വേദനയോടെ നിലത്തേക്കിരുന്ന യാത്രക്കാരിയുടെ കാല്‍ വിമാനത്തില്‍ വച്ച് തടവിക്കൊടുക്കുന്ന ഒരു കാബിന്‍ ക്രൂ അംഗത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കും ഈ രംഗമെന്ന കാര്യത്തില്‍ സംശയമില്ല.
ഹൃദയത്തെ സ്പർശിക്കുന്ന പോസ്റ്റുകൾ കൊണ്ട് ചിലപ്പോൾ സോഷ്യൽ മീഡിയ നമ്മുടെ ദിവസങ്ങളെ അതിമനോഹരമാക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഡിഗോയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരിയാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു പ്രായമായ സ്ത്രീയുടെ കാലുകൾ തടവിക്കൊടുത്തതിനെ കുറിച്ചാണ് ജെന്നിഫർ എന്ന യുവതിയുടെ പോസ്റ്റ്. ഇത്തരത്തിലുള്ള അനുഭവം കൂടി ചേർന്നതാണ് ഒരു കാബിൻ ക്രൂവിന്റെ ജോലി, അത് പറക്കുക മാത്രമല്ല എന്നും ജെന്നിഫർ പറയുന്നു.
ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം;
ഞാൻ എന്റെ ഭക്ഷണം കഴിക്കാൻ ഇരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് ഒരു സ്ത്രീ എന്റെ മുന്നിൽ വന്നിരുന്നത്. അവർ കുറച്ചു മിനിറ്റുകൾ മാത്രമേ അവിടെ കാണൂ എന്നാണ് ഞാൻ കരുതിയത്. എന്നാൽ, പെട്ടെന്നാണ് അവർ കടുത്ത വേദനയോടെ കാൽമുട്ടുകളും കണങ്കാലുകളും അമർത്തുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
ആ നിമിഷം, ചുറ്റുമുള്ളതെല്ലാം എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയി. എനിക്ക് അവിടെ വെറുതെയിരുന്ന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ഞാൻ അവരോട് സഹായിക്കട്ടെയെന്ന് ചോദിക്കുകയും അവരുടെ കാലുകൾ തിരുമ്മി കൊടുക്കാൻ തുടങ്ങുകയും ചെയ്തു. അവർ എന്റെ കൈകളിൽ ഉമ്മ വെക്കുകയും, എന്റെ തല രണ്ടു കൈകൾക്കുമുള്ളിൽ ചേർത്തുപിടിച്ച് ആശ്വാസത്തോടെ എന്നെ നോക്കുകയും ചെയ്ത ആ നിമിഷം... അവരുടെ ഭാഷ എനിക്ക് അത്ര പരിചയമുള്ളതായിരുന്നില്ല. എനിക്ക് മനസ്സിലായ ഒരേയൊരു വാക്ക് തമിഴിലെ 'നന്ദി, 'മ്മാ' എന്നതായിരുന്നു. എന്നെ കണ്ടതിനുപിന്നാലെ എന്റെ സഹപ്രവർത്തകരും അവരെ നടക്കാൻ സഹായിക്കാനായി മുന്നോട്ടുവന്നു.
പിൻകുറിപ്പ്: അവർ അങ്ങനെ വേദനയോടെ ഇരിക്കുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട് പൂർണ്ണമായും എന്റെ സ്വന്തം തീരുമാനപ്രകാരമാണ് ഞാൻ അവരെ സഹായിച്ചത്. അതിനുശേഷം എന്റെ ഉള്ളിലെന്തോ എന്നെന്നേക്കുമായി സുഖപ്പെട്ടതുപോലെ തോന്നി
ക്യാബിൻ ക്രൂ ആയിരിക്കുക എന്നത് നമ്മൾ പറന്നുതീർക്കുന്ന ദൂരങ്ങളെക്കുറിച്ച് മാത്രമല്ല; അത് നമ്മൾ സ്പർശിക്കുന്ന ഹൃദയങ്ങളെക്കുറിച്ചും, നമുക്ക് പങ്കിടാൻ കഴിയുന്ന ശുദ്ധമായ മാനവികതയുടെ നിമിഷങ്ങളെക്കുറിച്ചും കൂടിയാണ്. ഓരോ ദിവസവും ഈ സ്നേഹവും ഊഷ്മളതയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏവർക്കും അന്താരാഷ്ട്ര ക്യാബിൻ ക്രൂ ദിനാശംസകൾ!
നിരവധിപ്പേരാണ് ജെന്നിഫറിന്റെ ഈ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
