താൻ ഈ റൈഡ് കാൻസൽ ചെയ്യാമെന്നും മറ്റൊരു ടാക്സി വിളിച്ച് പോകാമെന്നും യുവതി ഡ്രൈവറോട് പറഞ്ഞു. എന്നാൽ, അതിനുശേഷമുള്ള ഡ്രൈവറുടെ പ്രതികരണമാണ് യുവതിയെ ഞെട്ടിച്ചത്.
ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാവും. അപരിചിതനായ ഒരാൾ കാണിക്കുന്ന ചെറിയ ചില കരുതലുകൾ നമ്മുടെ ദിവസത്തെ തന്നെ മാറ്റിമറിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധ നേടുന്നത്.
റെഡ്ഡിറ്റിൽ @Ok_Box3456 എന്ന യൂസറാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഊബർ ഡ്രൈവറെ ദൈവം അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സമ്മർദ്ദം നിറഞ്ഞ ഒരു നിമിഷത്തെ അദ്ദേഹം എങ്ങനെ ആശ്വാസകരമാക്കി മാറ്റിയെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു. 'ഇന്നലെ രാത്രി പത്തരയോടെ സഹപ്രവർത്തകരോടൊപ്പം ഔട്ടിംഗിന് പോയി. ശേഷം വീട്ടിലേക്ക് മടങ്ങാൻ വേണ്ടി ഊബർ ബുക്ക് ചെയ്തു. ഒരു മിനിറ്റിനുള്ളിൽ തന്നെ ഊബർ എത്തി, OTP നൽകി, യാത്ര തുടങ്ങി. സിംപിളാണ് ശരിയല്ലേ' എന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
എന്നാൽ, വണ്ടിയിൽ കയറി അധികം കഴിയും മുമ്പ് തന്നെ അവൾ തന്റെ തെറ്റ് തിരിച്ചറിഞ്ഞു. വീട്ടിലെ അഡ്രസ്സിന് പകരം നൽകിയിരിക്കുന്നത് ഓഫീസിലെ അഡ്രസാണ്. അപ്പോൾ തന്നെ ഊബർ ഡ്രൈവറോട് അഡ്രസ് മാറിപ്പോയി, വണ്ടി നിർത്തൂ ഡ്രോപ്പ് ഓഫ് മാറ്റിക്കൊടുക്കാം എന്ന് പറഞ്ഞു. എന്നാൽ, വീടും ഓഫീസും രണ്ട് ദിശയിലായിരുന്നു. അതിനാൽ തന്നെ ഡ്രൈവർ വിസമ്മതിച്ചു.
താൻ ഈ റൈഡ് കാൻസൽ ചെയ്യാമെന്നും മറ്റൊരു ടാക്സി വിളിച്ച് പോകാമെന്നും യുവതി ഡ്രൈവറോട് പറഞ്ഞു. എന്നാൽ, അതിനുശേഷമുള്ള ഡ്രൈവറുടെ പ്രതികരണമാണ് യുവതിയെ ഞെട്ടിച്ചത്. 'മാം, നിങ്ങൾ മറ്റൊരു ടാക്സി പിടിച്ചു പോയ്ക്കോളൂ, എന്നാൽ അത് വരുന്നത് വരെ വണ്ടിയിൽ തന്നെ ഇരുന്നോളൂ. പുറത്ത് നിൽക്കുന്നത് സുരക്ഷിതമല്ല' എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്.
ആ പ്രതികരണം തന്റെ ഹൃദയത്തെ സ്പർശിച്ചു എന്നും തനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു എന്നുമാണ് യുവതി പറയുന്നത്. താൻ ഭക്ഷണം കഴിച്ചിട്ടില്ല, വയ്യ, മാത്രമല്ല വീട്ടിലേക്ക് പോവുകയായിരുന്നു. അത് യുവതി ആദ്യം നൽകിയ അഡ്രസിന് അടുത്തായിരുന്നു. അതാണ് താൻ യുവതിയെ കൊണ്ട് വിടാത്തത് എന്നും ഡ്രൈവർ പറഞ്ഞു. മാത്രമല്ല, അവളുടെ അടുത്ത ടാക്സി വരും വരെ അദ്ദേഹം അവൾക്ക് കൂട്ടിരിക്കുകയും ചെയ്തു. നിരവധിപ്പേരാണ് അജ്ഞാതനായ ആ ഊബർ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
