മുഹമ്മദ് ജഹാൻ. നാലുമാസമായിരുന്നു അവന് പ്രായം. ഷാഹീൻബാഗിലെ പ്രതിഷേധക്കാരിൽ ഒരാളായിരുന്നു അവന്റെ അമ്മ നാസിയ. വീട്ടിൽ അവനെ വിശ്വസിച്ചേൽപ്പിച്ചു പോരാൻ പറ്റിയ ആരും തന്നെ ഇല്ലാതിരുന്നതുകൊണ്ട് നാസിയ അവനെയും പന്തലിലേക്ക് കൂട്ടിയിരുന്നു. അവിടെ പന്തലിലെ മറ്റുള്ള അമ്മമാർ ജഹാനെ മാറിമാറി എടുക്കും. കളിപ്പിക്കും. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ അവൻ അവിടെ എല്ലാവരുടെയും  പൊന്നോമനയായി മാറിക്കഴിഞ്ഞിരുന്നു. അവന്റെ കവിളിൽ ത്രിവർണ പതാക വരച്ചു കൊടുത്തും, കയ്യിൽ കുഞ്ഞു കൊടി പിടിപ്പിച്ചും അവർ അവനെ ആ സമരത്തിന്റെ മുഖമുദ്രയാക്കി കൊണ്ടുനടന്നിരുന്നു. 

ഷാഹീൻബാഗിലെ സമരങ്ങളിൽ  ഇനി ജഹാനുണ്ടാകില്ല. കഴിഞ്ഞയാഴ്ച ആ മാലാഖക്കുഞ്ഞ് ഈ ലോകം വിട്ടുപോയി. നെഞ്ചിൽ വന്ന കടുത്ത കഫമാണ് അവന്റെ ജീവനെടുത്തത്. മരംകോച്ചുന്ന തണുപ്പാണ് ദില്ലിയിൽ ജനുവരിയിൽ. രാത്രിയിൽ അത് പൂജ്യത്തോടടുക്കും. പുറത്തെ ആ തണുപ്പിൽ കുഞ്ഞിനേയും കൊണ്ടിരുന്ന അമ്മയ്ക്ക് അത് അവനു താങ്ങാനാവുന്നതിലും ഏറെയാണ് എന്ന ബോധ്യമുണ്ടായില്ല. അങ്ങനെ തോന്നിത്തുടങ്ങിയപ്പോഴേക്കും അവനു ശക്തമായ ജലദോഷവും പനിയും ചുമയുമൊക്കെ വന്നുകഴിഞ്ഞിരുന്നു. ചുമ കഫമായി മാറി. കഫം നെഞ്ചിലേക്കിറങ്ങി. അതിനെ അതിജീവിക്കാൻ ആ പാവം കുഞ്ഞിനായില്ല. കഴിഞ്ഞ ദിവസം, ഷാഹീൻ ബാഗിൽ രാത്രി ഒരുമണി വരെ സമരപ്പന്തലിൽ കുത്തിയിരുന്ന് തിരികെവന്ന ശേഷം, അമ്മ നാസിയ  വീട്ടിനുള്ളിൽ മൂത്ത കുഞ്ഞുങ്ങൾക്കൊപ്പം പാലൂട്ടി കിടത്തിയുറക്കിയതാണ് ജഹാനെ. അടുത്ത ദിവസം രാവിലെ അവൻ ഉണർന്നില്ല. അവന്റെ നെഞ്ചിൽ മിടിപ്പോ, മൂക്കിൽ മൂച്ചോ ഉണ്ടായിരുന്നില്ല. ഉറക്കത്തിൽ സ്വന്തം അമ്മയെപ്പോലും അറിയിക്കാതെ പറന്നുപോയ്ക്കഴിഞ്ഞിരുന്നു അവന്റെ പ്രാണൻ. 

''കുഞ്ഞിനേയും കൊണ്ട് ആ തണുപ്പിൽ പ്രകടനത്തിന് പോയിട്ടല്ലേ'' എന്ന് പലരും നാസിയയെ പഴിക്കുന്നുണ്ട്. അവരോടൊക്കെ ആ അമ്മ പറയുന്നതിങ്ങനെയാണ്, "എന്റെ മൂത്തകുട്ടികൾക്ക് ഈ നാട് അന്യമായിപ്പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ പോയത്... ഞാനല്ലാതെ മറ്റാരാണ് അവർക്കുവേണ്ടി പോകാനുള്ളത്..?"  

