ഗം​ഗാ ആരതി നടത്തേണ്ടത് ​ഗം​ഗയിലാണ് അല്ലാതെ കാനഡയിൽ ഏതെങ്കിലും നദിയിൽ അല്ല എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്.

കാനഡയിലെ നദീതീരത്ത് ​ഗം​ഗാ ആരതി സംഘടിപ്പിച്ച് ഇന്ത്യക്കാർ. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കാനഡയിലെ മിസിസാഗയിലെ എറിൻഡേൽ പാർക്കിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് ഇന്ത്യക്കാർ ഗംഗാ ആരതി നടത്തുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.

വാരണാസിയിലെയും ഹരിദ്വാറിലെയും ഘാട്ടുകളിൽ നടക്കുന്ന പ്രശസ്തമായ ആരതികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഈ ആരതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പ്രിയങ്ക ഗുപ്ത എന്ന യൂസറാണ്.

ഒരു ദശാബ്ദത്തിലേറെയായി കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരിയാണ് പ്രിയങ്ക ഗുപ്ത. 'കാനഡയിലെ ഗംഗാ ആരതി - ഗംഗയിൽ നിന്ന് മൈലുകൾ അകലെ... വാരണാസിയുടെയോ ഹരിദ്വാറിന്റെയോ തീരങ്ങളിലല്ല, മറിച്ച് ഇവിടെ കാനഡയിലാണ് ഇത് നടക്കുന്നത്. വിദേശത്താണ് താമസിക്കുന്നത് എങ്കിലും നമ്മൾ ആരാണ് എന്നതിനെ ഉപേക്ഷിക്കാൻ കഴിയില്ല. ഞങ്ങൾ എൻആർഐകളായിരുന്നില്ല, ഞങ്ങൾ വെറും ഇന്ത്യക്കാരായിരുന്നു, ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ കാണുന്നത്, ഇന്ത്യയിലെ ​ഗം​ഗാ തീരത്ത് നടത്തുന്ന ആരതിക്ക് സമാനമായിട്ടുള്ള ആരതി ഇന്ത്യക്കാരായ ആളുകൾ‌ കാനഡയിലെ നദിയുടെ തീരത്തും നടത്തുന്നതാണ്.

എന്നാൽ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സമ്മിശ്രപ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ചിലരെല്ലാം ഇതിനെ അനുകൂലിക്കുകയും അഭിനന്ദിക്കുകയും ചെയ്തപ്പോൾ ചിലർ രൂക്ഷഭാഷയിലാണ് ഇതിനെ വിമർശിച്ചത്. ​ഗം​ഗാ ആരതി നടത്തേണ്ടത് ​ഗം​ഗയിലാണ് അല്ലാതെ കാനഡയിൽ ഏതെങ്കിലും നദിയിൽ അല്ല എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്.

മറ്റ് ചിലർ പറഞ്ഞത്, അവിടെയുള്ള നദികളെ മലിനപ്പെടുത്തരുത് എന്നാണ്. ഇങ്ങനെ ഒരു കാര്യം ചെയ്യണമെങ്കിൽ ഇന്ത്യയിലേക്ക് വന്നുകൂടേ എന്തിനാണ് കാനഡയിൽ ഇത് ചെയ്യുന്നത് എന്ന് പലരും ചോദിച്ചു. അതേസമയം ഒരാൾ പറഞ്ഞത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. 'വരൂ, നമുക്ക് ​ഗം​ഗയെ ശുചീകരിക്കാം' എന്നായിരുന്നു അയാളുടെ കമന്റ്.

ഏറ്റവും അധികം കമന്റുകൾ നൽകിയിരിക്കുന്നത് ഇന്ത്യക്കാർ തന്നെയാണ്. 'ഇന്ന് ​ഗം​ഗാ ആരതി നടത്തി, നാളെ കുംഭമേള നടത്തുമോ?', 'വെറുതെയല്ല, വിദേശികൾ നമ്മെ വെറുക്കുന്നത്', 'കാനഡയിൽ ഉള്ളവർ പ്രകൃതിയെ ബഹുമാനിക്കുന്നവരാണ്', 'അവരുടെ നാട്ടിലെത്തിയാൽ അതുപോലെ പെരുമാറണം' തുടങ്ങിയ കമന്റുകളാണ് മിക്കവാറും ഇന്ത്യക്കാർ തന്നെ നൽകിയിരിക്കുന്നത്.