ലോകമാകെ കനത്ത ആശങ്ക നൽകിക്കൊണ്ടാണ് കൊവിഡ് 19 എന്ന മഹാമാരി പടർന്നുപിടിച്ചത്. ആമസോൺ മഴക്കാടുകളിലെ ഗോത്രവിഭാഗക്കാരെ വളരെ അപകടകരമായ രീതിയിലാണ് ഈ മാഹാമാരി ബാധിച്ചിരിക്കുന്നത്. നേരത്തെതന്നെ നിലനിൽപ്പിൽ ഭീഷണി നേരിടുന്ന ജനതയാണ് ഇവിടെയുള്ള ഗോത്രസമൂഹങ്ങൾ. കണ്ടമാനമുള്ള കാട് കയ്യേറ്റവും അവഗണനയുമെല്ലാം ഭീഷണിയുടെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. കൊറോണ കൂടി വ്യാപിച്ചതോടെ തങ്ങളുടെ ജനതയാകെ ഈ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെടുമോ എന്ന ആശങ്കയിലാണ് ഇവിടെ ജനങ്ങൾ. തദ്ദേശീയരായ ഈ ജനങ്ങൾക്കിടയിൽ കൊവിഡ് 19 പടർന്നുപിടിക്കുകയാണ്. സർക്കാരിൽ നിന്നോ ഉത്തരവാദിത്തപ്പട്ടവരിൽനിന്നോ ചികിത്സയോ പരിഗണനയോ കിട്ടാത്തതിനെ തുടർന്ന് തങ്ങളുടേതായ പ്രതിരോധ മാർഗങ്ങൾ തീർക്കുകയാണ് ഇപ്പോൾ ഗോത്രവിഭാഗങ്ങൾ. 

അയ്യായിരത്തോളം വരുന്ന ഹുനി കുയിൻ ജനങ്ങളുടെ നേതാവാണ് നിനാവ. ഒരേയൊരു കുടുംബത്തിൽ മാത്രമാണ് രോഗം ബാധിച്ചിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. പക്ഷേ, മറ്റ് കുടുംബങ്ങളിൽ ഭൂരിഭാഗം പേർക്കും സമാനരീതിയിലുള്ള രോഗലക്ഷണങ്ങളുണ്ട്. നമ്മുടെ വിഭാഗത്തിലെ 90 ശതമാനം പേർക്കും രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത് -നിനാവ പറയുന്നു. 

നിനാവയേയും രോഗം ബാധിച്ചിരുന്നു. ഒരു മാസത്തിലധികം അദ്ദേഹം ഐസൊലേഷനിൽ കഴിയുകയും ചെയ്തു. എന്നാൽ, പലർക്കും രോഗത്തെ അതിജീവിക്കാനായില്ല. റാന്റിസാൽ എന്ന 96 വയസുകാരൻ രോഗം ബാധിച്ചു മരിച്ചവരിലൊരാളാണ്. നാട്ടിലെ 'മനുഷ്യ വായനശാല' എന്നറിയപ്പെടുന്നയാളായിരുന്നു അദ്ദേഹം. കാരണം, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു. കൊവിഡുമായുള്ള രണ്ടാഴ്ച നീണ്ട പോരാട്ടത്തിനൊടുവിൽ നൂറ്റിയാറുകാരി സാമ്പുവാനിയും മരണത്തിന് കീഴടങ്ങി. തദ്ദേശീയരുടെ നേതാക്കൾ പറയുന്നത് കൊവിഡിനോട് പോരാടാനവശ്യമായ ചികിത്സാ സംവിധാനങ്ങളൊന്നും തന്നെ അവർക്ക് ലഭ്യമാക്കുന്നില്ല എന്നാണ്. അതുകൊണ്ട് പരമ്പരാഗതമായ ചെടികളും മറ്റുമാണ് അവർ ചികിത്സക്കായി ഉപയോഗിക്കുന്നത്. 

