Asianet News MalayalamAsianet News Malayalam

population growth : ഇന്ത്യയിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിൽ, പ്രധാന കാരണങ്ങൾ ഇവ?

ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. 

indias population growth slows
Author
India, First Published Nov 30, 2021, 11:56 AM IST

ദശാബ്ദങ്ങളിൽ ആദ്യമായി, ഇന്ത്യയുടെ ജനസംഖ്യാ വളർച്ച(Population Growth) മന്ദഗതിയിലായെന്ന് അഞ്ചാമത്‌ ദേശീയ കുടുംബാരോഗ്യ സർവേ(India’s National Family Health Survey) റിപ്പോർട്ട് ചെയ്യുന്നു. ചൈന ഉപയോഗിക്കുന്നതുപോലുള്ള നിർബന്ധിത കുടുംബാസൂത്രണ രീതികൾ ഒന്നുമില്ലാതെ തന്നെ രാജ്യത്തെ ജനസംഖ്യയിൽ ഇടിവ് വന്നിരിക്കുന്നു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം പ്രത്യുല്പാദന നിരക്ക് 2.0 ആയി കുറഞ്ഞു. രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ ഇത് ഇതിലും കുറവായിരുന്നു. അതേസമയം, 2015 -ൽ ഇത് 2.2 ആയിരുന്നു.

പട്ടിണി കുറയുന്നതും, കുടുംബാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുന്നതും എല്ലാം അതിന്റെ കാരണങ്ങളായി ഗവേഷകർ പറയുന്നു. ആളുകൾ ഗർഭനിരോധന മാർ​ഗങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതും ഇതിന് കാരണമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയിലെ പുരോഗതി, സ്ത്രീകളുടെ ഉയർന്ന വിവാഹപ്രായം, നഗരവൽക്കരണം എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ പറയുന്നു. നഗരങ്ങളിലെ സ്ത്രീകൾ അധികം കുട്ടികളെ ആഗ്രഹിക്കുന്നില്ലെന്നത് നഗരങ്ങളിലെ പ്രത്യുല്പാദന നിരക്ക് കുറച്ചു.  

ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. എങ്കിലും, അവയും പുരോഗതി കൈവരിക്കുന്നതായി പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2027 -ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രവചിച്ചിരുന്നു. എന്നാൽ പ്രത്യുല്പാദന നിരക്ക് കുറയുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുന്നത് വൈകുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ പറയുന്നു.

എന്നാൽ, ജനസംഖ്യ കുറയുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണോ? ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2035 -ഓടെ ഇന്ത്യയിൽ യുവാക്കളുമായി തട്ടിച്ച് നോക്കുമ്പോൾ പ്രായമായവരുടെ എണ്ണം കൂടും. യുവാക്കൾ കുറയുകയും, പ്രായമായവർ കൂടുകയും ചെയ്താൽ രാജ്യത്തിന്റെ സാമ്പത്തിക, തൊഴിൽ മേഖലകളിൽ അത് ബാധിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  

Follow Us:
Download App:
  • android
  • ios