ഹൈവേയിൽ അമിതവേഗതയിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ്റെ വീഡിയോ വൈറലായി. അപകടത്തിന് ശേഷം ഒട്ടും പതറാതെ എഴുന്നേറ്റ് കാർ ഡ്രൈവർക്ക് 'തമ്പ്സ് അപ്പ്' നൽകിയ യാത്രികൻ്റെ ശാന്തമായ പ്രതികരണമാണ് ഏവരെയും അമ്പരപ്പിച്ചത്. വിക്കി സർക്കാർ എന്നയാൾ പങ്കുവെച്ച ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഹൈവേയിലൂടെ അമിതവേഗതയിൽ പോകുമ്പോൾ കാറുമായി കൂട്ടിയിടിച്ച് തെറിച്ച് വീണിട്ടും, ഒട്ടും പതറാതെ അസാമാന്യമായ ശാന്തത പ്രകടിപ്പിച്ച ബൈക്ക് യാത്രികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിക്കി സർക്കാർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് താൻ നേരിട്ട അപകടത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. അപ്രതീക്ഷിത അപകടം നടന്നിട്ടും ഒട്ടം അസ്വസ്ഥത കാണിക്കാതെ സമചിത്തത പാലിച്ച അദ്ദേഹത്തിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.

എനിക്ക് ഇനി AI-യുടെ ആവശ്യമില്ല

തിരക്ക് അധികമില്ലാത്ത ഹൈവേയിലൂടെ ബൈക്കിൽ പോകുമ്പോഴാണ് കാറുമായി കൂട്ടിയിടിയുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിക്കി തെറിച്ച് പോവുകയും റോഡിൽ വീഴുകയും ചെയ്തു. എന്നാൽ, ഒരു നിമിഷത്തിന് ശേഷം ഒട്ടും പതറാതെ എഴുന്നേറ്റ് കാർ ഡ്രൈവർക്ക് ഒരു 'തമ്പ്സ് അപ്പ്' നൽകുന്ന വിക്കിയുടെ വിഡിയോയാണ് ഏവരെയും അമ്പരപ്പിച്ചത്. 'എനിക്ക് ഇനി AI-യുടെ ആവശ്യമില്ല' എന്ന ക്യാപ്‌ഷനോടെ വിക്കി പങ്കുവെച്ച വീഡിയോ ഇതിനോടകം അറുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്. വിക്കിയുടെ ലാഘവത്തോടെയുള്ള ഈ പെരുമാറ്റം കണ്ട് അമ്പരന്ന സമൂഹ മാധ്യമ ഉപയോക്താക്കൾ, അദ്ദേഹം സുരക്ഷിതനാണോ എന്ന് അന്വേഷിക്കുന്നതിനൊപ്പം രസകരമായ കമന്‍റുകളും എഴുതി.

View post on Instagram

അമിത വേഗതയിൽ

"ബ്രോ ഓക്കെയാണോ? ആ തമ്പ്സ് അപ്പ് എന്തായിരുന്നു? ചിരി വരുന്നു," എന്നായിരുന്നു ഒരാൾ കുറിച്ചത്. "നീ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. അപകടത്തിന് കാരണം നിന്‍റെ ഭാഗത്തെ തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടാകാം, എങ്കിലും നീ സുരക്ഷിതനായി എഴുന്നേറ്റതിൽ സന്തോഷം," എന്ന് മറ്റൊരാൾ കുറിച്ചു. അപകടസമയത്ത് താൻ ഹൈവേയിൽ ഏകദേശം 110-115 kmph വേഗതയിലാണ് യാത്ര ചെയ്തിരുന്നതെന്ന് വിക്കി സർക്കാർ വ്യക്തമാക്കി. ഒരു സ്കൂട്ടർ യാത്രികൻ തന്നെ മറികടന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

അപകടത്തിന് കാരണം

വിക്കി പറയുന്നത് ഇങ്ങനെ, ബൈക്കിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരു സ്കൂട്ടർ യാത്രികൻ എന്നെ ഓവർടേക്ക് ചെയ്തു. ഞാൻ അദ്ദേഹത്തിന് തൊട്ടുപിറകിലായിരുന്നു. അതേസമയം, റോഡിന്‍റെ മധ്യഭാഗത്തുണ്ടായിരുന്ന ഒരു കാർ അല്പം ഇടതുവശത്തേക്ക് മാറി സഞ്ചരിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ എന്‍റെ മുന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികനാണ് അപകടത്തിൽപ്പെടേണ്ടിയിരുന്നത്, എന്നാൽ അത് എനിക്ക് സംഭവിച്ചു," താൻ ഹൈവേയിൽ ഉയർന്ന വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് സമ്മതിച്ച വിക്കി, എന്നാൽ, അത് അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിംഗോ ആയിരുന്നില്ലെന്ന് വ്യക്തമാക്കി. കൂടാതെ, സ്കൂട്ടർ യാത്രികന് ആ സാഹചര്യത്തിൽ കുറച്ചുകൂടി ശ്രദ്ധയോടെ പെരുമാറാമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.