എന്റെ സമുദായത്തിലെ രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ പോയത്. മറ്റ് ഭൂരിഭാഗം പേരും നാട്ടിൽത്തന്നെയുള്ള പലരെയും കണ്ട് ഔഷധസസ്യങ്ങളെയും മറ്റും ആശ്രയിക്കുകയായിരുന്നു. ആരോഗ്യരംഗത്തുനിന്നുള്ളവരുടെ സഹായത്തിനായി കാത്തുനിന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയും കൂടുതൽ മരണങ്ങളുണ്ടാവുകയും ചെയ്യുമെന്നാണ് തോന്നുന്നത്. കാരണം, ഈ മഹാമാരിയെ തുടർന്ന് എല്ലാവരും കിടപ്പിലായാൽ ഹെൽത്ത് സർവീസിൽ നിന്നും ആരും ഈ ഗ്രാമത്തിലേക്ക് തിരിഞ്ഞുപോലും നോക്കില്ല എന്നും നിനാവ പറയുന്നു.

സർക്കാർ സഹായങ്ങളൊന്നും തന്നെ ലഭ്യമാകുന്നില്ലായെന്നത് തദ്ദേശീയരായവർക്കിടയിൽ കനത്ത രോഷമുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച് തുടങ്ങിയപ്പോൾ തന്നെ മാസ്‌കുകൾ ലഭ്യമായിരുന്നുവെങ്കിൽ ആളുകളിൽ നിന്നും ആളുകളിലേക്ക് രോഗം പകരുന്നത് വലിയ തോതിൽ കുറയുമായിരുന്നു. എന്നാൽ, ഞങ്ങൾക്കത് ലഭിച്ചിരുന്നില്ല. ഞങ്ങൾക്ക് ഹാൻഡ് സാനിറ്റൈസറോ, മാസ്‌കോ ഇല്ലായിരുന്നു നിനാവ കൂട്ടിച്ചേർക്കുന്നു.

ആമസോണിലെ തദ്ദേശീയരിൽ എട്ടുപേരിലൊരാൾക്ക് എന്ന തോതിൽ  കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദരും വിലയിരുത്തുന്നത്. അവരുടെ മരണനിരക്ക് ബ്രസീലിന്റെ ശരാശരിയേക്കാൾ 150% കൂടുതലാണ്. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വെറാ ഒലിൻഡ സെനാ ഡേ പൈവ പറയുന്നു:  

തദ്ദേശീയരായ ജനങ്ങൾക്ക് അവരുടേതായ ജീവിതരീതിയാണ്. അവരെല്ലാം അയൽക്കാരുമായും ചുറ്റുമുള്ളവരുമായും പങ്കുവെച്ചുകൊണ്ട് ജീവിക്കുന്നവരാണ്. അതുപോലെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും മറ്റ് ജനങ്ങളെ അപേക്ഷിച്ച് അവരിൽ വളരെ ദുർബലമാണ്. കൊറോണ വൈറസിനെ കുറിച്ചാവട്ടെ വളരെ കുറച്ച് കാര്യമേ നമുക്കറിയൂ. എന്നാൽ, അത് സമ്പർക്കം വഴി പകരുമെന്ന് നമുക്കറിയാം. 

എന്നാൽ, ഇന്ന് കൊവിഡിനെതിരെ തങ്ങളുടേതായ വഴികളിൽ ചില ഗോത്രവിഭാഗങ്ങൾ പ്രതികരിക്കുന്നുണ്ട്. അഷനിങ്ക ജനങ്ങൾ പുഴയുടെ തീരത്തായി കൊവിഡ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നു. സമുദായ നേതാവായ ബെങ്കി പിയാകോ പറയുന്നു, 