ബാട്ട്ലാ ഹൗസ് പ്രദേശത്തുള്ള ചേരികളിലൊന്നിൽ തട്ടിക്കൂട്ടിയ ഒരു കുടിലിലാണ് മുഹമ്മദ് ആരിഫും നാസിയയും മൂന്നുപിള്ളേരും താമസിച്ചിരുന്നത്. ജഹാനെക്കൂടാതെ അവർക്ക് അഞ്ചുവയസ്സും ഒരുവയസ്സുമുള്ള രണ്ടു കുട്ടികൾ വേറെയുമുണ്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് അഷ്ടിക്കുള്ള വക തേടി തലസ്ഥാന നഗരിയിൽ വന്നതാണ് അവർ. ആരിഫിന് എംബ്രോയ്ഡറി ജോലിയാണ്. വൈകുന്നേരം വരെ തുന്നൽപ്പണി ചെയ്ത ശേഷം ആയാൽ രാത്രിയിൽ ഓട്ടോയും ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. വീട്ടിലിരുന്നുകൊണ്ട് നാസിയയും ഭർത്താവിനെ എംബ്രോയ്ഡറിപ്പണിയിൽ സഹായിക്കുന്നുണ്ട്. 

സമരം തുടങ്ങിയ ശേഷം അവർ ഒന്നിച്ചുള്ള ഈ ജീവിതസമരത്തിന്റെ താളം പാടെ തെറ്റിയിരുന്നു. നാസിയ മുഴുവൻ സമയവും സമരപ്പന്തലിൽ ആയിരുന്നല്ലോ. ഇപ്പോൾ മകൻ ജഹാൻ അവിചാരിതമായി മരിക്കുക കൂടി ചെയ്തതോടെ അവർ ആകെ തളർന്നിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകളാണ് മകന്റെ നിര്യാണത്തിലൂടെ കെട്ടുപോയിരിക്കുന്നത്. മകൻ രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും, ചെന്നപ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. 

മകന്റെ കഫം അത്രക്ക് പ്രശ്നമുണ്ടാക്കുന്നതാണ് എന്ന് തിരിച്ചറിയാൻ ആ അമ്മ കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. " സർക്കാർ സിഎഎയും എൻആർസിയും ഒന്നും കൊണ്ടുവന്നില്ലായിരുന്നെങ്കിൽ, ഞങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലായിരുന്നു,  മുലകുടി മാറാത്ത മോനെയും കൊണ്ട് എന്റെ ഭാര്യയ്ക്ക് ഷാഹീൻബാഗിലെ പന്തലിലേക്ക് പോകേണ്ടി വരില്ലായിരുന്നു. അവിടത്തെ തണുപ്പേറ്റ് അവനു ജലദോഷവും കഫവും വരില്ലായിരുന്നു. ഇന്നും ഞങ്ങളുടെ ജഹാൻ ഞങ്ങളോടൊപ്പം ജീവനോടുണ്ടാകുമായിരുന്നു" ആരിഫ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

നാസിയ തന്റെ ഭർത്താവിന്റെയും അമ്മയുടെയും ഒക്കെ എതിർപ്പുകളെ നേരിട്ടാണ് സമരപ്പന്തലിലേക്ക് നിത്യം എത്തിയിരുന്നത്. തന്റെ ഗലിയിലെ മറ്റു സ്ത്രീകളെയും അവൾ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. പൗരത്വ നിയമ ഭേദഗതി തനിക്കും തന്റെ സമുദായത്തിനും അത്ര വലിയ അപകടങ്ങളാണ് ഭാവിയിൽ വരുത്താനിരിക്കുന്നത് എന്ന തികഞ്ഞ ബോധ്യമായിരുന്നു നാസിയയുടെ ആ പ്രവൃത്തിക്ക് പിന്നിൽ. അത് തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാക്കും എന്ന ഉത്കണ്ഠ അത്രകണ്ട് അവരെ ബാധിച്ചിരുന്നു. മകൻ മരിച്ച സങ്കടത്തിൽ നിന്ന് പൂർണമായും വിമുക്തയായിട്ടില്ലെങ്കിലും, വീണ്ടും ഷാഹീൻബാഗിലെ സമരപ്പന്തലിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്  നാസിയ...