ദുഃഖവും വേദനയും നിറഞ്ഞതായിരിക്കാം. പക്ഷേ, മലേഷ്യയിലെ ഒരു തെരുവിൽ അടുത്തടുത്തായി ഒരേ സമയം വിവാഹാഘോഷവും, സംസ്കാരച്ചടങ്ങളും നടന്നു.

അതെ, മലേഷ്യയിലെ നെഗേരി സെമ്പിലാൻ സ്റ്റേറ്റിലെ ടാമ്പിൻ പട്ടണത്തിലാണ്, ജൂലൈ 5 -ന് വളരെ വ്യത്യസ്തമായ രണ്ട് ചടങ്ങുകൾ ഒരേ തെരുവിൽ നടന്നത്. ഒരിടത്ത് ഇന്ത്യൻ വിവാഹവും , മറ്റൊരു ഭാ​ഗത്ത് ചൈനീസ് ശവസംസ്കാരവുമാണ് നടന്നത്. പരസ്പരം ബഹുമാനിച്ചും ഐക്യം കാണിച്ചും ഇരുകൂട്ടരും തങ്ങളുടെ ചടങ്ങുകൾ നടത്തി.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ചൈനീസ് വംശജനായ ഒരു ലോക്കൽ ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി നേതാവിന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങായിരുന്നു ഇവിടെ നടന്നത്. തെരുവിന്റെ മറുഭാ​ഗത്താവട്ടെ, ഒരു ഇന്ത്യൻ കുടുംബം വിവാഹ ആഘോഷത്തിനായി ഹാൾ ബുക്ക് ചെയ്തിരുന്നു.

രണ്ട് കുടുംബങ്ങളും പരസ്പരം വളരെ ദയയോടെയാണ് പെരുമാറിയത്. വോങ് എന്ന രാഷ്ട്രീയക്കാരൻ പറഞ്ഞത്, തന്റെ അയൽക്കാരുടെ സന്തോഷകരമായ ദിനത്തെ ബാധിക്കുന്നതൊന്നും ചെയ്യാൻ താൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്. തന്റെ അമ്മ 94 -ാമത്തെ വയസ്സിൽ സമാധാനപരമായിട്ടാണ് മരിച്ചത്. അതിനാൽ ചൈനീസ് സംസ്കാരത്തിലെ 'സന്തോഷം നിറഞ്ഞ സംസ്കാരച്ചടങ്ങുകൾ' തന്നെ അമ്മയ്ക്ക് നൽകാനാ​ഗ്രഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം മതപരമായ ചടങ്ങുകളൊന്നും തന്നെ നടത്തുന്നില്ല എന്നും അതിനാൽ വിവാഹത്തിന്റെ ആഘോഷം തുടരാമെന്നും അദ്ദേഹം ഇന്ത്യൻ കുടുംബത്തെ അറിയിച്ചു. അതേസമയം ഇന്ത്യൻ കുടുംബമാകട്ടെ സം​ഗീതത്തിന്റെ ശബ്ദം കുറച്ചും അതിഥികളോട് സംസ്കാരചടങ്ങുകൾ നടക്കുന്നിടത്ത് നിന്നും മാറി വാഹനം പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചും പരമാവധി ബഹുമാനം ചൈനീസ് കുടുംബത്തിനും നൽകി.

പല സ്ഥലങ്ങളിലും വിവാഹസമയത്തുള്ള മരണം അശുഭകരമായി കണക്കാക്കാറുണ്ട്. എന്നാൽ, മലേഷ്യയിൽ നടന്ന ഈ സംഭവം ഐക്യത്തെ കുറിച്ചും പരസ്പരബഹുമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്നതാണ്.