'ഇന്ത്യയിലെ ആദ്യത്തെ സൂര്യോദയം നിങ്ങൾക്ക് ഇവിടെ കാണാം'; വീഡിയോയുമായി നാഗാലാൻഡ് ടൂറിസം മന്ത്രി
അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‌വരയുടെ ആകർഷകമായ ഏരിയൽ വ്യൂ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിലൂടെ ഒരു വാഹനം പോകുന്നത് വീഡിയോയിൽ കാണാം.

നാഗാലാൻഡിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രകൃതിസൗന്ദര്യം വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നാഗാലാൻഡ് ടൂറിസം, ഉന്നത വിദ്യാഭ്യാസ മന്ത്രി ടെംജെൻ ഇമ്ന അലോംഗ് സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്കുവെക്കാറുണ്ട്. വിനോദസഞ്ചാരികളെ സംസ്ഥാനത്തെ ടൂറിസം മേഖലയിലേക്ക് ആകർഷിക്കുക എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ സൂര്യോദയം കാണാൻ സാധിക്കുന്ന അരുണാചൽ പ്രദേശിലെ താഴ്‌വര കാണിക്കുന്ന ആകർഷകമായ ഒരു വീഡിയോയാണ്.
"വളരെ ലളിതമായി ഗൂഗിൾ ചെയ്‍തു നോക്കൂ, ഇത് കാണൂ" എന്ന കാപ്ഷനാണ് വീഡിയോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. "ഡോങ് വാലി: ഇന്ത്യയിലെ ആദ്യ സൂര്യോദയം" എന്നും അദ്ദേഹം വീഡിയോയിൽ എഴുതിയിരിക്കുന്നു. അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‌വരയുടെ ആകർഷകമായ ഏരിയൽ വ്യൂ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിലൂടെ ഒരു വാഹനം പോകുന്നത് വീഡിയോയിൽ കാണാം.
ആ റോഡ് പതിയെ മേഘങ്ങളിലേക്ക് മറഞ്ഞു മറഞ്ഞു പോകുന്നതും വീഡിയോയിൽ കാണാം. ഡോങ് വാലി സ്ഥിതി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്. ഇത് ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള ഗ്രാമം മാത്രമല്ല, ഇന്ത്യ, ചൈന, മ്യാൻമർ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണ്. അതുപോലെ തന്നെ, കാറിൽ എത്തിച്ചേരാവുന്ന ഏറ്റവും കിഴക്കേ അറ്റത്തുള്ള സ്ഥലങ്ങളിൽ ഒന്നാണിത്.
1999 -ലാണ് ആദ്യത്തെ സൂര്യോദയം ഡോങ് വാലിയിലാണ് അനുഭവപ്പെടുന്നത് എന്ന് കണ്ടെത്തുന്നത്. അതോടെ അരുണാചൽ പ്രദേശ് 'ഉദയസൂര്യന്റെ നാട്' എന്ന് അറിയപ്പെട്ട് തുടങ്ങി. ഏതായാലും ടെംജെൻ ഇമ്ന അലോംഗ് പങ്ക് വച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളെ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്.