ഞങ്ങളെല്ലാവരും ഒന്നുചേർന്ന് തീരുമാനിച്ചിരിക്കുകയാണ്. പുറത്ത് നിന്നും ആരെയും വരാനനുവദിക്കില്ല. പുറത്തുനിന്നുള്ളവരുമായി ഒരുതരത്തിലും ബന്ധപ്പെടാതെ ഐസൊലേറ്റ് ചെയ്യും. ഞങ്ങൾ ഞങ്ങളുടേതായ മതിലുകൾ തീർക്കും. അതുവഴി ആവശ്യമായ മുൻകരുതലുകളെടുക്കും. അതിനായിട്ടാണ് നദിയിൽ ഈ ഉപരോധം ഞങ്ങൾ തീർത്തിരിക്കുന്നത്. സമുദായം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. അത്യാവശ്യത്തിന് നേതാക്കൾ മാത്രം പോവുകയും വരികയും ചെയ്യുന്നു. അങ്ങനെ പോയിവരുന്നവർ ക്വാറന്റൈനിലിരിക്കും. അങ്ങനെ ഇനിയാർക്കും രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കും. 

ആവശ്യത്തിനുള്ള സാധനസാമഗ്രികൾക്കായി അവർ സമീപത്തെ ടൗണിലേക്ക് ഫോണിലൂടെ ഓർഡർ നൽകുന്നു. ബോട്ടുകളിൽ ഗ്രാമത്തിലേക്ക് സാധനങ്ങളെത്തിക്കുന്നു. അഷാനിങ്ക ജനങ്ങൾക്കിടയിൽ അടുത്തയിടെ രോഗമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഷാനിങ്ക സമൂഹം ഏറ്റവും ഒടുവിലായി നേരിടുന്ന ദുരിതമാണ് കൊവിഡ് 19. അതിന് മുമ്പ് തന്നെ വനനശീകരണത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും കാട്ടുതീയുടെയും ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണത്. 

ജലമലിനീകരണം, വനനശീകരണം, കാട്ടുതീ, കാലാവസ്ഥാ വ്യതിയാനങ്ങൾ, മലിനീകരണം ഇതെല്ലാം ഞങ്ങളെ ബാധിക്കുന്നുണ്ട്. അത് മരണത്തിലേക്കും നയിക്കുന്നുണ്ട്. എനിക്കറിയാം, പുഴയോ കാടോ ഒന്നും ഇനിയും നിലനിൽക്കില്ലെന്ന്. ഭൂമിയും നദികളും എല്ലാം വരണ്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് നാം കാണിക്കുന്ന ബഹുമാനമില്ലായ്മയുടെ കൂലിയാണ് നമുക്ക് തിരിച്ചുകി‌ട്ടുന്നത്. ബെങ്കി പിയാകോ ഓർമ്മിപ്പിക്കുന്നു. 

ഈ സമയത്ത് പരസ്പരം ചേർന്നുനിന്ന് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാൻ ഞങ്ങളാ​ഗ്രഹിക്കുന്നു. കാരണം, ഒറ്റയ്‌ക്കൊറ്റയ്ക്ക് ആർക്കും ഈ മഹാമാരിയെത്തോൽപ്പിക്കാനാവില്ല. ഹുനി കുയിൻ ജനങ്ങൾക്കന്നപോലെ ഞാനാഗ്രഹിക്കുകയാണ് മറ്റ് സമുദായങ്ങളും അവരുടേതായ മാർഗങ്ങൾക്കും പോരാട്ടത്തിനും രൂപം നൽകണമെന്ന്. അത് നഗരത്തിൽ ജീവിക്കുന്നവരായിക്കോട്ടെ വേറെവിടെയെങ്കിലും ജീവിക്കുന്നവരായിക്കോട്ടെ ഇത് എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഏതെങ്കിലും ഒരാളെയോ ഒരു സ്ഥാപനത്തിനെയോ മാത്രം ബാധിക്കുന്ന ഒന്നല്ല നിനാവ പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ബിബിസി, ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്)